ബഹിരാകാശയാത്രയിൽ ശരീരത്തിന് അനുഭവപ്പെടുന്ന ഭാരമില്ലായ്മ ഉൾപ്പെടെയുള്ളവയെ കുറിച്ചുള്ള ഗവേഷണങ്ങൾക്കാണ് വ്യക്തികളെ പ്രതിഫലം നൽകി ESA പരീക്ഷണത്തിന് വിധേയമാക്കുന്നത്.
വെറുതെയിരുന്ന് പണം സമ്പാദിക്കാൻ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ഇന്നത്തെ കാലത്ത് മേൽ അനങ്ങാതെ ഓൺലൈൻ വഴി അങ്ങനെ സമ്പാദിക്കാനുള്ള വഴികളും ഉണ്ട്, തികച്ചും ഫ്രീയായിട്ട് പക്ഷേ പണം മേടിച്ചിട്ട് പറ്റിക്കുന്ന ഓൺലൈൻ കമ്പനികളും ഉണ്ട്. എന്നാൽ വെറുതെ കിടന്നു പണം സമ്പാദിക്കാൻ പറ്റുന്ന സാഹചര്യം കേട്ടിട്ടുണ്ടോ?
എന്നാൽ സംഗതി സത്യമാണ്, പക്ഷേ അത് വെറുതെയുള്ള കിടപ്പല്ല, തിന്നാനും കുടിക്കാനും എല്ലാം കിട്ടും എന്നത് വേറെ കാര്യം. പരീക്ഷണത്തിലെ ഭാഗമായാണ് ഈ കിടപ്പ് മറ്റു പ്രശ്നങ്ങളൊന്നുമില്ല താനും. ബഹിരാകാശത്തെ ഭാരം ഇല്ലായ്മയെ കുറിച്ച് പഠിക്കാൻ വേണ്ടിയാണ് ഈ പരീക്ഷണം.
പഠനങ്ങളിൽ പങ്കെടുക്കാനെത്തിയവർക്ക് 5000 യൂറോ (ഏകദേശം 4.73 ലക്ഷം രൂപ) കൂലി കൊടുത്തത്, യൂറോപ്പിലെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ യൂറോപ്യൻ സ്പേസ് ഏജൻസി (European Space Agency-ESA). പഠനത്തിൽ പങ്കെടുക്കാൻ പത്തുദിവസത്തേക്ക് അനങ്ങാതെ കിടക്കണമെന്നുമാത്രം. സാധാരണകിടക്കയിലെ സുഖകരമായ കിടപ്പാണെന്നു കരുതരുത്. ബാത്ടബ് പോലെ സജ്ജമാക്കിയ കട്ടിലിൽ ജലം നിറച്ച് അതിനുമുകളിൽ നനവിനെ പ്രതിരോധിക്കുന്ന തുണി വിരിച്ച് തയ്യാറാക്കിയ കിടക്കയിലാണ് കിടക്കേണ്ടത്. ബഹിരാകാശയാത്രയിൽ ശരീരത്തിന് അനുഭവപ്പെടുന്ന ഭാരമില്ലായ്മ ഉൾപ്പെടെയുള്ളവയെ കുറിച്ചുള്ള കൂടുതൽ ഗവേഷണങ്ങൾക്കാണ് വ്യക്തികളെ പ്രതിഫലം നൽകി പരീക്ഷണത്തിന് വിധേയമാക്കുന്നത്.
