അത്യപൂർവമായൊരു നേട്ടത്തിനാണ് ലോകം തിങ്കളാഴ്ച സാക്ഷിയായത്. യുദ്ധമുഖത്തെ ഒരു റോക്കറ്റ് ലോഞ്ചറിലെന്നപോലെ ഒന്നിന് പിറകെ ഒന്നായി ബഹിരാകാശ റോക്കറ്റുകൾ ഭൂമിയിൽ നിന്ന് വിക്ഷേപിച്ച ദിവസമായിരുന്നു തിങ്കളാഴ്ച. 18 മണിക്കൂറിനിടെ ആറ് വ്യത്യസ്ത റോക്കറ്റുകളാണ് വിക്ഷേപിക്കപ്പെട്ടത്. മുമ്പ് 24 മണിക്കൂറിൽ നാല് റോക്കറ്റ് വിക്ഷേപിച്ചതിന്റെ റെക്കോർഡ് തിരുത്തുന്നതായിരുന്നു ഈ നേട്ടം.
ഇന്ത്യൻ സമയം ഏപ്രിൽ 29 പുലർച്ചെ 1.40-ന് ചൈനയിൽ നിന്നാണ് ആദ്യ റോക്കറ്റ് പുറപ്പെട്ടത്. ഗ്വാങ് ബ്രോഡ്ബാൻഡ് ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ലോങ് മാർച്ച് 5ബി റോക്കറ്റാണ് വിക്ഷേപിച്ചത്. ചൈനയിലെ ഹൈനാനിലുള്ള വെൻചാങ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം.
സ്പേസ് എക്സിന്റെ വകയായിരുന്നു രണ്ടാമത്തേത്. ഏപ്രിൽ 29 ഇന്ത്യൻ സമയം പുലർച്ചെ 2.12-ന് കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് 27 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുമായി ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചു.
യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്ലസ് വി റോക്കറ്റായിരുന്നു അടുത്തത്. ഏപ്രിൽ 29 പുലർച്ചെ 4.31-ന് ഫ്ലോറിഡയിലെ കേപ്പ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്നായിരുന്നു വിക്ഷേപണം. ആമസോണിന്റെ കൈപ്പർ ബ്രോഡ്ബാൻഡ് ഉപഗ്രഹ ശൃംഖലയിലേക്കുള്ള ആദ്യ 27 ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ളതാണ് വിക്ഷേപണം.
ഏപ്രിൽ 29-ന് രാവിലെ 8 മണിക്ക് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സ് മറ്റൊരു ഫാൽക്കൺ 9 റോക്കറ്റ് കൂടി വിക്ഷേപിച്ചു. 23 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ലോ എർത്ത് ഓർബിറ്റിൽ എത്തിക്കുന്നതിനുള്ള ദൗത്യമായിരുന്നു ഇത്.
ഏപ്രിൽ 29 ഉച്ചയ്ക്ക് 2.45-ന് ആയിരുന്നു അടുത്ത വിക്ഷേപണം. ലോകത്തെമ്പാടുമുള്ള വനപ്രദേശങ്ങളെ കുറിച്ച് പഠിക്കുന്നതിനും ഭൂമിയിലെ കാർബൺ ചക്രത്തിൽ അവയുടെ പങ്ക് എന്താണെന്ന് കൃത്യമായി മനസ്സിലാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ബയോമാസ് ഉപഗ്രഹത്തിന്റെ വിക്ഷേപണമായിരുന്നു ഇത്. യൂറോപ്യൻ സ്പേസ് ഏജൻസിക്ക് വേണ്ടി ഏരിയൻസ്പേസിന്റെ വേഗ-സി റോക്കറ്റിലായിരുന്നു വിക്ഷേപണം. ഫ്രഞ്ച് ഗയാനയിലെ കുറൂവിലുള്ള വിക്ഷേപണ കേന്ദ്രത്തിൽ നിന്നായിരുന്നു ദൗത്യ വിക്ഷേപണം.
