ചന്ദ്രനിലിറങ്ങിയ ശേഷമുള്ള ആദ്യ സൂര്യോദയം പകര്‍ത്തി ഫയര്‍ഫ്ലൈ എയ്റോസ്പേസ് എന്ന സ്വകാര്യ കമ്പനിയുടെ ബ്ലൂ ഗോസ്റ്റ് മൂണ്‍ ലാൻഡർ. 'ഇതോടെ പുതിയ ഭവനത്തിലെ ഉപരിതല ദൗത്യത്തിന് തുടക്കം കുറിക്കുന്നു'- എന്ന തലക്കെട്ടോടെ ആകര്‍ഷകമായ ചിത്രം ഫയര്‍ഫ്ലൈ എയ്റോസ്പേസ് എക്സില്‍ പങ്കുവെച്ചു. ഗോസ്റ്റ് റൈഡറിലെ നാസ പേലോഡുകള്‍ ഇതിനകം ശാസ്ത്രീയ പരീക്ഷണങ്ങള്‍ ചന്ദ്രനില്‍ തുടങ്ങിക്കഴിഞ്ഞു. മാർച്ച് 3 ന് ആണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ സാങ്കേതിക സഹായവും, സാമ്പത്തിക പിന്തുണയും ഈ ദൗത്യത്തിന് പിന്നിൽ ഉണ്ടെങ്കിലും ബ്ലൂ ഗോസ്റ്റ് എന്നു പേരിട്ട പേടകമാണ്, ചന്ദ്രനില്‍ ഒരു സ്റ്റേബിള്‍ ലാന്‍ഡിങ് നടത്തി മാര്‍ച്ച് 2ന് ചരിത്രം കുറിച്ചത്. ഈ നേട്ടത്തിനു ശ്രമിക്കുമ്പോള്‍ സ്പേസ് ക്രാഫ്റ്റ് തകരുകയോ, മറിയുകയോ ചെയ്തില്ല എന്നിടത്താണ് ഫയര്‍ഫ്ളൈ ഏറോസ്പേസിന്റെ നേട്ടമെന്ന് വിദഗ്ധര്‍.
അമേരിക്കന്‍ സ്വകാര്യ കമ്പനിയായ ഫയര്‍ഫ്ലൈ എയ്റോസ്പേസാണ് ബ്ലൂ ഗോസ്റ്റിന്റെ നിര്‍മാതാക്കള്‍. ചന്ദ്രനെ തുരന്ന് സാംപിള്‍ എടുക്കുകയും ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ എക്സ്റേ ചിത്രം പകര്‍ത്തുകയും ലക്ഷ്യമിട്ടാണ് പ്രധാനമായും ബ്ലൂ ഗോസ്റ്റ് ലാൻഡർ വിക്ഷേപിച്ചിരിക്കുന്നത്.
ചന്ദ്രനിലെ മണ്ണ് ശേഖരിക്കാനുള്ള ഒരു വാക്വവും, ഉപരിതലം തുരന്ന് 10 അടി താഴ്ചയിലെ താപനില എന്താണ് എന്ന് അറിയാനുള്ള ഉപകരണങ്ങളും ലാന്‍ഡറിലുണ്ട്. ചന്ദ്രനിലെ പൊടിപടലങ്ങള്‍ ഒഴിവാക്കാനുള്ള ഉപകരണവും ഉണ്ട്. നാസയുടെ അപ്പോളോ ദൗത്യത്തിലെ ബഹിരാകാശ യാത്രികര്‍ നേരിട്ട പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് ഈ പൊടിപടലമായിരുന്നു. പല പരുക്കന്‍ വസ്തുക്കളും അവരുടെ സ്പേസ് സൂട്ടുകളിലേക്കും, ഉപകരണങ്ങളിലേക്കും പറ്റിപ്പിടിക്കുകയും അവ നീക്കംചെയ്യാന്‍ അധ്വാനം വേണ്ടിവരികയും ചെയ്തു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിനെല്ലാം പുറമെ, ബ്ലൂ ഗോസ്റ്റിലുള്ള റിസീവര്‍ ഉപയോഗിച്ച് അമേരിക്കന്‍ ജിപിഎസ് സംവിധാനത്തില്‍ നിന്നും, യുറോപ്യന്‍ ഗലിലിയോ കോണ്സ്റ്റലേഷന്സില് നിന്നുമുള്ള സിഗ്നലുകളും സ്വീകരിച്ചു എന്നതും പുതിയ നേട്ടങ്ങളുടെ കൂട്ടത്തിലാണ് പെടുത്തിയിരിക്കുന്നത്. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങള്‍ക്ക് ഇത് വലിയ ഗുണംചെയ്തേക്കാം.