ഫ്രാൻസിലെ ടൂലൂസിലുള്ള മീഡ്സ് സ്പേസ് ക്ലിനിക്കിലാണ് (Medes Space Clinic)പഠനം നടക്കുന്നത്. ബഹിരാകാശശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ നടക്കുന്ന സ്ഥാപനമാണ് മീഡ്സ് സ്പേസ് ക്ലിനിക്ക്. വിവാൾഡി (Vivaldi) എന്ന് പേര് നൽകിയിരിക്കുന്ന ഈ ഗവേഷണത്തിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടമാണിപ്പോൾ നടന്നുവരുന്നത് (Vivaldi3.0). പത്ത് വോളണ്ടിയർമാരാണ് പഠനത്തിൽ പങ്കെടുക്കുന്നത്. വെള്ളത്തിനുമുകളിൽ കൈകളും തലയും അൽപം ഉയർന്ന് മറ്റുസഹായങ്ങളില്ലാതെ പൊങ്ങിക്കിടക്കുന്നതിലൂടെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്നതിന് സമാനമായ അവസ്ഥയാണ് പരീക്ഷണത്തിലേർപ്പെടുന്ന വോളണ്ടിയർമാർക്ക് അനുഭവിക്കാൻ കഴിയുന്നത്.21 ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ആദ്യത്തെ അഞ്ച് ദിവസങ്ങളില്‍, അവരുടെ ശരീരത്തിന്റെ പ്രത്യേകതകള്‍ പഠിക്കും. അടുത്ത 10 ദിവസം വിശ്രമം. കിടന്നുകൊണ്ടാകണം ഭക്ഷണം കഴിക്കുന്നത്.
പ്രാഥമികാവശ്യങ്ങൾക്കായുള്ള ഇടവേളകളിൽ വോളണ്ടിയർമാരെ താൽക്കാലികമായി ഒരു ട്രോളിയിലേക്ക് മാറ്റും. കിടക്കുന്ന വിധത്തിലുള്ള ശാരീരികനിലയിൽ വ്യതിയാനം വരാതെയിരിക്കാനാണ് ട്രോളിയിലേക്ക് മാറ്റുന്നത്. ഭക്ഷണം കഴിക്കുന്നതിനായി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ബോർഡും തലയുയർത്തിവെക്കാൻ നെക്ക് പില്ലോയും നൽകും. പരീക്ഷണത്തിൽ കഴിയുന്നവർ അധികസമയവും ഒറ്റയ്ക്ക് കഴിയേണ്ട സാഹചര്യമുള്ളതിനാൽ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെടുന്നതിന് മൊബൈൽ ഫോൺ കയ്യിൽ സൂക്ഷിക്കാൻ ESA അനുമതിയുണ്ട്.
പരീക്ഷണം തീരുന്നതോടെ ശരീരഭാരമില്ലാതെ കഴിയേണ്ടിവരുന്ന സാഹചര്യമായതിനാല്‍ പത്തുദിവസം കഴിഞ്ഞാല്‍ തുടര്‍ന്നുള്ള അഞ്ച് ദിവസം പൂര്‍വ്വസ്ഥിതിയിലേക്കുള്ള ശരീരത്തെ വീണ്ടെടുക്കലിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കേണ്ടതുണ്ട്. പിന്നീട് പത്തുദിവസത്തിനുശേഷം വീണ്ടും ക്ലിനിക്കിലെത്തി ആരോഗ്യസ്ഥിതി പരിശോധിക്കേണ്ടതുണ്ട്.
ഇതിൻറെ ഒപ്പം തലയുടെ ഭാഗം താഴേക്ക് വരുന്ന വിധത്തിൽ (കാലിന്റെ ഭാഗം ഉയർത്തി) കിടന്നുള്ള പഠനവും സമാന്തരമായി പത്തുപേരിൽ നടത്തിവരുന്നുണ്ട്. വിവാൾഡി III നായി 20നും 40നും ഇടയിൽ പ്രായമുള്ള യോഗ്യരായ വോളണ്ടിയർമാരുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞ കൊല്ലമാണ് ആരംഭിച്ചത്. 1.65 മീറ്ററിനും 1.80 ഇടയിൽ ഉയരമുള്ളവരും 20നും 26നും ഇടയിൽ ശരീരഭാരസൂചിക (Body Mass Index- BMI)യുള്ളവരും അലർജിയോ ഭക്ഷണനിയന്ത്രണങ്ങളോ ഇല്ലാത്തവരെയാണ് പഠനത്തിനായി പരിഗണിച്ചത്.
English summary : ESA for research into weightlessness during space travel. 5000 Euro reward for those who came to participate in the study. Ten volunteers are participating in the study. Volunteers involved in the experiment will be able to experience the same conditions as the International Space Station, with their hands and head slightly above water.The total research period is 21 days, of which 10 days should lie on the prepared sheet above water