![]() |
രോഗം ബാധിച്ച നെൽച്ചെടി |
കുട്ടനാടന്‍ പുഞ്ചകൃഷിക്ക് ഭീഷണിയായി ബ്ലാസ്റ്റ് രോഗ (കുലവാട്ടം) വ്യാപനം. മനുരത്ന ഇനം നെല്ല് കൃഷി ചെയ്ത പാടങ്ങളിലാണ് രോഗം കാണുന്നതെന്നും മഞ്ഞു കൂടുതലുള്ള കാലാവസ്ഥയാണ് ഇതിനു കാരണമെന്നും മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിലെ വിളപരിപാലന വിഭാഗം(അഗ്രോണമി) പ്രഫസര്‍ ഡോ. നിമ്മി ജോസ് പറഞ്ഞു.
കുട്ടനാട്ടില്‍ 25000 മുതല്‍ 30000 വരെ ഹെക്ടറിലാണ് പുഞ്ചകൃഷി നടക്കുന്നത്. ഇതില്‍ ഏകദേശം മൂന്നിലൊന്ന് കൃഷിയിടങ്ങളിലാണ് മനുരത്ന ഇനം നെല്വിത്തിറക്കിയിരിക്കുന്നത്. 7000- 9000 ഹെക്ടറില്‍ മനുരത്നയും 5000 ഹെക്ടറില്‍ പൗര്‍ണമി ഇനവും ബാക്കി 16000-17000 ഹെക്ടറില്‍ ഉമയുമാണ് കുട്ടനാട്ടിലെ പുഞ്ചകൃഷിക്ക് ഉപയോഗിച്ചിരിക്കുന്നത്. മുഞ്ഞയുടെയും ബ്ലാസ്റ്റിന്റെയും ആക്രമണം കൂടുതലും വിളവു കുറവുമുള്ള ഇനമാണ് മനുരത്ന. അതിനാല്‍ ഭൂരിഭാഗം കര്‍ഷകരും ഉമ ഇനം നെല്‍വിത്താണ് കുട്ടനാട്ടിലെ കൃഷിക്കുപയോഗിക്കുന്നത്. ഉമയ്ക്ക് ബ്ലാസ്റ്റിനെ ചെറുത്തുനില്ക്കാനുള്ള ശേഷിയുമുണ്ട്. കഴിഞ്ഞ വര്‍ഷം ചെയ്ത അത്രയും കര്‍ഷകര്‍ ഇത്തവണ മനുരത്ന കൃഷി ചെയ്തിട്ടില്ല.
വിത താമസിച്ച പാടങ്ങളില്‍ മൂപ്പുകുറഞ്ഞ ഇനം എന്ന രീതിയിലാണ് കര്‍ഷകര്‍ മനുരത്ന ഉപയോഗിച്ചത്. കേരള കാര്‍ഷിക സര്‍വകലാശാല 2018 ലാണ് ഈ വിത്തിനം വികസിപ്പിച്ച് കര്‍ഷകര്‍ക്കായി നല്‍കിയത്. കുട്ടനാട്ടില്‍ സാധാരണ കൃഷിചെയ്തു വരുന്ന ഉമ ഇനം മൂപ്പെത്താന്‍ 120-125 ദിവസമെടുക്കുമ്പോള്‍ മനുരത്ന 95-99 ദിവസത്തിനുള്ളില്‍ വിളവെടുക്കാമെന്നതാണ് പ്രധാന പ്രത്യേകത. കേരളത്തിലെ സാധാരണ തണ്ണീര്‍ത്തടങ്ങള്‍ക്കും തൃശൂര്‍ ജില്ലയിലെ കോള്‍ പ്രദേശങ്ങള്‍ക്കും അനുയോജ്യമായ വിത്തിനമായാണ് സര്‍വകലാശാല ഇതിനെ വിശേഷിപ്പിക്കുന്നത്.
വായുവിലൂടെയും വിത്തിലൂടെയും പടരുന്ന കുമിള്‍രോഗമാണ് ബ്ലാസ്റ്റ് അഥവ കുലവാട്ടം. ഇലകളില്‍ കാണുന്ന നീലകലര്‍ന്ന തവിട്ടു പുള്ളിക്കുത്തുകളാണ് ആദ്യ ലക്ഷണം. ക്രമേണ ഇവ വലുതാകുന്നു. കണ്ണിന്റെ ആകൃതിയില്‍ നടുവില്‍ ചാരയും ചുറ്റും തവിട്ടുനിറങ്ങളുമായി ഇത് ഇലകളെ വിഴുങ്ങും. മഞ്ഞും തണുപ്പുള്ള അനുകൂല പരിതസ്ഥിതിയില്‍ ഈ പുള്ളിക്കുത്തുകള്‍ ഇലയില്‍ മൊത്തമായി വ്യാപിച്ച് ഇല മുഴുവന്‍ കരിയും. കതിര് നിരക്കുന്ന സമയത്താണു രോഗബാധ ഉണ്ടാകുന്നതെങ്കില്‍ കതിരിന്റെ കഴുത്ത് ഭാഗത്ത് തവിട്ടുകലര്‍ന്ന കറുപ്പു നിറമുണ്ടാവുകയും കതിര് ഒടിഞ്ഞുപോവുകയും ചെയ്യും. ഇതുകൊണ്ടാണ് ഈ രോഗത്തെ കുലവാട്ടം എന്നു വിശേഷിപ്പിക്കുന്നത്. കുലവാട്ടം ബാധിച്ച കതിരിലെ നെന്മണികള് മിക്കവാറും പതിരായിരിക്കും.
രോഗം രൂക്ഷമാകുമ്പോള്‍ ഓലകള്‍ ഒന്നായി കരിയും. കതിരു പുറത്തുവരുന്ന സമയത്ത് കതിരിന്റെ ആദ്യമുട്ട് രോഗാക്രമണം മൂലം കറുത്ത് ഒടിഞ്ഞു തൂങ്ങും. അപൂര്‍വമായി തണ്ടുകളുടെ ഇടമുട്ട് ഭാഗത്തും രോഗവ്യാപനം ഉണ്ടാകാം. പുഷ്പിക്കുന്നതിനു മുമ്പുവരെയുള്ള കാലഘട്ടത്തില്‍ നെല്ലോലകളുടെ വിസ്തീര്‍ണത്തില്‍ അഞ്ചു മുതല്‍ 10 ശതമാനം വരെ രോഗം ബാധിക്കുകയോ, പുഷ്പിച്ചതിനു ശേഷം അഞ്ചു ശതമാനം വരെ ഇങ്ങനെ രോഗബാധയുണ്ടാവുകയോ ചെയ്താല്‍ അത് കൃഷിനാശത്തിന് വഴിവയ്ക്കും. രോഗബാധയുള്ള പാടശേഖരങ്ങളിലെ കര്‍ഷകര്‍ മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിലെ കീടനിയന്ത്രണ വിഭാഗവുമായി ബന്ധപ്പെടണം.