ഏറ്റവും വലിയ വേദന പ്രസവ സമയത്തുണ്ടാകുന്ന വേദന എന്നാണ് പൊതുവേ പറയുന്നത്. മറ്റു ചിലർ പറയും മാനസിക വേദനയോളം വലുത് മറ്റൊന്നുമില്ല എന്നും . എന്നാൽ ശരിക്കും അസഹനീയമായ വേദന എന്താണ്?. യുഎസിൽ നടത്തിയ ഒരു പഠനം പറയുന്നത് പ്രസവ വേദനയെക്കാളും വലിയ മറ്റൊരു വേദന ഉണ്ട്, അത് അനുഭവപ്പെടുന്ന കാഠിന്യം അനുസരിച്ച് ക്ലസ്റ്റർ തലവേദനയാണ് ഏറ്റവും വേദനാജനകം!.
അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പ്രസവ വേദന, അസ്ഥി ഒടിയുമ്പോൾ ഉണ്ടാകുന്ന വേദന, വെടിയേൽക്കുമ്പോൾ അനുഭവപ്പെടുന്ന വേദന ഇതിനേക്കാൾ ഒക്കെ മുകളിലാണ് ക്ലസ്റ്റർ തലവേദന എന്നാണ് മേൽപ്പറഞ്ഞ പഠനം പറയുന്നതെന്ന്.
ഈ പഠനം നടത്തിയത് 1604 ക്ലസ്റ്റർ തലവേദന രോഗികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ്. അവരിൽ ഭൂരിഭാഗം പേരും ഉത്തരം നൽകിയത് ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടുള്ള ഏറ്റവും വലിയ വേദന ഈ ക്ലസ്റ്റർ തലവേദന എന്നാണ്. പഠനം നടത്തിയവരിൽ മുൻപ് പലതവണ മുറിവ് ഏറ്റിട്ടുള്ളവരും, ഹൃദയാഘാതം സംഭവിച്ചിട്ടുള്ളവരും , പ്രസവവേദന അറിഞ്ഞിട്ടുള്ളവരുമാണ്.
പഠനത്തിന് വിധേയരായ വ്യക്തികളോട് പഠനം നടത്തിയവർ പറഞ്ഞത് ഇതുവരെ അനുഭവിച്ചിട്ടുള്ള വേദനയുടെ തീവ്രത അനുസരിച്ച് മാർക്ക് ചെയ്യാൻ ആയിരുന്നു, ഇതനുസരിച്ച് അങ്ങനെ ലഭ്യമായ വിവരത്തിന്റെ ശരാശരിയാണ് പഠനത്തിന്റെ ഫലത്തിനായി സ്വീകരിച്ചത്. ഇതനുസരിച്ച് പ്രസവ വേദനയ്ക്ക് 7.2 ും ക്ലസ്റ്റർ തലവേദനയ്ക്ക് 9.7 ഉം ആയിരുന്നു പോയിന്റുകൾ ലഭിച്ചത്.
ക്ലസ്റ്റർ തലവേദന എന്താണ്?
ഒരു ന്യൂറോളജിക്കൽ ഡിസോഡർ ആയാണ് ക്ലസ്റ്റർ തലവേദനയെ കണക്കാക്കുന്നത്. ആവർത്തിച്ച് തലയുടെ ഒരു വശത്ത് കണ്ണിന് ചുറ്റും ഉണ്ടാകുന്ന വേദനയാണ് ക്ലസ്റ്റർ തലവേദന. ക്ലസ്റ്റർ തലവേദനയ്ക്കൊപ്പം കണ്ണിൽ നിന്നും വെള്ളം വരിക, കണ്ണിന് ചുറ്റും വീക്കം അനുഭവപ്പെടുക, മൂക്ക് ഒലിക്കുക എന്നിവയൊക്കെ ഉണ്ടാകാറുണ്ട്. ഈ തലവേദന 15 മിനിറ്റു മുതൽ മൂന്നു മണിക്കൂർ വരെ നീണ്ടു നിന്നേക്കാം അതോടൊപ്പം ഒരു ദിവസത്തിൽ തന്നെ പലതവണ വേദന വന്നുപോയെന്നു വരാം. ഈ രോഗത്തിന് പറയുന്നത് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായ വേദനയാണ്, കൂടാതെ എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഈ വേദന അനുഭവപ്പെടുകയും ചെയ്യും ഇതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. കൃത്യമായി ചികിത്സയിലൂടെ ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും.