ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ (എ ഐ) കാലത്താണ് നാം ജീവിക്കുന്നത്, അത് പൂർണ്ണ വളർച്ച എത്തിയിട്ടില്ലെങ്കിലും പല മേഖലകളിലേക്ക് അത് വ്യാപിച്ചു തുടങ്ങി ശരിക്കും പറഞ്ഞാൽ അത് എല്ലാ മേഖലകളിലും എന്നതിൽ ഇപ്പോഴും പല വാദപ്രതിവാദങ്ങളും നിലനിൽക്കുന്നു, സിമ്പിൾ ആയിട്ട് ആലോചിച്ചു കഴിഞ്ഞാൽ തന്നെ അതിന് കാരണങ്ങൾ പലതുണ്ട്. പല മേഖലകളിലും അത് കൈവച്ചു കഴിഞ്ഞാൽ സ്വാഭാവികമായിട്ടും മനുഷ്യന്റെ തൊഴിലിനെ ഉൾപ്പെടെ ബാധിക്കും എന്നതിൽ സംശയമൊന്നുമില്ല, എന്ന് മാത്രമല്ല അപവാദപ്രചാരണങ്ങൾക്കും ഇഷ്ടം പോലെ ഉപയോഗിക്കുന്ന കാലമാണ്.
ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) 2030 ആകുമ്പോഴേക്കും മനുഷ്യരാശിയുടെ അന്തകൻ ആകുമെന്ന് പഠനം, പഠനം നടത്തിയത് ആരാണെന്ന് ചോദിച്ചാൽ സെർച്ച് എൻജിൻ കമ്പനി ഗൂഗിൾ തന്നെ!. ഗൂഗിൾ ഡീപ്പ് മൈന്റിന്റെ പുതിയ ഗവേഷണ പ്രബന്ധത്തിൽ ആണ് ഹ്യൂമൻ ലെവൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (HLAI) (മേൽപ്പറഞ്ഞത് തന്നെ) എന്ന നിർമ്മിത ബുദ്ധി 2030 ഓടെ വരുമെന്നും അത് ഗുരുതര പ്രശ്നങ്ങൾക്ക് വഴി വെക്കുമെന്നും പറയുന്നു.
എ ഐ ജി എങ്ങനെയാണ് മനുഷ്യരാശിയുടെ വംശനാശത്തിന് കാരണമാകുന്നത് എന്നതിനെ കുറിച്ച് ഡീപ്പ് മൈൻഡ് സഹസ്ഥാപകനും , സഹ രചയിതാവുമായ ഷെയ്ന് ലെഗ് കൃത്യമായി പറയുന്നില്ല. അതിനുപകരം നിർമ്മിത ബുദ്ധിയുടെ മേഖലയിൽ പ്രവർത്തിക്കുന്ന ഗൂഗിൾ അടക്കമുള്ള കമ്പനികൾ എടുക്കേണ്ട മുൻകരുതലിനെ കുറിച്ചാണ് പറയുന്നത്.
നിർമ്മിത ബുദ്ധിയുടെ അപകട സാധ്യതകളെക്കുറിച്ച് നാല് വിഭാഗങ്ങളായാണ് ഇപ്രബന്ധത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
1) എ ഐ യെ മറ്റുള്ളവരെ ഉപദ്രവിക്കാൻ ആളുകൾ എങ്ങനെ ദുരുപയോഗം ചെയ്യും
2) ക്രമീകരിക്കുന്നതിൽ തെറ്റ് അതായത് മാനുഷിക മൂല്യങ്ങളുമായി എ ഐ യുടെ ലക്ഷ്യങ്ങൾ പൊരുത്തപ്പെടാത്തപ്പോൾ
3) ai യുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകൾ
4) എഐ സിസ്റ്റങ്ങൾ എങ്ങനെ നിർമ്മിക്കപ്പെടുന്നു എന്നത് സംബന്ധിച്ചുള്ള ഘടനാപരമായ അപകട സാധ്യതകൾ.
ഇതോടൊപ്പം നിർമ്മിത ബുദ്ധിയുടെ സാധ്യത ഉപയോഗിച്ച് മറ്റുള്ളവരെ ആളുകൾ എങ്ങനെ ദ്രോഹിക്കാൻ കഴിയുമെന്ന സാഹചര്യം പരിഗണിച്ച് ഡീപ്പ് മൈൻഡ് അപകട സാധ്യത കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യയെക്കുറിച്ച് ഇവിടെ സൂചിപ്പിക്കുന്നു.
