സുരക്ഷയെന്ന ന്യായീകരണം പറഞ്ഞ് 41 രാജ്യങ്ങളിലെ പൗരന്മാർക്ക് ട്രംപ് ഭരണകൂടം യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ടു ചെയ്തത്. യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രാജ്യങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
പത്തു രാജ്യങ്ങൾ ഉൾപ്പെട്ട ആദ്യ പട്ടികയിൽ അഫ്ഗാനിസ്ഥാൻ, ഇറാൻ, സിറിയ, ക്യൂബ, വടക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങളാണുള്ളത്. ഇവിടെനിന്നുള്ളവരുടെ വിസ പൂർണമായും റദ്ദാക്കും. എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ അഞ്ച് രാജ്യങ്ങളാണ് രണ്ടാം പട്ടികയിലുള്ളത്. ഇവർക്ക് വിസ അനുവദിക്കുന്നതിൽ ഭാഗിക നിയന്ത്രണമാണ് ഉണ്ടാവുക. ടൂറിസ്റ്റ്, സ്റ്റുഡന്റ്, കുടിയേറ്റ വിസകൾ അനുവദിക്കുന്നതിലാണ് നിയന്ത്രണം.
26 രാജ്യങ്ങളാണ് മൂന്നാമത്തെ വിഭാഗത്തിലുള്ളത്. പാകിസ്താനും ഭൂട്ടാനുമടക്കമുള്ള രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. 60 ദിവസത്തിനുള്ളിൽ പോരായ്മകൾ പരിഹരിക്കാൻ സർക്കാരുകൾ തയ്യാറായില്ലെങ്കിൽ ഈ രാജ്യങ്ങളിലെ പൗരന്മാരുടെ വിസ ഭാഗികമായി റദ്ദാക്കും.
വിസ പൂർണ്ണമായും റദ്ദാക്കുന്ന രാജ്യങ്ങൾ:
അഫ്ഗാനിസ്ഥാൻ, ക്യൂബ, ഇറാൻ, ലിബിയ, വടക്കൻ കൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനസ്വേല, യെമൻ.
ഭാഗികമായി റദ്ദാക്കുന്ന രാജ്യങ്ങൾ:
എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ.
പോരായ്മകൾ പരിഹരിച്ചില്ലെങ്കിൽ വിസ റദ്ദാവുന്ന രാജ്യങ്ങൾ:
അങ്കോള, ആന്റിഗ്വ ആൻഡ് ബർബുഡ, ബെലാറസ്, ബെനിൻ, ഭൂട്ടാൻ, ബുർക്കിനാഫാസോ, കാബോ വെർഡെ, കംബോഡിയ, കാമറൂൺ, ഛാഡ്, കോംഗോ, ഡൊമനിക്ക, ഇക്വിറ്റോറിയൽ ഗ്വിനിയ, ഗാംബിയ, ലൈബീരിയ, മലാവി, മൗറിറ്റീനിയ, പാകിസ്താൻ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂക്ക, സാവോ ടോമെ ആൻഡ് പ്രിൻസിപ്പെ, സിയെറ ലിയോൺ, ഈസ്റ്റ് തിമോർ, തുർക്ക്മെനിസ്താൻ, വനുവാതു.