ലോ എർത്ത് ഓർബിറ്റിൽ ഭൂമിയെ ചുറ്റിപ്പറക്കുന്ന ബ്ലൂബേഡ് ഉപഗ്രഹങ്ങള് വഴിയാണ് വോഡഫോൺ ഇത് സാധ്യമാക്കിയത്
സാധാരണ സ്മാർട്ട്ഫോൺ ഉപയോഗിച്ച് കൃത്രിമോപഗ്രഹം വഴി ലോകത്താദ്യമായി വീഡിയോ കോൾ ചെയ്തതായിവോഡഫോൺ. യൂറോപ്പിലെ മൊബൈൽ ഫോണുകൾക്ക് സിഗ്നലില്ലാത്ത വെൽഷ് പർവതനിരകളിലൊരിടത്ത് നിന്നാണ് വീഡിയോ കോൾ ചെയ്തത്. യൂറോപ്പിലെ ഉപഭോക്താക്കൾക്ക് 2026 മുതൽ ഈ സാങ്കേതികവിദ്യ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നതെന്നും വോഡഫോൺഅറിയിച്ചു.
വോഡഫോൺ യൂറോപ്പിന്റെ സി.ഇ.ഒ. മാർഗരീത്ത ഡെല്ല വാല്ലെയ്ക്കാണ് ഉപഗ്രഹം വഴിയുള്ള ആദ്യ വീഡിയോ കോൾ ലഭിച്ചത്. കമ്പനിയിലെ എഞ്ചിനീയറായ റൊവാൻ ചെസ്മെറാണ് മാർഗരീത്തയെ വീഡിയോ കോൾ വഴി വിളിച്ചത്.
'മൊബൈൽ ഫോണിന്റെ മുഴുവൻ അനുഭവവും ലഭ്യമാക്കാൻ കഴിയുന്ന ഉപഗ്രഹ സേവനമാണ് ഞങ്ങൾ ഉപയോഗിച്ചത്. ഇതിനായി സാധാരണ ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ചു. വോയ്സ്, ടെക്സ്റ്റ്, വീഡിയോ, ഡാറ്റാ ട്രാൻസ്മിഷൻ തുടങ്ങി എല്ലാം നിങ്ങൾക്കിതിൽ ലഭ്യമാണ്. അതുകൊണ്ടാണ് ഞങ്ങൾക്ക് പൂർണതോതിൽ വീഡിയോ കോൾ ചെയ്യാൻ കഴിഞ്ഞത്. ഈ സേവനം ഉപഭോക്താക്കളിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.' -മാർഗരീത്ത ഡെല്ല വാല്ലെ പറഞ്ഞു.
എ.എസ്.ടി. സ്പേസ്മൊബൈലിന്റെ ഉപഗ്രഹസേവനമാണ് വോഡഫോൺ പുതിയ സേവനത്തിനായി ഉപയോഗിച്ചത്. താഴ്ന്ന ഭ്രമണപഥത്തിൽ (ലോ എർത്ത് ഓർബിറ്റ്) ഭൂമിയെ ചുറ്റിപ്പറക്കുന്ന അഞ്ച് ബ്ലൂബേഡ് ഉപഗ്രഹങ്ങൾ വഴി സാധാരണ സ്മാർട്ട്ഫോണുകൾക്കായി സെക്കൻഡിൽ 120 മെഗാബിറ്റ് വേഗതയിലാണ് ഡാറ്റ ട്രാൻസ്മിഷൻ നടത്തിയത്. എ.എസ്.ടി. സ്പേസ്മൊബൈലിൽ നിക്ഷേപമുള്ള കമ്പനിയാണ് ബ്രിട്ടനിൽ നിന്നുള്ള വോഡഫോൺ. വോഡഫോണിന് പുറമെ ഗൂഗിൾ, എ.ടി & ടി, വെറൈസൺ എന്നീ കമ്പനികൾക്കും എ.എസ്.ടി. സ്പേസ്മൊബൈലിൽ നിക്ഷേപമുണ്ട്.