ആദിവാസി വകുപ്പിന്റെ ചുമതല ഉന്നതകുല ജാതർ വഹിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിന് ഉന്നതകുല ജാതർ മന്ത്രിയാകണമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. മുന്നോക്ക വകുപ്പുകളുടെ ചുമതലയിൽ ഗോത്രവിഭാഗക്കാരനും മന്ത്രിയാകണം. അത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണം. ട്രൈബൽ വകുപ്പ് കിട്ടണമെന്നാണ് ആഗ്രഹിച്ചതെന്നും പറഞ്ഞ സുരേഷ് ഗോപി പക്ഷെ നമ്മുടെ നാട്ടിൽ അതിന് ചില ചിട്ടവട്ടങ്ങളുണ്ടെന്നും വിമർശിച്ചു.
"2016ൽ എംപി ആയ കാലഘട്ടം മുതൽ ഞാൻ മോദിജിയോട് ആവശ്യപ്പെടുന്നുണ്ട്. എനിക്ക് സിവിൽ ഏവിയേഷൻ വേണ്ട.. എനിക്ക് ട്രൈബൽ തരൂവെന്ന്. നമ്മുടെ നാട്ടിലെ മറ്റൊരു ശാപമാണിത്. ഒരു ട്രൈബൽ ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബൽ അല്ലാത്ത ഒരാളാവില്ല. എന്റെ, ആഗ്രഹമാണ്, എന്റെ സ്വപ്നമാണ്, ഒരു ഉന്നതകുല ജാതൻ അവരുടെ ഉന്നമനത്തിനു വേണ്ടി ട്രൈബൽ മന്ത്രിയാകണം. ഒരു ട്രൈബൽ മന്ത്രിയാകാനുണ്ടെങ്കിൽ.. അദ്ദേഹത്തെ മുന്നോക്ക ജാതികളുടെ ഒക്കെ ഉന്നമനത്തിന്റെ മന്ത്രിയാക്കണം. ഈ പരിവർത്തനം ഉണ്ടാകണം നമ്മുടെ ജനാധിപത്യ സമൂഹത്തിൽ", സുരേഷ് ഗോപി പറഞ്ഞു. ബ്രാഹ്മണനോ നായിഡുവോ ഗോത്രവർഗത്തിന്റെ കാര്യങ്ങൾ നോക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
മണിക്കൂറുകൾ കഴിഞ്ഞ് വീണ്ടും സുരേഷ് ഗോപിയുടെ പ്രതികരണം എത്തി.ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്ന വിവാദ പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കിൽ പിൻവലിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.വേർതിരിവ് മാറ്റണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം. നല്ല ഉദ്ദേശ്യത്തോടെ രാവിലെ പറഞ്ഞ തന്റെ പരാമർശം വളച്ചൊടിച്ചു. വാക്കുകൾ വന്നത് ഹൃദയത്തിൽ നിന്നാണ്. മുഴുവൻ ഭാഗവും കൊടുത്തതുമില്ല. തന്റെ പാർട്ടിയാണ് ഗോത്രവിഭാഗത്തിൽ നിന്നൊരാളെ രാഷ്ട്രപതിയാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
'അട്ടപ്പാടിയില്‍ പോയി ചോദിച്ചാല്‍ ഞാന്‍ ആരാണെന്ന് പറയും. രാഷ്ട്രപതിയെ അവഹേളിച്ചവരെ ഇവര്‍ക്ക് വേണ്ട. വേര്‍തിരിവ് വേണ്ട എന്നേ ഉദ്ദേശിച്ചിട്ടുള്ളു. പ്രസ്താവന പിന്‍വലിക്കുന്നു', അദ്ദേഹം പറഞ്ഞു.
കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പ് നേട്ടത്തിനെന്ന് പറഞ്ഞു കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ എയിംസ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാതി അടിസ്ഥാനത്തില്‍ ജില്ലകളെ വേര്‍തിരിക്കുന്നത് പോലെ വയനാടിനെ തിരിച്ചു കാണരുതെന്നും അദ്ദേഹം പറഞ്ഞു.
'എയിംസ് വരുന്നെങ്കില്‍ ആലപ്പുഴയില്‍ അനുവദിക്കണമെന്ന് 2016ല്‍ ആവശ്യപ്പെട്ടു. ആലപ്പുഴ എയിംസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് പിണറായി വിജയനോട് ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ എയിംസ് വരുത്താന്‍ യുദ്ധം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ഇതുവരെ കേരള സര്‍ക്കാര്‍ ആലപ്പുഴയെ എയിംസ് ലിസ്റ്റില്‍ ഉള്‍പെടുത്തിയിട്ടില്ല', സുരേഷ് ഗോപി പറഞ്ഞു.