30 വർഷത്തിനുശേഷം കൊല്ലത്തെ നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനം. ചുവപ്പിന്റെ മഹാപ്രവാഹത്തിനാണ് ഞായറാഴ്ച പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന കൊല്ലം സാക്ഷിയായത്. മാർച്ച് ആറു മുതൽ ഒമ്പതു വരെ നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ച് നടന്ന ബഹുജനറാലി കൊല്ലത്തെ ജനസാഗരമാക്കി.
സിപിഐ എം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ വീണ്ടും തെരഞ്ഞെടുത്തു. 24ാം പാർടി കോൺഗ്രസിനു മുന്നോടിയായി കൊല്ലത്തു നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിലാണ് എം വി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇത് ആദ്യമായാണ് സമ്മേളന വേദിയിൽ വെച്ച് എംവി ഗോവിന്ദനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്.കണ്ണൂർ ജില്ലയിലെ മൊറാഴയിൽ ജനിച്ച എം വി ഗോവിന്ദൻ കെഎസ്വൈഎഫിലൂടെയാണ് രാഷ്ട്രീയരംഗത്ത് സജീവമായത്. ഡിവൈഎഫ്ഐ രൂപീകരണത്തിനുള്ള അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റി അംഗമായിരുന്നു. ഡിവൈഎഫ്ഐയുടെ പ്രഥമ സംസ്ഥാന പ്രസിഡൻ്റ്, സെക്രട്ടറി, അഖിലേന്ത്യാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സിപിഐ എം കാസർകോട് ഏരിയാ സെക്രട്ടറി, കണ്ണൂർ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നിലവിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമാണ്. സംസ്ഥാന സെക്രട്ടറി ആയിരിക്കെ കോടിയേരി ബാലകൃഷ്ണൻ അനാരോഗ്യത്തെ തുടർന്ന് സ്ഥാനം ഒഴിഞ്ഞതോടെ 2022 ആഗസ്തിൽ എം വി ഗോവിന്ദന് പകരം ചുമതല നൽകുകയായിരുന്നു. ദേശാഭിമാനിയുടെയും മാർക്സിസ്റ്റ് സംവാദത്തിന്റെയും ചീഫ് എഡിറ്ററായിരുന്നു. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ്റെ വൈസ് പ്രസിഡന്റ്, കർഷകത്തൊഴിലാളി മാസികയുടെ ചീഫ് എഡിറ്റർ. അടിയന്തരാവസ്ഥക്കാലത്ത് നാലുമാസക്കാലം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
പുതിയ 89 അംഗ കമ്മിറ്റിയേയും 17 അംഗ സെക്രട്ടറിയറ്റിനെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. 17 പേർ പുതുമുഖങ്ങളാണ്.
സംസ്ഥാന കമ്മിറ്റി അംഗങ്ങൾ :
75 വയസ്സ് എന്ന പ്രായപരിധിയിൽ ഇളവ് നൽകിയത് മുഖ്യമന്ത്രി പിണറായി വിജയന് മാത്രം.
പിണറായി വിജയൻ, എം വി ഗോവിന്ദൻ, ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, കെ കെ ശൈലജ, എളമരം കരീം, ടി പി രാമകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ രാധാകൃഷ്ണൻ, സി എസ് സുജാത, പി സതീദേവി, പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, കെ കെ ജയചന്ദ്രൻ, വി എൻ വാസവൻ, സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ,
കെ പി സതീഷ് ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു, എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാഗേഷ്, ടി വി രാജേഷ്, എ എൻ ഷംസീർ, സി കെ ശശീന്ദ്രൻ, പി മോഹനൻ, എ പ്രദീപ് കുമാർ, ഇ എൻ മോഹൻദാസ്, പി കെ സൈനബ, സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, എം ബി രാജേഷ്, എ സി മൊയ്തീൻ, സി എൻ മോഹനൻ, കെ ചന്ദ്രൻ പിള്ള, സി എം ദിനേശ്മണി, എസ് ശർമ, കെ പി മേരി, ആർ നാസർ, സി ബി ചന്ദ്രബാബു,കെ പി ഉദയബാനു, എസ് സുദേവൻ, ജെ മേഴ്സികുട്ടിയമ്മ, കെ രാജഗോപാൽ, എസ് രാജേന്ദ്രൻ, കെ സോമപ്രസാദ്, എം എച്ച് ഷാരിയാർ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ, വി ശിവന്കുട്ടി, ഡോ. വി ശിവദാസന്, കെ സജീവന്, എം എം വര്ഗീസ്, ഇ ന് സുരേഷ് ബാബു, പാനോളി വത്സന്, രാജു എബ്രഹാം, എ എ റഹിം, വി പി സാനു, ഡോ.കെ എന് ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനില്കുമാര്, വി ജോയ്, ഒ ആര് കേളു, ഡോ. ചിന്ത ജെറോം, എസ് സതീഷ്, എന് ചന്ദ്രന്.
