പാലക്കാട് ചുരത്തിലെ പാറക്കെട്ടുകളുടെ പ്രായം 800 മുതൽ 2,500 വരെ ദശലക്ഷം വർഷങ്ങളാവാമെന്ന് പഠനം. ചിറ്റൂർ ഗവ. കോളേജിലെ ഭൂമി ശാസ്ത്ര പഠന വിഭാഗം തയ്യാറാക്കിയ ‘ലാൻഡ് ഓഫ് എനിഗ്മ, ആൻ എക്സ്പ്ലോഷർ ഓഫ് പാലക്കാട് ഗ്യാപ്’ എന്ന റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ചുരത്തിന്റെ പൈതൃകം, ഭൂമിശാസ്ത്രപരമായ സവിശേഷത, ജൈവവൈവിധ്യം തുടങ്ങി മേഖലയിൽ ജനജീവിതത്തിനുണ്ടാക്കാവുന്ന മാറ്റങ്ങൾ ഉൾപ്പെടുത്തിയായിരുന്നു പഠനം.
979.81 ചതുരശ്ര കിലോമീറ്ററിലാണ് ചുരമുള്ളത്. 513.44 ചതുരശ്ര കിലോമീറ്റർ പാലക്കാട് ജില്ലയിലും (52.5 ശതമാനം) ബാക്കി 466.37 ചതുരശ്ര കിലോമീറ്റർ(47.6ശതമാനം) തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലുമാണ്. മണ്ണൊലിപ്പിന്റെ ശക്തി കുറവായതിനാൽ മണ്ണിലെ സൂക്ഷ്മ മൂലകങ്ങളുടെ സാന്നിധ്യം കൃഷിക്ക് ഗുണകരമാണ്. ഭൂഗർഭ ജലത്തിന്റെ ഗുണനിലവാരത്തിലും മുന്നിലാണ്. തദ്ദേശീയ കാർഷിക ജൈവവൈവിധ്യ മേഖലയായി ഈ ചുരത്തെ വളർത്തിയെടുക്കാമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
ഇരുപതിലേറെ ഭക്ഷ്യവിളകളും നാണ്യവിളകളും ഇവിടെ കൃഷി ചെയ്യുന്നു. വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ പ്രധാനമായും നെൽകൃഷിയാണ്. തെക്ക് ഭാഗത്തെ പ്രധാന കൃഷി മാങ്ങയുമാണ്. മധ്യ ഭാഗത്തും കിഴക്കു ഭാഗത്തുമായി നാളികേര കൃഷി കൂടുതലായുണ്ട്. കരനെൽകൃഷിക്കും അനുയോജ്യമാണ്. മൂല്യവർധിത കാർഷികോൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണനത്തിന് സാധ്യത ഒരുക്കാം. ജിയോ ഹെറിറ്റേജ് ടൂറിസം, ഫാം ടൂറിസം, കൾച്ചറൽ ടൂറിസം, ഗ്രാമീണ വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രകൃതിദത്തമായ വെള്ളച്ചാട്ടങ്ങളും വന ഭംഗിയുമെല്ലാം സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2019 ലാണ് 20 അംഗ സംഘം പഠനത്തിന് തുടക്കംകുറിച്ചത്. കലിക്കറ്റ്, കേരള, മദ്രാസ്, ഭാരതിയാർ, പെരിയാർ, മധ്യപ്രദേശിലെ സാഗർ സർവകലാശാലകളിലെയും നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെയും ഗവേഷകർ ചേർന്നാണ് പഠനം നടത്തിയത്. പാലക്കാട് ആസ്ഥാനമായ അത്താച്ചി ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ചായിരുന്നു പഠനം.