ധാതുക്കൾ വെള്ളവുമായി കലരുമ്പോൾ പ്രദേശത്തിന് സവിശേഷമായ ഒരു ചുവപ്പ് നിറം ഉണ്ടാകും
കനത്ത മഴയിൽ കടൽത്തീരത്തേക്ക് രക്തചാലുകൾ ഒഴുകി ചെന്ന് ചേരുന്നു. കടലിൽ പതിക്കുന്നതോടെ കടലും ചുവപ്പ് ആകുന്നു. ഇത് കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ്, ഇതിലെ യാഥാർത്ഥ്യം എന്താണ്. വീഡിയോ കണ്ടപാടെ ഉടൻ വ്യാപക പ്രചാരണം പലതരത്തിൽ അടിച്ചു വിടാൻ തുടങ്ങി പലരും, അതിൽ കാലാവസ്ഥാ വ്യതിയാനം മുതൽ വിശദീകരിക്കാൻ ആവാത്ത അജ്ഞാത പ്രതിഭാസം വരെ ഉൾപ്പെടും.
എന്നാൽ സംഭവം വളരെ സിമ്പിൾ ആയിരുന്നു. ആ പ്രദേശത്തെ കാണപ്പെടുന്ന ഒരു പ്രത്യേകതരം മണ്ണാണ് ഈ രക്തചാല് ഒഴുക്കാൻ കാരണം. മഴവിൽ ദ്വീപ് എന്നറിയപ്പെടുന്ന ഇറാനിലെ ഹോർമൂസ് കടലിടുക്കിനടുത്തുള്ള പ്രദേശത്താണ് മണ്ണിൽ ഈ അത്ഭുത രക്തച്ചാല് ഒഴുകുന്നത്. ഈ പ്രദേശത്ത് ആൾ താമസം കുറവാണ്. എല്ലാ വർഷവും സഞ്ചാരികൾക്ക് ഈ കാഴ്ച അവിടെ കാണാൻ പറ്റും.
പ്രാദേശിക ഭാഷയിൽ Golak എന്ന് വിളിക്കുന്ന ഈ പ്രതിഭാസത്തിന് കാരണം ഈ പ്രദേശത്തുള്ള മണ്ണിലെ അയൺ ഓക്സൈഡിന്റെ ഉയർന്ന സാന്ദ്രത മൂലമാണ് മണ്ണ് ചുവന്നിരിക്കുന്നതും, മഴവെള്ളം വീഴുമ്പോൾ രക്തം പോലെ ഒഴുകി പരക്കുന്നതിനും കാരണം. മണ്ണിലെ ധാതുക്കൾ വെള്ളവുമായി കലരുമ്പോൾ പ്രദേശത്തിന് സവിശേഷമായ ഒരു ചുവപ്പ് നിറം ഉണ്ടാകും, ഇറാനിയൻ ടൂറിസം വകുപ്പ് അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു.
സൗന്ദര്യവർദ്ധക വസ്തുക്കൾ, സെറാമിക് ഉൽപ്പന്നങ്ങൾ മുതൽ ജാമുകളും, സോസുകളും വരെയുള്ള ഭക്ഷണ സാധനങ്ങൾക്കും ഈ പ്രദേശത്ത് മണ്ണ് വ്യാവസായികമായി ഉപയോഗിക്കാറുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇറാനിയൻ ടൂറിസം വകുപ്പിനെ ഉദ്ധരിച്ചാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.