പുതുമുഖങ്ങൾ :
ബിജു കണ്ടക്കൈ, ജോണ് ബ്രിട്ടാസ്, എം രാജഗോപാല്, കെ റഫീഖ്, എം മഹബൂബ്, വി പി അനില്, കെ വി അബ്ദുള് ഖാദര്, എം പ്രകാശൻ , വി കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആർ ബിന്ദു, എം അനിൽകുമാർ, കെ പ്രസാദ്, ടി ആർ രഘുനാഥ്, എസ് ജയമോഹൻ, ഡി കെ മുരളി
പ്രത്യേക ക്ഷണിതാവ് :
വീണ ജോർജ്
സെക്രട്ടറിയേറ്റ് അംഗങ്ങൾ:
പിണറായി വിജയൻ, എം വി ഗോവിന്ദൻ, ഇ പി ജയരാജൻ, കെ കെ ശൈലജ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ കെ ജയചന്ദ്രൻ, വി എൻ വാസവൻ, സജി ചെറിയാൻ, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശൻ, എം വി ജയരാജൻ, സി എൻ മോഹനൻ.
Also readകൊല്ലത്തെ ചെങ്കടലാക്കി CPIM സംസ്ഥാന സമ്മേളനം
ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും തടങ്കൽപാളയത്തിലാണ് മുസ്ലിം ലീഗെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും വളരെ ചെറിയ വിഭാഗമാണെങ്കിൽ പോലും ഇവരുടെ ആശയ തടങ്കലിലാണ് ഇന്ന് മുസ്ലീം ലീഗെന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ പ്രസ്താവന. അതിൻ്റെ ഗുണഭോക്താവാണ് കോൺഗ്രസ്. ഇടതുപക്ഷജനാധിപത്യ മുന്നണി ഇല്ലെങ്കിൽ കേരളം ഇങ്ങനെ മുന്നോട്ട് പോകില്ലെന്നും സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ സംസാരിക്കവെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
സമാപന പ്രസംഗത്തിൽ പ്രതിപക്ഷത്തിനെതിരെ എം.വി. ഗോവിന്ദൻ രൂക്ഷ വിമർശനമുയർത്തി. സംസ്ഥാന സർക്കാരിനെതിരെ വിമർശനമുന്നിയിക്കാൻ മാത്രമാണ് കേരളത്തിലെ പ്രതിപക്ഷം ശ്രമിക്കുന്നതെന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ പക്ഷം. യോജിച്ച പോരാട്ടങ്ങളിലൂടെ ഒറ്റക്കെട്ടായി കേന്ദ്രത്തിനെതിരെ നിൽക്കാൻ പ്രതിപക്ഷം തയ്യാറല്ല. പ്രതിപക്ഷം എങ്ങനെയായിരിക്കണമെന്നതിൽ ശശി തരൂർ പറഞ്ഞതാണ് ശരി, അദ്ദേഹം പറയുന്നു.
പ്രതിപക്ഷ നേതാവും, ബിജെപിയും എല്ലാം പാർട്ടിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തുകയാണ്. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, കോൺഗ്രസ്, മുസ്ലീം ലീഗ് എന്നീ പാർട്ടികളെ പിന്തിരിപ്പൻമാരെന്ന് വിളിച്ച ഗോവിന്ദൻ, ഇവരെല്ലാം സംസ്ഥാന സർക്കാരിനെ എങ്ങനെ തോൽപ്പിക്കാമെന്നാണ് ആലോചിക്കുന്നതെന്നും പറഞ്ഞു.
