പ്രകാശം അതുണ്ടെങ്കിൽ മാത്രമേ ജന്തുക്കൾക്ക് പ്രത്യേകിച്ച് മനുഷ്യന് മറ്റൊരു വസ്തുവിനെ കാണാൻ സാധിക്കുകയുള്ളൂ. പ്രകാശവർഷങ്ങൾക്ക് അകലെ നിൽക്കുന്ന നക്ഷത്രങ്ങൾ ആയാലും തൊട്ടടുത്തിരിക്കുന്ന ഒരു മൊബൈൽ ഫോൺ ആണെങ്കിലും മനുഷ്യനെ കാണണമെങ്കിൽ പ്രകാശം വേണം. നക്ഷത്രങ്ങളുടെ പ്രകാശം, പ്രകാശവർഷങ്ങൾക്ക് അകലെ നിന്ന് സഞ്ചരിച്ച് നമ്മുടെ മുന്നിൽ എത്തുമ്പോഴാണ് നാം അവയെ കാണുന്നത് അതേസമയം സൂര്യന്റെയോ അല്ലെങ്കിൽ രാത്രിയിൽ മറ്റു പ്രകാശങ്ങളുടെ സഹായത്തോടെ നാം മറ്റൊരു വസ്തുവിനെ കാണുന്നു.
സെക്കൻഡിൽ 300000 കിലോമീറ്റർ ആണ് പ്രകാശവേഗത, അതുകൊണ്ട് സ്വിച്ച് ഇടുമ്പോൾ തന്നെ മുറിയിൽ വെട്ടം വരും. കാണാമെങ്കിലും തൊടാൻ പറ്റാത്ത ആ പ്രകാശത്തെ തൊട്ടുനോക്കാൻ സാധിക്കുന്ന ഒരു കാലം വരും, അതാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ഭൗതിക ശാസ്ത്രത്തെ ഞെട്ടിച്ചു കൊണ്ടാണ് പ്രകാശത്തെ super solid - സൂപ്പർ സോളിഡ് (അതിഖരാവസ്ഥ) രൂപത്തിലേക്ക് മാറ്റി നിർണായക കണ്ടത്തിൽ ഗവേഷകർ ലോകത്തെ ഞെട്ടിച്ചത്. സാധാരണയായി ഊർജ്ജത്തിന്റെ ഒരു രൂപമായ പ്രകാശത്തെ ഖരാവസ്ഥയിലേക്ക് അതായത് എടുത്തു നോക്കാൻ പറ്റുന്ന അവസ്ഥയിലേക്ക് മാറ്റിയെടുത്തതിന് പിന്നിൽ ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്റ്റിക്സിലെ ഗവേഷകരാണ്. ഡിമിട്രിസ് ട്രിപ്പോജോർഗോസും ഡാനിയേൽ സാൻവിറ്റോയുമാണ് ഗവേഷണത്തിന് നേതൃത്വം വഹിച്ചത്. മാർച്ച് അഞ്ചിന് പുറത്തിറങ്ങിയ നേച്ചർ ജേണലിൽ ഇതു സംബന്ധിച്ച വിവരങ്ങൾ വിശദമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സൂപ്പർ സോളിഡ്
തൊട്ടു നോക്കാനോ എടുത്തു നോക്കാനോ പറ്റുന്ന പരുവത്തിലുള്ള അതായത് ഖരാവസ്ഥയിലുള്ള വസ്തുവിന്റെ സവിശേഷതകൾക്കൊപ്പം ദ്രാവകാവസ്ഥയിലുള്ള (ഒഴുകുന്ന പ്രവണത) വസ്തുവിന്റെ സ്വഭാവങ്ങളും പ്രകടമാക്കുന്ന അവസ്ഥയാണ് സൂപ്പർസോളിഡ്. എന്നുവച്ചാൽ സൂപ്പർ സോളിഡുകൾക്ക് ഖര രൂപം ഉണ്ടായിരിക്കുകയും, അതേസമയം ഘര്ഷണമില്ലാതെ ഇല്ലാതെ ഒഴുകാൻ സാധിക്കുകയും ചെയ്യുന്ന അസാധാരണ അവസ്ഥ. പ്രകാശത്തെ അതിഖരാവസ്ഥയിലേക്ക് മാറ്റുന്നതിലൂടെ വേഗം കുറയ്ക്കാനും, തരംഗദൈർഘ്യത്തിൽ മാറ്റം വരുത്താനും പ്രകാശത്തെ ഇതിലൂടെ സാധിക്കും. ക്വാണ്ടം ഇൻഫർമേഷൻ സാങ്കേതികവിദ്യയിൽ വലിയ മുന്നേറ്റത്തിന് ഇത് വഴി വയ്ക്കാൻ സാധിക്കും.
കാര്യം ഇതൊക്കെയാണെങ്കിലും ഈ കണ്ടുപിടുത്തം പ്രാരംഭഘട്ടത്തിലാണ്. ഈ വിപ്ലവമായ കണ്ടുപിടുത്തത്തിലൂടെ പ്രകാശത്തിന്റെ ദ്രവ്യത്തിന്റെ അടിസ്ഥാന ഗുണങ്ങളെ മനസ്സിലാക്കുന്നതിന് ഒരു നാഴികല്ല് കൂടിയാണ് ഇത്. മെറ്റീരിയൽ സയൻസിലെ പുതിയ മേഖലകൾ പരിവേഷണം ചെയ്യുന്നതിന് ഈ കണ്ടുപിടുത്തം സഹായകരമാകും.
ഗവേഷകർ മുൻപേ തന്നെ സൂപ്പർ സോളിഡുകളെ നിർമ്മിച്ചിട്ടുണ്ട്, പക്ഷേ പ്രകാശത്തെ ഇത്തരത്തിലേക്ക് മാറ്റുന്നത് ചരിത്രത്തിൽ ആദ്യമാണ്. പ്രകാശത്തെ സൂപ്പർ സോളിഡ് ആക്കിയത് പൊളാരിറ്റോൺ (polariton) എന്ന സംവിധാനത്തിന്റെ സഹായത്തോടെയാണ്. ക്വാണ്ടം മെക്കാനിക്സിൽ കാണപ്പെടുന്ന ഒരു ക്വാസിപാർട്ടിക്കിൾ ആണ് പൊളാരിറ്റോൺ. കൃത്യമായി പറഞ്ഞാൽ ദ്രവ്യത്തിന്റെ കണിക സ്വഭാവവും, പ്രകാശത്തിന്റെ തരംഗസ്വഭാവവും ചേർന്നത്. ഈ പ്രതിഭാസം രൂപം കൊള്ളുന്നതിന് കാരണം ഒരു പ്രകാശ കണികയായ ഫോട്ടോണും ഒരു ദ്രവ്യകണികയായ എക്സിറ്റോണും തമ്മിലുള്ള ശക്തമായ വൈദ്യുതകാന്തിക ഇടപെടലിലൂടെയാണ് പൊളാരിറ്റോൺ രൂപപ്പെടുന്നത്.
പോളാരിറ്റോണുകൾ പ്രകാശത്തെ ഏറ്റവും കുറഞ്ഞ ഊർജ്ജാവസ്ഥയിലേക്ക് മാറ്റാൻ സഹായിക്കുന്നു കുറച്ചുകൂടി പരത്തി പറഞ്ഞാൽ പ്രകാശത്തെ ദ്രവ്യവുമായി സംയോജിപ്പിക്കുകയും, ഒന്നിച്ച അവയെ ഒരു അതിഖര അവസ്ഥയിലേക്ക് മാറ്റുകയും ചെയ്യുന്നു. മനുഷ്യൻ ഉണ്ടായ കാലം മുതൽ, അല്ലെങ്കിൽ മനുഷ്യനും മുൻപ് ഉണ്ടായ ജീവിവർഗങ്ങളുടെ കാലം മുതൽ കാണാൻ മാത്രം സാധിക്കുമായിരുന്ന പ്രകാശത്തെ ഭാവിയിൽ തൊടാനും അനുഭവിക്കാനും സാധിക്കുന്ന അവസ്ഥയിലേക്കുള്ള ഒരു രഹസ്യമാണ് ഗവേഷകർ അനാവരണം ചെയ്തത്.
#Light #SuperSolid