പലപ്പോഴും ശരീരത്തിൽ എവിടെയെങ്കിലും ചൊറിഞ്ഞ് ആശ്വാസം കണ്ടെത്തുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. മസ്തിഷ്കം സെറോടോണിൻ എന്ന ഹോർമോൺ പുറത്തുവിടുന്നതിനാലാണ് ചൊറിയുമ്പോൾനമുക്ക് സുഖകരമായ അനുഭൂതി ഉണ്ടാകുന്നത്. എന്നാൽ ചൊറിയാൻ പാടില്ല എന്ന് മുതിർന്നവരിൽ നിന്ന് കേട്ട അനുഭവമുള്ളവരാകും നമ്മളിൽ പലരും. ചൊറിച്ചിലുള്ള ഇടങ്ങളിൽ മാന്തുന്നതിലൂടെ നമുക്ക് പല ഗുണങ്ങളുമുണ്ടെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. സയൻസ് മാഗസിനിലാണ്പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബർഗിലെ ഡെർമറ്റോളജി ആൻഡ് ഇമ്യൂണോളജി വിഭാഗം പ്രൊഫസറായ ഡോ. ഡാനിയേൽ കപ്ലന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിലാണ് ചൊറിയുന്നതിലൂടെ ഉണ്ടാകുന്ന ഗുണങ്ങൾ കണ്ടെത്തിയത്. എലികളെയാണ് ഗവേഷകർ പഠനത്തിനായി ഉപയോഗിച്ചത്. എലികളുടെ ചെവിയിൽ അലർജിയുണ്ടാക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ചൊറിച്ചിലുണ്ടാക്കുകയും ചില എലികളെ മാത്രം ചെവിയിൽ മാന്താൻ അനുവദിക്കുകയും ചെയ്തായിരുന്നു ഗവേഷണം.
ചൊറിച്ചിലുള്ളപ്പോൾ മാന്തുന്നതുവഴി വേദന തിരിച്ചറിയുന്ന ന്യൂറോണുകൾ സബ്സ്റ്റൻസ് പി എന്ന രാസവസ്തു പുറത്തുവിടും. ഈ രാസവസ്തു മാസ്റ്റ് സെല്ലുകൾ എന്ന പ്രത്യേക കോശങ്ങളെ ഉണർത്തും. അലർജിയുണ്ടാക്കുന്ന വസ്തുക്കൾക്കെതിരെ പ്രതിരോധം തീർക്കുന്ന കോശങ്ങളാണിവ. ഹിസ്റ്റമിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ പുറത്തുവിട്ടുകൊണ്ട് മാസ്റ്റ് സെൽസ് അലർജിക്കെതിരെ 'പോരാടുമ്പോൾ' ആണ് ആ ഭാഗം ചുവന്നുതടിക്കുന്നത്.
അലർജിയുണ്ടാക്കുന്ന വസ്തുക്കളുമായി ശരീരം സമ്പർക്കത്തിൽ വരുമ്പോൾ സ്വാഭാവികമായി മാസ്റ്റ് സെല്ലുകൾ ഉണരും. നമ്മൾ ആ ഭാഗത്ത് മാന്തുമ്പോൾ സബ്സ്റ്റൻസ് പി വഴി കൂടുതൽ മാസ്റ്റ് സെല്ലുകൾ സജീവമാകുകയും അലർജിക്കെതിരെ കൂടുതൽ പ്രതിരോധമുണ്ടാകുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. കൂടാതെ മാസ്റ്റ് സെല്ലുകൾ ബാക്ടീരിയ ഉൾപ്പെടെയുള്ള രോഗകാരികളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുമെന്ന് ഗവേഷകർ നിരീക്ഷിച്ചു.
'ചൊറിച്ചിലുണ്ടാകുമ്പോൾ മാന്തുന്നത് നമുക്ക് സുഖകരമായ കാര്യമാണ്. ഏതെങ്കിലും തരത്തിൽ ഗുണമുണ്ടെങ്കിൽ മാത്രമേ ഇങ്ങനെയൊരുകാര്യം പരിണാമപരമായി നമുക്ക് ലഭിക്കുകയുള്ളൂ. ഈ വിരോധാഭാസം പരിഹരിക്കാൻ ഞങ്ങളുടെ പഠനം സഹായിക്കും.' -ഡോ. ഡാനിയേൽ പറഞ്ഞു.
ചർമ്മത്തിൽ സ്റ്റാഫൈലോകോക്കസ് ഓറിയസ് എന്ന ബാക്ടീരിയയുടെ എണ്ണം കുറയ്ക്കാനും മാന്തലിന് കഴിയുമെന്ന് പഠനത്തിൽ പറയുന്നു. ചർമ്മത്തിലെ അണുബാധയ്ക്ക് കാരണമാകുന്ന ഈ ബാക്ടീരിയ ഭക്ഷ്യവിഷബാധ, ന്യൂമോണിയ തുടങ്ങിയവയ്ക്ക് വരെ കാരണമാകുന്നതാണ്. അതേസമയം മാന്തുന്നത് കാരണം ചർമ്മത്തിനുണ്ടാകുന്ന ദോഷം ഈ ഗുണങ്ങളേക്കാൾ കൂടുതലായിരിക്കുമെന്നും അത് സ്ഥിരമായി ഉള്ളതാകുമെന്നും ഡോ. ഡാനിയേൽ പറയുന്നു.