2025 ഫെബ്രുവരിയിൽ ഡീപ്പ് മൈൻഡ് സി ഇ ഓ ഡെമിസ് ഹസാബിസ് തന്നെ നിർമ്മിത ബുദ്ധിയുടെ സാങ്കേതിവിദ്യ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, ഒരുപക്ഷേ അദ്ദേഹത്തിന് അറിയാമായിരിക്കാം പറഞ്ഞിട്ട് കാര്യമില്ല എന്ന്. അടുത്ത അഞ്ചു മുതൽ 10 വർഷത്തിനുള്ളിൽ എ ജി ഐ ഉയർന്നു വരുമെന്നാണ്, എന്നാൽ അതിനുമുമ്പ് തന്നെ സംഗതി യാഥാർത്ഥ്യം ആകുന്നു എന്നാണ് ഗൂഗിൾ തന്നെ പറയുന്നത്.
ഐക്യരാഷ്ട്ര സംഘടന പോലെയുള്ള ഒരു അന്താരാഷ്ട്ര സംഘടന എ ജി ഐ സുരക്ഷിതമായി വികസിപ്പിച്ചെടുക്കാൻ വേണമെന്നും കൂടാതെ സുരക്ഷിതമല്ലാത്ത എഐ പദ്ധതികൾ നിരീക്ഷിക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മാതൃകയിൽ ഒരു സംഘടന വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിവേഗം വളരുന്ന സാങ്കേതികവിദ്യയാണ് നിർമിത ബുദ്ധി എന്നും, ഇതിൻറെ പരിണാമത്തിൽ ഉണ്ടാകുന്ന വേഗം വെല്ലുവിളി വർദ്ധിപ്പിക്കുന്നു, അത് എന്തിനുവേണ്ടി എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യമെന്നും, എ ഐ മനുഷ്യരാശിയുടെ നന്മയ്ക്കു വേണ്ടിയാണ് ഉപയോഗിക്കേണ്ടത് എന്നും അദ്ദേഹം അന്ന് കൂട്ടിച്ചേർത്തിരുന്നു.
AGI എന്താണ്?
മൊബൈൽ ഫോണുകൾ അടക്കം നാം ഉപയോഗിക്കുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI) കൃത്രിമ ബുദ്ധി , നിർമ്മിത ബുദ്ധി എന്നൊക്കെ അറിയപ്പെടുന്ന സാങ്കേതികവിദ്യയുടെ കുറച്ചുകൂടെ മൂത്ത പതിപ്പായിട്ട് വരും എ ജി ഐ (ആർട്ടിഫിഷ്യൽ ജനറൽ ഇൻറലിജൻസ്). നിലവിൽ ഉപയോഗിക്കുന്ന എഐക്ക് ഒരു സമയത്ത് ഒരു ടാസ്ക് (പ്രവർത്തി) ചെയ്യാൻ സാധിക്കുമ്പോൾ ബുദ്ധിയുള്ള മനുഷ്യന് ചെയ്യാൻ കഴിയുന്നതുപോലെ ഒന്നിലധികം ടാസ്കുകൾ ചെയ്യാൻ എ ജി ഐക്ക് സാധിക്കും. ഒരു സമയത്ത് തന്നെ നിരവധി വ്യത്യസ്തങ്ങളായ പ്രവർത്തികൾ ചെയ്യാൻ കഴിയും വിധമാണ് ആർട്ടിഫിഷ്യൽ ജനറൽ ഇൻറലിജൻസിന്റെ രൂപകല്പന കൂടാതെ മനുഷ്യ മസ്തിഷ്കത്തെ പോലെ വ്യത്യസ്തമായ മേഖലകളിൽ അറിവ് സമ്പാദിക്കാനും, അത് സന്ദർഭം പോലെ എടുത്തിട്ട് പ്രയോഗിക്കാനും ഈ സാങ്കേതിവിദ്യക്ക് കഴിയും, അതുതന്നെയാണ് മേൽപ്പറഞ്ഞ അപകട സാധ്യതകളിലേക്ക് വിരൽ ചൂണ്ടാൻ കാരണം.
#AI #GOOGLE