ക്രിസ്തീയ സംഘടനകളെക്കുറിച്ചും എം.വി. ഗോവിന്ദൻ സംസാരിച്ചു. എല്ലാ വർഗീയ ശക്തികളും മുന്നോട്ട് വന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണിത്. ക്രിസ്ത്യൻ ജനവിഭാഗവും മുസ്ലീം ജനവിഭാഗവും തമ്മിലുള്ള സംഘർഷത്തിനുവേണ്ടിയാണ് കാസ സംഘടിപ്പിക്കുന്നത്. കാസയ്ക്ക് പിന്നിൽആർഎസ്എസാണെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം കേരളത്തിന് മുന്നോട്ട് പോകാൻ അധിക വിഭവസമാഹരണം ആവശ്യമാണ്. അതിനായി നാടിന്റെ താൽപ്പര്യത്തെ ഹനിക്കാത്ത നിക്ഷേപങ്ങൾ സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപിയെ സ്വീകരിക്കാത്തതിനാൽ കേന്ദ്രം കേരളത്തെ ശത്രുക്കളായി കാണുന്നെന്നും കേരള വിരുദ്ധ നിലപാടിൽ കരഞ്ഞിരിക്കാൻ ആവില്ലെന്നും സമാപന സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നവകേരളത്തിനായി വിദേശത്തെ മലയാളി സമ്പന്നരുടെ വിഭവശേഷി നാട്ടിൽ എങ്ങനെ നിക്ഷേപിക്കാൻ കഴിയും എന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സഹകരണ മേഖലയിലെ നിക്ഷേപം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും എന്നതും പരിശോധിക്കും. തദ്ദേശ മേഖലയിലെ വികസനത്തിന് സഹകരണ മേഖലയിലെ തുക വിനിയോഗിക്കുന്നത് അടക്കം പരിഗണനയിലുണ്ട്. വ്യക്തി സമ്പാദ്യങ്ങൾ ഉൾപ്പെടെ നാടിൻ്റെ വളർച്ചയ്ക്ക് വേണ്ടി എങ്ങനെ ഉപയോഗിക്കാൻ കഴിയും എന്ന് പരിശോധിക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
നമ്മുടെ നാട് മുന്നോട്ടു പോകണം എന്നതുകൊണ്ടാണ് സിപിഐഎം ഇങ്ങനെ ആലോചിക്കുന്നത്. കൂടുതൽ വികസന പ്രവർത്തനത്തിന് വിഭവശേഷി ഒരു തടസ്സമായി നമുക്ക് മുന്നിൽ നിൽക്കരുത്. നമുക്കിനിയും വളരണം നമുക്ക് ഇനിയും മുന്നോട്ട് പോകണം. കേന്ദ്രം സഹായം തടയുന്നു എന്നതു കൊണ്ടുമാത്രം തോറ്റുകൊടുക്കാൻ കഴിയില്ലെന്ന് തെളിയിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
"കേരളം വലിയതോതിൽ മാറി എന്ന് രാജ്യം തന്നെ അംഗീകരിക്കുന്നു. കേരളത്തിൻ്റെ പുതുവളർച്ചയെ അംഗീകരിക്കാൻ മാധ്യമങ്ങൾ അടക്കം തയ്യാറാകുന്നു. നിക്ഷേപങ്ങൾ നല്ല രീതിയിൽ വരാനുള്ള സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. നിക്ഷേപ സൗഹൃദത്തിൻ്റെ നമ്പർ വൺ സംസ്ഥാനമായി കേരളം മാറി. വൻ നിക്ഷേപങ്ങൾ വരുമ്പോൾ അതിൻറെ ഭാഗമായി വരുന്ന തൊഴിൽ സാധ്യതകളുണ്ട്. പഠനം പൂർത്തിയാകുമ്പോഴേക്കും തൊഴിലുണ്ടാകുന്ന യുവാക്കൾ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം," പിണറായി വിജയൻ പറഞ്ഞു.
കേന്ദ്രം നമ്മുടെ നാടിനെ ശ്വാസംമുട്ടിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. ന്യായമായി അർഹതപ്പെട്ട കേന്ദ്ര വിഹിതം നഷ്ടപ്പെട്ടു. വായ്പാ പരിധി ഒരു ന്യായവും ഇല്ലാത്ത തരത്തിൽ വെട്ടി കുറച്ചു. നവ കേരള സൃഷ്ടിക്കായുള്ള യാത്ര ശരിയായ പാതയിൽ ആണെന്ന് പറഞ്ഞ മുഖ്യമന്ത്രി, നവ കേരള സൃഷ്ടിക്കാവശ്യമായ സഹായം കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ടതാണെന്നും കൂട്ടിച്ചേർത്തു.
സംസ്ഥാന കമ്മിറ്റിയിൽ കണ്ണൂർ സ്ക്വാഡ് :
89 അംഗ സംസ്ഥാന കമ്മിറ്റിയിൽ 18 പേർ കണ്ണൂരിൽ നിന്നുള്ളവരാണ്. പിണറായി വിജയന്, എം. വി. ഗോവിന്ദൻ, എം.വി ജയരാജൻ, ഇ. പി. ജയരാജന്, കെ. കെ. ശൈലജ, ശിവദാസന്. വി, കെ. സജീവന്, പനോളി വത്സന്, പി. ശശി, ബിജു കണ്ടക്കൈ, ജോണ് ബ്രിട്ടാസ്, എം. പ്രകാശന്, വി കെ സനോജ്, പി. ജയരാജന്, കെ. കെ. രാഗേഷ്, ടി. വി. രാജേഷ്, എ. എന്. ഷംസീർ, എൻ. ചന്ദ്രൻ, എന്നിവരാണ് കണ്ണൂരിൽ നിന്നും കമ്മിറ്റിയിലുള്ളത്.
