ആയിരം കോടി രൂപയുടെ സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസിൽ പ്രതിയായ അനന്തുകൃഷ്ണൻ്റെ പരിപാടികളിൽ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവും. മറൈൻ ഡ്രൈവിലെ പരിപാടിയിലാണ് കേന്ദ്രമന്ത്രി ശോഭ കരന്തലജെ ഉദ്ഘാടകയായി എത്തിയത്.
തട്ടിപ്പിന് നേതൃത്വം നൽകിയിരുന്ന SIGN (സൊസൈറ്റി ഫോർ ഇൻ്റെട്രേറ്റഡ് നേഷൻ) സൊസൈറ്റി നിയന്ത്രിച്ചിരുന്നത് ബിജെപി നേതാക്കളാണെന്നും കണ്ടെത്തി. സൊസൈറ്റിയുടെ ചെയർമാൻ ബിജെപി നേതാവ് എ.എൻ. രാധാകൃഷണനാണ്. സൊസൈറ്റിയുടെ തലപ്പത്തിരിക്കുന്ന മറ്റുള്ളവരും ബിജെപി നേതാക്കളാണ്. സൊസൈറ്റി ട്രഷറർ ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയംഗം കെ.ടി. ബിനീഷ്, സൊസൈറ്റി സെക്രട്ടറി ബിജെപി കോട്ടയം ജില്ല കമ്മിറ്റിംഗം രൂപേഷ്, സൊസൈറ്റി സംസ്ഥാന കോർഡിനേറ്റർ ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയംഗം സുനിൽ കളമശേരി എന്നിവരാണ്.
മുഖ്യ പ്രതി അനന്തു കൃഷ്ണൻ്റെ പരിപാടികളിലെ സ്ഥിരം ഉദ്ഘാടകനായിരുന്നു ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണനെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. നിരവധി തവണ സ്കൂട്ടർ വിതരണ പരിപാടികളിൽ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടകനായി എത്തിയിട്ടുണ്ട്. അനന്തു കൃഷ്ണന് പ്രധാനമന്ത്രിയുമായി കൂടി കാഴ്ചയ്ക്ക് അവസരമൊരുക്കിയതും എ.എൻ. രാധാകൃഷ്ണനാണ്. ബിജെപിയിലെ മുതിർന്ന നേതാവിനെതിരെ പാർട്ടിയിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റാണ് എ.എൻ. രാധാകൃഷ്ണൻ.
പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന പേരിൽ സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് പേരിൽനിന്ന് കോടികൾ തട്ടിയ കേസിലെ പ്രതി അനന്തുകൃഷ്ണനെ ന്യായീകരിച്ച് കോൺഗ്രസ് നേതാവും കൂട്ടുപ്രതിയുമായ അഡ്വ. ലാലി വിൻസെന്റ്. അനന്തു തനിക്ക് മകനെ പോലെയാണെന്നും അനന്തുവിനോട് തനിക്ക് നല്ല വാത്സല്യം ഉണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ആ കുട്ടിയെ ബലിയാടാക്കിയതാണെന്നും കേസിന് പിന്നിൽ ദുഷ്ടബുദ്ധികളും രാഷ്ട്രീയ പകപോക്കലാണെന്നും അവർ ആരോപിച്ചു.
‘വക്കീൽ എന്ന നിലയിൽ ഞാൻ കരാറുകൾ ഡ്രാഫ്റ്റ് ചെയ്തു കൊടുത്തിട്ടുണ്ട്. വലിയ വലിയ കമ്പനികളുമായി ചർച്ച നടത്തുമ്പോൾ ലീഗൽ അഡ്വൈസർ എന്ന നിലയിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. അനന്തു തയാറാക്കിയ എഗ്രിമെന്റുകൾ പലതും ഞാൻ ഡ്രാഫ്റ്റ് ചെയ്തതാണ്. അതിന് എനിക്ക് വക്കീൽ ഫീസ് തന്നിട്ടുണ്ട്. സത്യത്തിൽ എന്തിനാണ് എന്നെ പ്രതിയാക്കിയതെന്ന് അറിയില്ല. രാഷ്ട്രീയ പ്രതികാരം ആയിരിക്കാം. അല്ലെങ്കിൽ അനന്തുവുമായി സംസാരിച്ച് ഞാൻ അനന്തുവിനെ രക്ഷിച്ചേക്കാം എന്നത് കൊണ്ടാകാം. എന്തായാലും ഇതിന് പിന്നിൽ പ്രബലരായ ദുഷ്ടബുദ്ധികൾ ഉണ്ട്’ -ലാലി പറഞ്ഞു.
സി.എസ്.ആർ ഫണ്ട് കൊടുക്കും എന്ന് പറഞ്ഞവർ പിൻമാറിയതാണ് പ്രശ്നത്തിന് കാരണമെന്നും അവർ പറഞ്ഞു. 18,000 ബൈക്കും 35000 ലാപ്ടോപ്പും ഏഴരക്കോടിക്ക് ഭക്ഷ്യകിറ്റും കൊടുത്തതായും ലാലി പറഞ്ഞു.സംഭവത്തിൽ കോൺഗ്രസ് നേതാവ് ലാലി വിൻസന്റിനെ ഏഴാം പ്രതിയാക്കി കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.