ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ചിലർക്ക് പൊറോട്ടയും ചിക്കനുമായിരിക്കും ഇഷ്ടം, മറ്റ് ചിലർക്ക് ബിരിയാണിയോടായിരിക്കും താത്പര്യം. എന്നാൽ ഊണ് ഇഷ്ടപ്പെടുന്നവരുമേറെയാണ്.ഊണും, കറികളും, ചിക്കനും, മീൻ പൊരിച്ചതൊക്കെയായി ഭക്ഷണം കഴിക്കാനിഷ്ടപ്പെടുന്നവരുമുണ്ട്. ഒരു തവണ കഴിച്ച് മതിയായില്ലെങ്കിൽ മിക്ക ഹോട്ടലുകളിലും വീണ്ടും ഊണ് വിളമ്പാറുണ്ട്. വയറുനിറയെ കഴിക്കാൻ നൽകുന്ന അവസരം ചിലർ ദുരുപയോഗം ചെയ്യാറുണ്ട്.
ആവശ്യമില്ലെങ്കിലും രണ്ടോ മൂന്നോ തവണ ചോറ് വാങ്ങി അത് പാഴാക്കി കളയുന്നവരുണ്ട്. അങ്ങനെയുള്ളവരിൽ നിന്ന് ഫൈൻ ഈടാക്കുമെന്ന് പറഞ്ഞുകൊണ്ട് "അച്ചായൻ" എന്ന പേരിലുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
'ഊണ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, രണ്ടാമത് ചോറ് വാങ്ങുന്നവർ ഇലയിൽ ബാക്കിവച്ചാൽ അഞ്ച് രൂപ അധികം ഈടാക്കുന്നതാണ്. മൂന്നാമത് ചോറ് വാങ്ങുന്നവർ ഇലയിൽ ബാക്കി വച്ചാൽ 50 രൂപ അധികം ഈടാക്കുന്നതാണ്. മുകളിൽ പറഞ്ഞ കാര്യത്തിന് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകുന്നതല്ല.-അച്ചായൻ'- എന്നാണ് പോസ്റ്റിൽ പറയുന്നത്.
അതേസമയം, ഇത് ഏതാണ് ഹോട്ടലെന്നോ എവിടെയുള്ളതാണെന്നോ വ്യക്തമല്ല. എന്നിരുന്നാലും ഹോട്ടലിന്റെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. വെറുതെ ഭക്ഷണം പാഴാക്കിക്കളയുന്നവർക്ക് ഇത്തരമൊരു ശിക്ഷ അനിവാര്യമാണെന്നും എങ്കിൽ മാത്രമേ അവർ പഠിക്കുകയുള്ളൂവെന്നുമാണ് പലരും പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.