ഗുജറാത്ത് വംശഹത്യയിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയിലെ അതിജീവിതയും ഇരകളുടെ നീതിക്കായി നിരന്തരം പോരാടുകയും ചെയ്ത സാക്കിയ ജാഫ്രി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഹ്മദാബാദില്‍ വെച്ചായിരുന്നു അന്ത്യം. 86 വയസായിരുന്നു. ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജഫ്രിയുടെ വിധവയാണ്.അഹമ്മദാബാദില്‍ ഭര്‍ത്താവിനോട് ചേര്‍ന്ന് അവരെ സംസ്കരിക്കുമെന്നാണ റിപ്പോർട്ട്.
ഗുജറാത്ത് വംശഹത്യക്കിടയിലെ പ്രധാന സംഭവമായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയെ അതിജീവിച്ചയാളായിരുന്നു സാക്കിയ ജഫ്രി. ഈ കൂട്ടക്കൊലയിലാണ് എഹ്സാന്‍ ജഫ്രി കൊല്ലപ്പെട്ടത്. 2023 വരെ കൂട്ടക്കൊലയുടെ വാര്‍ഷികത്തില്‍ സാകിയ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ തന്റെ വീട്ടിലെ അവശിഷ്ടങ്ങള്‍ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു.
2002ല്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ വെച്ചാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്ന അഹ്സാന് ജാഫ്രി കൊല്ലപ്പെട്ടത്. 2006 മുതല്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ നിരന്തരം പോരാടിയിരുന്നു സാക്കിയ ജാഫ്രി. ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് സാക്കിയ നിരന്തരം ആവര്‍ത്തിച്ചു.
വംശഹത്യക്ക് ശേഷം 2006 മുതല്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ ദീര്‍ഘകാലം നിയമപോരാട്ടം നടത്തിയിരുന്നു.2022ല്‍ കലാപം നടക്കുമ്പോൾ ഗുജറാത്ത് മുഖ്യമന്ത്രിയും, നിലവിലെ രാജ്യത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്ക് ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി നല്കിയ ഹര്‍ജി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
2012ല്‍ എസ്ഐടി അന്വേഷണം അവസാനിപ്പിച്ച ഗുല്‍ബര്‍ഗ് സൊസൈറ്റി കേസ് അടക്കം 12 ഓളം കേസുകളില്‍ വീണ്ടും പുനരന്വേഷണത്തിന് ഉത്തരവിടുന്നതിന് സാക്കിയ ജാഫ്രിയുടെ നിരന്തര പോരാട്ടത്തിന്റെ ഫലമായാണ്.