തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയതിനെ തുടർന്ന് വിവാദമായ ആറാലുംമൂട് കാവുവിളാകം സിദ്ധന് ഭവനില്‍ ഗോപന്റെ പോസ്റ്റ്മോർട്ടം റിപ്പോര്ട്ട്പുറത്തുവന്നു. ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ചതവ് ഉണ്ടെങ്കിലും അതു മരണകാരണമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചതവുകള്‍ മൂലം അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാകുകയോ ചെയ്തിട്ടില്ല. അസ്വാഭാവികമായി പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ ഒന്നും കണ്ടെത്തിയിട്ടില്ല.
ഗോപനു ഗുരുതരമായ നിരവധി അസുഖങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ലിവർ സിറോസിസ് ബാധിതനായിരുന്നു. ഹൃദയധമനികൾ 75 ശതമാനത്തിലധികം അടഞ്ഞ നിലയിലായിരുന്നു. കാലിൽ ഗുരുതരമായ നിലയിൽ അൾസറുണ്ടായിരുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വന്നാലേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ശരീരത്തിന്റെ എല്ലാ ബാഹ്യ ദ്വാരങ്ങളും അഴുകിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പ്രധാനമായും നാല് ചതവുകളാണ് റിപ്പോർട്ടിൽ എടുത്ത് പറയുന്നത്. തലയുടെ പിൻഭാഗത്ത് വലതുവശത്തായി വലത് ചെവിക്ക് തൊട്ടുപിന്നിൽ, വലതു ചെവിക്ക് അടുത്ത് നെറ്റിയുടെ ഭാഗവുമായി ചേരുന്ന മുഖത്തിന്റെ വലതുവശത്ത്, നെറ്റിയുടെ ഇടതു ഭാഗത്ത് മുഖവുമായി ചേരുന്ന സ്ഥലത്ത്, മൂക്കിന്റെ പാലത്തിൽ എന്നിവയാണ് പ്രധാനമായും റിപ്പോർട്ടിൽ പരമാർശിക്കുന്ന ചതവുകൾ. മൃതശരീരം ജീർണാവസ്ഥയിലായിരുന്നതിനാൽ മറ്റ് ബാഹ്യ മുറിവുകൾ നിർണയിക്കാൻ കഴിഞ്ഞില്ല. അസ്ഥികൂടം ഉൾപ്പെടെയുള്ള ആന്തരിക ഘടനകൾക്ക് പരിക്കില്ല. തലയോട്ടിക്ക് കേടുപാടുകളില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിന്റെ വിവിധ ഭാഗത്തുനിന്ന് രാസ പരിശോധനയ്ക്കായി സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. സംസ്കരിച്ചിരുന്നിടത്തു നിന്ന് ശേഖരിച്ച ചാരനിറത്തിലുള്ള പൊടിപടലങ്ങൾ മൃതദേഹത്തില്‍ അടിഞ്ഞുകൂടിയിരുന്നതായും കണ്ടെത്തി. ഇവ ഹിസ്റ്റോപതോളജിക്കൽ പരിശോധനയ്ക്കായും അയച്ചു.