യുഎസിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം പിരിച്ചുവിട്ട പ്രൊബേഷണറി ജീവനക്കാരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ട് കോടതി. കാലിഫോർണിയയിലെയും മേരിലാൻഡിലെയും ഫെഡറൽ ജഡ്ജ്മാരാണ് ഇത്തരത്തിലൊരു ഉത്തരവിറക്കിയത്. 19 ഏജൻസികളിൽ നിന്ന് ആയിരക്കണക്കിന് തൊഴിലാളികളെയാണ് ട്രംപ് കാര്യക്ഷമത പോരാ, ചെലവ് ചുരുക്കൽ തുടങ്ങിയ ന്യായീകരണങ്ങൾ പറഞ്ഞു പുറത്താക്കിയത്.
കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഓഫിസ് ഓഫ് പഴ്സനൽ മാനേജ്മെന്റും ഡയറക്ടർ ചാൾസ് ഇസൈലും ജീവനക്കാരെ പിരിച്ചുവിട്ടതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഫെബ്രുവരി 13, 14 തീയതികളിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ വെറ്ററൻസ് അഫേഴ്സ്, കൃഷി, പ്രതിരോധം, ഊർജം, ഇന്റീരിയർ, ട്രഷറി വകുപ്പ് മേധാവികളോട് കോടതി നിർദേശിച്ചു.
ജീവനക്കാരുടെ പ്രകടനത്തിലെ പോരായ്മയോ മറ്റ് വ്യക്തിഗത കാരണങ്ങളാലോ ആണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ ഇത് ശരിയല്ലെന്ന് ജഡ്ജ് പറഞ്ഞു. നടന്നത് കൂട്ടപ്പിരിച്ചുവിടലാണെന്നും ഇക്കാര്യം മുൻകൂട്ടി അതാത് സ്റ്റേറ്റുകളെ അറിയിക്കേണ്ടിയിരുന്നുവെന്നും കോടതി അറിയിച്ചു. എങ്കിൽ മാത്രമേ തൊഴിൽ നഷ്ടപ്പെടുന്ന പൗരന്മാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സ്റ്റേറ്റുകൾക്ക് സാധിക്കുകയുള്ളുവെന്ന് ജഡ്ജ് ചൂണ്ടിക്കാട്ടി.
അതേസമയം ഫെഡറൽ കോടതിയുടെ ഉത്തരവിനെതിരെ ട്രംപ് ഭരണകൂടം അപ്പീൽ നൽകി. ജീവനക്കാരെ പുനർനിയമിക്കാനുള്ള ഫെഡറൽ കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ പോരാടുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.