യുഎസിൽ നിന്ന് തന്നെയാണ് ഏപ്രിൽ 29-ലെ ആറാമത്തെ റോക്കറ്റ് വിക്ഷേപണം നടന്നത്. ഇന്ത്യൻ സമയം വൈകിട്ട് നാല് മണിക്ക് കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്ന് ലോക്ഹീഡ് മാർട്ടിന്റെ ഒരു പ്രോട്ടോടൈപ്പ് ഉപഗ്രഹം വഹിച്ചുള്ള ഫയർഫ്ലൈ ആൽഫ റോക്കറ്റ് വിക്ഷേപിച്ചു. എന്നാൽ ഈ ദൗത്യം പരാജയപ്പെട്ടു. റോക്കറ്റിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ വേർപെടുന്നതിനിടെ അപകടം സംഭവിക്കുകയും പേലോഡ് നഷ്ടപ്പെടുകയും ചെയ്തു.
കൃത്യമായി പറഞ്ഞാൽ 17.5 മണിക്കൂറിനിടെയാണ് ഈ ആറ് ബഹിരാകാശ റോക്കറ്റുകളുടെ വിക്ഷേപണം നടന്നത്. ഇതിൽ അഞ്ചെണ്ണം വിജയകരമായി പൂർത്തിയായി. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വഹിച്ച് ഒരു ദിവസം രണ്ട് വിക്ഷേപണങ്ങളാണ് സ്പേസ് എക്സ് നടത്തിയത്. ബ്രോഡ്ബാൻഡ് ഉപഗ്രഹങ്ങൾക്ക് വേണ്ടിയുള്ള വിക്ഷേപണങ്ങളാണ് ചൈനയും നടത്തിയത്. ആമസോണിന്റെ ദൗത്യവും ഉപഗ്രഹ ഇന്റർനെറ്റിന് വേണ്ടിയുള്ളതായിരുന്നു.
ആദ്യ കൈപ്പർ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു.
ആമസോണിന്റെ കൈപ്പർ ഉപഗ്രഹ(Project Kuiper) ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനത്തിന് വേണ്ടിയുള്ള ആദ്യ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. 27 ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കപ്പെട്ടത്. ചൊവ്വാഴ്ച ഫ്ലോറിഡയിൽ നിന്നായിരുന്നു വിക്ഷേപണം. കൈപ്പർ പദ്ധതിയുടെ ഭാഗമായി 3236 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ആമസോണിന്റെ പദ്ധതി. 2019-ലാണ് 1000 കോടി ഡോളറിന്റെ പദ്ധതി കമ്പനി പ്രഖ്യാപിച്ചത്.
സാധാരണ ഉപഭോക്താക്കൾക്കും വാണിജ്യസ്ഥാപനങ്ങൾക്കും ഭരണകൂടങ്ങൾക്കും ആഗോളതലത്തിൽ ഉപഗ്രഹ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 4:30-ന് ഫ്ലോറിഡയിലെ കേപ്പ് കനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്നായിരുന്നു വിക്ഷേപണം. ബോയിങ്, ലോക്ഹീഡ് മാർട്ടിൻ എന്നീ കമ്പനികളുടെ സംയുക്ത സംരംഭമായ യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്ലസ് വി റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്.
സ്പേസ് എക്സിന്റെ സ്റ്റാർലിങ്കിനെ വെല്ലുവിളിച്ചാണ് ആമസോണിന്റെ കൈപ്പർ ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടതെങ്കിലും സ്റ്റാർലിങ്ക് ഇതിനകം ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുകഴിഞ്ഞു.
ഈ വർഷം യുഎൽഎയുടെ റോക്കറ്റുകളിൽ കൈപ്പർ ഉപഗ്രഹങ്ങളുടെ അഞ്ച് വിക്ഷേപണങ്ങൾ കൂടി നടക്കും. 578 ഉപഗ്രഹങ്ങളായാൽ ഭൂമിയുടെ ചില വടക്കൻ മേഖലകളിലും തെക്കൻ മേഖലകളിലും സേവനം ആരംഭിക്കാനാവുമെന്ന് ആമസോൺ നേരത്തെ വ്യക്തമാക്കിയിരുന്നു.
2023-ലാണ് കൈപ്പർ പദ്ധതിയുടെ ഭാഗമായുള്ള രണ്ട് പരീക്ഷണ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ഈ ദൗത്യം വിജയകരമായിരുന്നു. ഈ ഉപഗ്രഹങ്ങൾ കഴിഞ്ഞ വർഷം ഭ്രമണപഥത്തിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു