തഴക്കര പുഞ്ചയിലൂടെയുള്ള ബണ്ട് റോഡാണ് മാക്രിമട
മാവേലിക്കര കല്ലുമലയ്ക്കു സമീപം പ്രകൃതിരമണീയമായ മാക്രിമടയിൽ മുന്നൂറോളം വരുന്ന വർണക്കൊക്കുകളുടെ കൂട്ടം വിരുന്നെത്തി. പിങ്ക് നിറമുള്ള ചിറകുകളും ഇടവിട്ടു വരകളുള്ള പൊൻനിറത്തിലുള്ള കൊക്കുകളുമാണ് ഇവയെ ആകർഷകമാക്കുന്നത്. സാധാരണമായി നവംബർമുതൽ മാർച്ചുവരെയുള്ള മാസങ്ങളിൽ തിരുവനന്തപുരം ജില്ലയിലെ പുഞ്ചക്കരി ഭാഗത്ത് തമ്പടിക്കാറുള്ള ദേശാടനപ്പക്ഷികളുടെ വിഭാഗത്തിൽപ്പെട്ട ഇവയെ മാവേലിക്കര ഭാഗത്ത് കാണുന്നത് ആദ്യമായാണെന്ന് പക്ഷിനിരീക്ഷക ദമ്പതിമാരായ രാരു ചെമ്പഴന്തിയും മാവേലിക്കര സ്വദേശിനി സുമിയും പറഞ്ഞു.
ഹിമാലയൻ താഴ്വരകളിൽനിന്ന് ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടി കേരളത്തിലെത്തുന്ന ഇവ മാർച്ചിനുശേഷം രണ്ടു മാസത്തോളം തമിഴ്നാട്ടിലെ മാർത്താണ്ഡത്തിനു സമീപം താവളമാക്കാറുണ്ടെന്നും രാരു പറഞ്ഞു.ഒരേയിനത്തിൽപ്പെട്ട ഇത്രയും പക്ഷികളെ ഒരുമിച്ച് കാണുന്നതും അപൂർവമായാണ്.
തഴക്കര പഞ്ചായത്തിലെ കല്ലുമലയെയും അറനൂറ്റിമംഗലത്തെയും ബന്ധിപ്പിച്ച് തഴക്കര പുഞ്ചയിലൂടെയുള്ള ബണ്ട് റോഡാണ് മാക്രിമട എന്നറിയപ്പെടുന്നത്. വൈകുന്നേരം ഇവിടെ വിശ്രമിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി നിരവധിപ്പേർ എത്താറുണ്ട്. മഴ പെയ്തു പാടത്ത് വെള്ളം ഉയരുമ്പോൾ ചൂണ്ടയിടാനും നിരവധിപേർ എത്താറുണ്ട്.
കൂടാതെ പക്ഷിനിരീക്ഷണം ഹോബിയാക്കിയവരും ഇവിടെയെത്തുന്നുണ്ട്. പെയിന്റഡ് സ്ടോർക്ക്, ബീ ഈറ്റേഴ്സ്, പാരഡൈസ് ഫ്ളൈ കാച്ചേഴ്സ്, ഏഷ്യൻ പാം സ്വിഫ്റ്റ് തുടങ്ങി അൻപതിലധികം പക്ഷിയിനങ്ങളുടെ ആവാസവ്യവസ്ഥയാണ് മാക്രിമടയെന്ന് രാരുവും സുമിയും പറയുന്നു. ബെംഗളൂരുവിൽ സോഫ്റ്റ്വേർ എൻജിനിയർമാരായ ഇരുവരും വർഷങ്ങളായി പക്ഷി നിരീക്ഷണത്തിൽ ഏർപ്പെടുന്നുണ്ട്.
തഴക്കര പഞ്ചായത്തിലെ മൂന്ന്, 17 മുതൽ 21 വരെയുള്ള വാർഡുകളും മാവേലിക്കര നഗരസഭയിലെ പുതിയകാവ് ഭാഗങ്ങളിലായാണ് തഴക്കര പുഞ്ച വ്യാപിച്ചുകിടക്കുന്നത്.