കൊല്ലം സംസ്ഥാന സമ്മേളനം പൂർത്തിയാകുമ്പോൾ പാർട്ടിയിൽ എതിരില്ലാത്ത കരുത്തായി തുടരുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം എൽഡിഎഫ് സർക്കാർ എന്ന ഒറ്റ ലക്ഷ്യത്തിൽ ഊന്നിയായിരുന്നു ഇക്കുറി പാർട്ടി സമ്മേളനത്തിൻ്റെ എല്ലാ അജണ്ടയും. എന്നാൽ മൂന്നാമതും ഭരണം നേടിയാൽ പിണറായി തന്നെ സർക്കാരിന് നേതൃത്വം നൽകുമോയെന്ന് നിലവിൽ സിപിഐഎം ഉറപ്പിക്കുന്നില്ല. പക്ഷേ തെരഞ്ഞെടുപ്പിൽ പാർട്ടിയെയും മുന്നണിയെയും നയിക്കുക പിണറായി തന്നെയാകുമെന്ന സൂചനയോടെയാണ് കൊല്ലം സമ്മേളനത്തിന് കൊടിയിറങ്ങുന്നത്.
പാർട്ടി സംഘടനാ സംവിധാനം സർക്കാരുമായി സമീപ ചരിത്രത്തിൽ മുമ്പില്ലാത്ത വിധം ചേർന്നുനിൽക്കുന്നു. അതുവഴി പാർട്ടിയുടെ നിയന്ത്രണവും ഏറെക്കുറെ പൂർണമായും പിണറായി വിജയനിലേക്ക് ചെന്നുചേരുന്നു.
സർക്കാരിനെ നയിക്കുന്ന ശക്തിയായല്ല, മറിച്ച് സർക്കാരിന് പിന്നിൽ അണിനിരക്കുന്ന സംവിധാനമായി പാർട്ടി മാറിയെന്നത് ആദ്യ എൽഡിഎഫ് സർക്കാരിൻ്റെയും തുടർഭരണത്തിൻ്റെയും സവിശേഷതയായി. സെക്രട്ടറിമാരുടെ പ്രവർത്തന റിപ്പോർട്ടിലൂന്നി മാത്രം ചർച്ച നടത്തുന്ന ശൈലിയായിരുന്നു 2018 വരെ സിപിഐഎം സംസ്ഥാന സമ്മേളനങ്ങളിൽ പിന്തുടർന്നിരുന്നത്.
എന്നാൽ എറണാകുളം സമ്മേളനത്തിൽ ആ പതിവ് തെറ്റി. അന്ന് പിണറായി വിജയൻ അവതരിപ്പിച്ച നവകേരളത്തിനായുള്ള പാർട്ടി കാഴ്ചപ്പാട് എന്ന നയരേഖ വലിയ വാർത്തയായി. കൊല്ലത്ത് എത്തിയപ്പോൾ മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തിന് പുതുവഴികൾ എന്ന നയരേഖ സമ്മേളനത്തിലെ മുഖ്യ ചർച്ചയായി. ഒരു പക്ഷേ പ്രവർത്തന റിപ്പോർട്ടിനും സംഘനാ റിപ്പോർട്ടിനും മീതെ വാർത്താ പ്രാധാന്യം നേടി. പാർട്ടി മുഖ്യമന്ത്രിയുടെ ചുമലിലേക്ക് ചായുന്നതിൻ്റെ തെളിവുകൂടിയായി ഇത്.
അതേസമയം സിപിഎമ്മിന്റെ ബഹുജനപിന്തുണയും കരുത്തും വിളിച്ചോതുന്നതായിരുന്നു രണ്ട് ലക്ഷത്തോളം പേർ അണിനിരന്ന ബഹുജനറാലി. പതിനെട്ട് ഏരിയകളിൽ നിന്നുമാണ് രണ്ട് ലക്ഷത്തോളം പേരെത്തിയത്. 25000 ചുവപ്പുസേനാംഗങ്ങളുടെ മാർച്ചും നഗരത്തെ ആവേശത്തിലാഴ്ത്തി. ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തറിയിക്കുന്നതായിരുന്നു ചുവപ്പുസേനാംഗങ്ങളുടെ മാർച്ച്. വിവിധയിടങ്ങളിൽ നിന്നായി നിരവധി പേരാണ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിന് സീതാറാം യെച്ചൂരി നഗറിലേക്ക് (ആശ്രാമം മൈതാനം) എത്തിയത്.
#CPIMSTATECONFERENCE #CPM #MVGovindan