വിശ്വസിക്കാൻ പറ്റിയെന്ന് വരില്ല ആയിരക്കണക്കിന് ചിലന്തികൾ ഒന്നിച്ചൊരിടത്ത് പറന്നിറങ്ങുന്നതിനെ കുറിച്ചാലോചിച്ചു നോക്കൂ. വെറുതെയൊന്നാലോചിക്കുന്നതുപോലും ചിലന്തിയെ ഭയവും അറപ്പുമുള്ളവർക്ക് ഏറെ ഭയാനകമായ വസ്തുതയാണെന്നതിൽ സംശയമില്ല. എന്നാൽ, അപസർപകകഥകളേയും ഹൊറർ സിനിമകളേയും ഓർമ്മിപ്പിച്ച് ബ്രസീലിൽ നൂറുകണക്കിന് ചിലന്തികൾ ഒന്നിച്ച് 'പറന്നുനടന്നു', ഒരേ വലയിലൂടെ! മീനസ് ഗെരേയിലെ ശാന്തസുന്ദരമായ സാവോ ടൊമേ ദാസ് ലെത്രാസിലാണ് സംഭവം. ആകാശത്തുനിന്ന് ചിലന്തിമഴ പെയ്യുന്നതുപോലെയായിരുന്നു ആ കാഴ്ച. സാമൂഹികമാധ്യമങ്ങളിൽ ഈ ദൃശ്യം മണിക്കൂറുകൾക്കുള്ളിൽ വൈറലാകുകയും ചെയ്തു.
തികച്ചും സാധാരണമായ ഒരു പ്രതിഭാസമാണിതെന്ന് ബയോളജിസ്റ്റായ കെയ്റോൺ പസ്സോസ് ഡെയ്ലി മെയിലിനോട് പ്രതികരിച്ചു. കുറേയധികം ചിലന്തികൾ വലിപ്പമേറിയ വലയിൽ ഒന്നിച്ചെത്തിയതാണ് ഇതിനുകാരണമെന്നും അദ്ദേഹം വിശദീകരിച്ചു. വലിയതോതിലുള്ള ഇണചേരലും അവിടെ നടക്കുന്നുണ്ടായിരുന്നു. പ്രകൃത്യാലുള്ള പ്രതിഭാസമല്ലാതെ അസാധാരമായതൊന്നുമില്ലെന്നും പസ്സോസ് വ്യക്തമാക്കി.
പെൺചിലന്തികളിൽ സ്പേമത്തിക (spermathica) എന്ന ഒരു പ്രത്യേക അവയവമുണ്ട്. ഒന്നിലധികം ഇണകളിൽനിന്നുള്ള ബീജകോശങ്ങളെ ശേഖരിച്ചുവെക്കാൻ സ്പേമത്തിക പെൺചിലന്തികളെ സഹായിക്കും.നിലവിലുള്ള അണ്ഡങ്ങൾക്ക് ബീജങ്ങളുമായി സംയോഗം നടന്നാലും ഭാവിയിലേക്കായി ബീജകോശങ്ങളെ സംഭരിച്ചുവെക്കാൻ സ്പേമത്തികയുടെ സഹായത്തോടെ പെൺചിലന്തികൾക്ക് സാധ്യമാകും, പസ്സോസ് വിശദമാക്കി.
സാധാരണഗതിയിൽ 'ഏകാന്തപഥിക'രായിരിക്കാനാണ് ചിലന്തിയ്ക്ക് താത്പര്യമെങ്കിലും ചില വർഗ്ഗങ്ങളിൽ കോളനികൾ സൃഷ്ടിക്കാനുള്ള സ്വഭാവം കണ്ടുവരുന്നതായി ആർക്കിയോളജിസ്റ്റായ അനാ ലൂസിയ ടൂറിഞ്ഞോ പറഞ്ഞു. ബയോളജിക്കൽ സയൻസസിൽ ഡോക്ടറേറ്റ് ബിരുദം നേടിയ വ്യക്തിയാണ് അനാ ലൂസിയ. അമ്മമാരും പെൺമക്കളും ചേർന്നൊരുക്കുന്നതാണ് ഇത്തരം കോളനികൾ. ഇവർ ഒന്നിച്ച് ഇരപിടിയ്ക്കുകയും ഭക്ഷണം പങ്കുവെക്കുകയും ചെയ്യുന്നു. ഇണചേരലിനുശേഷം ഇവർ പിരിഞ്ഞുപോകുന്നതാണ് പതിവ്.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച വീഡിയോദൃശ്യം ഇത്തരത്തിലുള്ള കോളനിയുടെ ഭാഗമാണോയെന്ന കാര്യം വ്യക്തമല്ല. 2019 ലും സമാനരീതിയിലുള്ള ചിലന്തിക്കൂട്ടം മീനസ് ഗെരേയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.