![]() |
Adv. B.A. Aloor |
എത്ര വലിയ കുറ്റവും ചെയ്താൽ പ്രതികൾക്ക് വേണ്ടി ഹാജരാകുന്ന ആ മനുഷ്യൻ, ഒരുപക്ഷേ മറ്റുള്ളവരുടെ മുന്നിൽ കുപ്രസിദ്ധി നേടിയ B.A ആളൂർ എന്ന 'ബിജു ആൻറണി ആളൂർ'(53) വക്കീൽ കൊച്ചി ലിസി ആശുപത്രിയിൽ അന്തരിച്ചു. ഒരുപക്ഷേ കേരളത്തിന്റെ ചരിത്രത്തിൽ അല്ലെങ്കിൽ ഇപ്പോഴുള്ള തലമുറകളുടെ ചരിത്രത്തിൽ അതുമല്ലെങ്കിൽ ഇത്രയും വാർത്ത മാധ്യമങ്ങളും, സമൂഹമാധ്യമങ്ങളും ഉള്ള കാലത്ത് കുപ്രസിദ്ധ നേടിയ മനുഷ്യൻ. പ്രതികൾക്ക് വേണ്ടി ഹാജരായി കൊലക്കയറിൽ നിന്ന് അവരെ രക്ഷിച്ചെടുത്ത മനുഷ്യൻ എന്നാവും അയാളെ ചരിത്രം അടയാളപ്പെടുത്തുന്നത്. ഏറെക്കാലമായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു, പക്ഷേ അപ്പോഴും പ്രതികൾക്ക് വേണ്ടി അദ്ദേഹം വക്കാലത്ത് ഏറ്റു.
തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയാണ് ബി. എ. ആളൂർ.താൻ ‘കുപ്രസിദ്ധനാ’കുന്നതിൽ യാതൊരു വേവലാതിയും ഇല്ലാത്ത ആളായിരുന്നു അന്തരിച്ച അഡ്വ. ബിജു ആന്റണി ആളൂർ എന്ന ബി.എ.ആളൂർ. കേരളം നടുങ്ങിയ ഒട്ടേറെ കേസുകളിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരായിക്കൊണ്ടാണ് ആളൂർ തന്റെ പ്രശസ്തി വർധിപ്പിച്ചത്. കക്ഷികൾ കുറ്റം ചെയ്തിട്ടുണ്ടോ നിഷ്കളങ്കരാണോ എന്നു നോക്കാറില്ലെന്നും പ്രതിഫലം ലഭിച്ചാൽ കേസ് ഏറ്റെടുക്കുമെന്നും ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരാകുന്ന സമയത്ത് ആളൂർ പറഞ്ഞിരുന്നു. ചെയ്യുന്നതു ജോലിയാണെന്നും തന്നെ കുറ്റം പറയാതെ കുറ്റകൃത്യം ഒഴിവാക്കാനാണു ശ്രമിക്കേണ്ടതെന്നായിരുന്നു ആളൂരിന്റെ വാദം. പലർക്കും ദഹിക്കത്തില്ലെങ്കിലും അതായിരുന്നു ശരി.
തൃശൂർ സെൻ്റ് തോമസ് കോളേജിലായിരുന്നു പഠനം. പ്രീ ഡിഗ്രി വരെ കേരളത്തിലുണ്ടായിരുന്നു. കേരളത്തിൽ നിന്ന് പൂനെയിലേക്ക് പോയതാണ് ആളൂരിന്റെ ജീവിതം മാറ്റി മറിച്ചത്. നിയമ ബിരുദം സ്വന്തമാക്കുന്നത് അവിടെ വച്ചാണ്. പിന്നീട് സഹോദരനൊപ്പം ഏതാണ്ട് ഒരു ദശാബ്ദത്തോളും പൂനെയിൽ തന്നെയായിരുന്നു താമസം.
1999ലാണ് ആളൂർ അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. നാല് വർഷത്തോളം കേരളത്തിലെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്തു. ക്രിമിനൽ കേസുകളിൽ തന്നെയായിരുന്നു ശ്രദ്ധ മുഴുവൻ.2013 ആഗസ്റ്റ് 20ന് നരേന്ദ്ര ധബോൽക്കറെ സംഘപരിവാർ അനുഭാവികൾ വെടിവച്ച് കൊന്നപ്പോൾ ആ കേസിലും പ്രതികളെ രക്ഷിക്കാൻ രംഗത്തിറങ്ങിയത് ബി.എ. ആളൂർ ആയിരുന്നു.ആളൂർ മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലും കേസുകളും ഏറ്റെടുത്തിട്ടുണ്ട്. ഏതു കുറ്റവാളിക്കും സമീപിക്കാവുന്ന ആളാണ് അഡ്വ. ആളൂർ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശസ്തി.
തീരുമാനങ്ങൾ കൊണ്ട് കേരളക്കരയെ ഞെട്ടിച്ച, പലപ്പോഴും 'വെറുപ്പ്' സമ്പാദിച്ച ക്രിമിനൽ അഭിഭാഷകൻ. കുപ്രസിദ്ധമാകുന്ന ഏതൊരു കേസ് കോടതിയിലെത്തുമ്പോഴും മാധ്യമങ്ങളും പൊതുജനങ്ങളും ഒരുപോലെ ചോദിച്ചു, "പ്രതിക്കായി ഹാജരാകുന്നത് ആളൂരാണോ?"
ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് മുതലാണ് അഡ്വ. ആളൂരിനെ മലയാളി ശ്രദ്ധിച്ചു തുടങ്ങിയത്. 2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന ഇരുപത്തിമൂന്നുകാരിയായ യുവതി കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ വച്ച് ബലാത്സംഗത്തിന് ഇരയാവുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തത്. സൗമ്യയുടെ കൊലയാളിയായ ഗോവിന്ദച്ചാമിക്കെതിരെ പ്രതിഷേധം ഉയർന്നപ്പോഴും പ്രതിക്കായി വാദിക്കുമെന്നു വ്യക്തമാക്കി രംഗത്തെത്തിയ ആളാണ് ആളൂർ.മലയാളി ആയിരിക്കില്ലെന്നും തമിഴ്നാട്ടിൽ നിന്നോ മറ്റോ ഗോവിന്ദച്ചാമിക്കായി എത്തിയതാകുമെന്നും ആളൂരിനെ പരിചയമില്ലാത്തവർ സംശയിച്ചു. സുപ്രീം കോടതിയിലെത്തി വാദിച്ച് ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റവും കൊലക്കയറും ഒഴിവാക്കിയ ആളൂരിനു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.സിറ്റിങ്ങിന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ആളൂർ വക്കീൽ എങ്ങനെ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായി? അതിന്നും ദുരൂഹമായി നിലനിൽക്കുന്നു.
ആരോപണവിധേയനായ ആയുധ വ്യാപാരി മനീഷ് നാഗോരിക്കും സഹായി വികാസ് ഖണ്ഡേൽവാളിനുമായി ആളൂർ കോടതിയിൽ ഹാജരായി.നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഒന്നാം പ്രതി പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ അഡ്വ. ആളൂർ ആയിരുന്നു.ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന് വേണ്ടി കോടതിയിൽ ഹാജരായത് ബി.എ. ആളൂർ.നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനായി രംഗത്തെത്തുമെന്ന് ആദ്യം അറിയിച്ചെങ്കിലും നടൻ്റെ വക്കാലത്ത് നേടിയെടുത്തത് അഡ്വ. ബി. രാമൻപിള്ളയായിരുന്നു!
പ്രശസ്തിക്ക് വേണ്ടി എന്നായിരുന്ന ഭൂരിപക്ഷ ആരോപണം. എന്നാല്‍ ഇതിനൊന്നും മറുപടി നൽകാൻ നിൽക്കാതെ ആളൂർ തന്റെ 'കുപ്രസിദ്ധിയുടെ' അളവ് കൂട്ടിക്കൊണ്ടിരുന്നു. ആരാണ് ഈ വക്കാലത്തുകൾ ആളൂരിനെ ഏൽപ്പിക്കുന്നത് എന്ന് വ്യക്തമല്ല. വിശദീകരണം നൽകാൻ ആളൂർ മെനക്കെടാറുമില്ല. മലയാളക്കര ആകെ പ്രതിക്ക് എതിരെ നിൽക്കുമ്പോൾ 'അയാൾ കുറ്റാരോപിതൻ മാത്രമാണ്' എന്ന് പറഞ്ഞ് ആളൂർ രംഗത്തെത്തി. ഒരിക്കൽ മാത്രം ആളൂർ ഇത്രമാത്രം പറഞ്ഞു. ട്രെയിൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടിത മയക്കുമരുന്ന് മാഫിയയാണ് ഗോവിന്ദച്ചാമിയുടെ കേസ് തന്നെ എൽപ്പിച്ചത് എന്ന് ആളൂർ ന്യൂസ് മിനുട്ടിനോട് വെളിപ്പെടുത്തി. അപ്പോഴും സംശയങ്ങൾ ഏറിയതല്ലാതെ അതിന് കുറവൊന്നുമുണ്ടായില്ല.
ഇലന്തൂരിലെ നരബലി കേസ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാൻ തയ്യാറാണെന്ന് പറയാൻ ആളൂർ മടിച്ചില്ല. അഞ്ഞൂറിലേറെ മോഷണങ്ങൾ നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റെ അഭിഭാഷകനും ആളൂർ തന്നെയാണെന്നാണ് പറയപ്പെടുന്നത്. 'നിങ്ങൾ ഇപ്പോൾ എന്തുതന്നെയായാലും, അതിൽ മികച്ച് നിൽക്കുക' എന്ന് പറയാറുണ്ട്. കിഡ്നി സംബന്ധമായ രോഗം കാരണം മരിക്കുമ്പോഴും ആളൂർ ആ വാക്യത്തോട് നീതി പുലർത്തുന്നു. താൻ കൈകാര്യം ചെയ്ത കേസുകളേക്കാൾ കുപ്രസിദ്ധി നേടിയ ക്രിമിനൽ വക്കീലായാണ് ആളൂർ മടങ്ങുന്നത്. ചിലർക്കെങ്കിലും വിയോജിപ്പുണ്ടെങ്കിലും ഈ മനുഷ്യനെ മലയാളികൾ മറക്കില്ല കാരണം അദ്ദേഹത്തിന്റെ കഴിവുകൊണ്ട് നേടിയെടുത്ത വിധികൾ അത് അടി വരെ ഇടും. പ്രതികളാണെങ്കിൽ ഒട്ടും മറക്കില്ല കാരണം എല്ലാരും വെറുത്തപ്പോഴും നിയമസഹായവുമായി ആരും വരാത്തപ്പോഴും ഉണ്ടായിരുന്നത് ആ മനുഷ്യൻ മാത്രം..
Adv.B.A.Aloor
#CriminalLawyer