പെറ്റമ്മയോളം വലുത് ലോകത്ത് ഒന്നും ഉണ്ടാവില്ല, അമ്മയും മക്കളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളൊക്കെ ഉണ്ടാവും പക്ഷേ അപൂർവ്വം ചില ദുഷ്ടരായ അമ്മമാർ ഒഴികെ ബാക്കിയെല്ലാം സ്നേഹത്തിന് നിറകുടങ്ങൾ തന്നെയാണ്. എന്നാൽ രണ്ടാനമ്മ എന്ന പ്രയോഗം അല്ലെങ്കിൽ അവസ്ഥ എന്ന് പറയുന്നത് മിക്കവാറും എല്ലാവർക്കും തന്നെ ഒരു ദുരാനുഭവം തന്നെയാണ്. പുറത്തുള്ളവർക്ക് ഒന്നും മനസ്സിലായില്ലെങ്കിലും യഥാർത്ഥത്തിൽ അത് അനുഭവിക്കുന്നവർക്ക് അറിയാം. നല്ലവരായ രണ്ടാനമ്മമാരും ഉണ്ട്, എത്രയോ പേർ.. ഇതിന് പകരമായി സമീപകാലങ്ങളിൽ പ്രചാരം നേടുന്ന ഒരു വാക്കാണ് 'ബോണസ് മോം'.
കഴിഞ്ഞ 30 വർഷങ്ങൾക്ക് ഇടയിൽ എപ്പോഴോ രണ്ടാനമ്മ /സ്റ്റെപ്മോം എന്ന നെഗറ്റീവ് ഫീൽ തരുന്ന വാക്കിന് പകരമായി രൂപപ്പെട്ടതാണ് ബോണസ് മോം (Bonus Mom). ബോണസ് മാം എന്ന പ്രയോഗം കൊണ്ട് വിവക്ഷിക്കുന്നത് 'തൻറെ ഭർത്താവിൻറെ ആദ്യ ഭാര്യയിൽ ഉണ്ടായ കുട്ടികളെ വളരെ സ്നേഹത്തോടെ ശ്രദ്ധയോടെ പരിപാലിക്കുന്ന സ്ത്രീ' എന്നതാണ്.
യൂറോപ്പിലും, അമേരിക്കയും ഉൾപ്പെടെയുള്ള പാശ്ചാത്യ നാടുകളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി മാതൃത്വത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പുതിയ പദമാണ് Bonus Mom മിനെ നിർവചിക്കുന്നത്. കുട്ടിയുടെ അമ്മയെ മാറ്റി പകരം അതിൻറെ സ്ഥാനത്ത് പുതിയ ഒരു അമ്മ, അതും അല്ലെങ്കിൽ കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ സ്വന്തം അമ്മയ്ക്ക് പുറമേ മറ്റൊരമ്മ എന്നതിന് പകരം അമ്മയുടെ സ്ഥാനത്ത് നിന്നുകൊണ്ട് കുട്ടികളുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന ഒരു വ്യക്തി എന്നതാണ് ഈ പദം കൊണ്ട് അർത്ഥമാക്കുന്നത്. അധികം, നല്ലത് തുടങ്ങിയ അർത്ഥങ്ങളാണ് ബോണസ് എന്ന പദം കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. ബോണസ് മോം എന്നു പറയുമ്പോൾ അമ്മയെപ്പോലെ ആകുന്നതിനൊപ്പം സ്വതന്ത്ര വ്യക്തി എന്ന തോന്നലും ഉണ്ടാകും.
കൃത്യമായി എന്നുമുതലാണ് ബോണസ് മോം എന്ന പ്രയോഗം തുടങ്ങിയത് എന്നതിൽ ഇപ്പോഴും വലിയ വ്യക്തത ഒന്നുമില്ല.1990-2000 കാലഘട്ടത്തിൽ വിവാഹമോചനങ്ങൾ വർദ്ധിക്കുകയും അതൊരു സാധാരണ കാര്യമായി മാറുകയും ചെയ്ത സാഹചര്യത്തിൽ ആവണം ഇത്തരത്തിൽ ഒരു വാക്കിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയത്. ആ സാഹചര്യത്തിൽ പെറ്റ അമ്മയെ പോലെ സ്നേഹം കാണിക്കാത്ത, കുഞ്ഞുങ്ങളെ ശ്രദ്ധിക്കാത്ത അവരെ ദ്രോഹിക്കുന്ന ദുഷ്ടരൂപമായ രണ്ടാനമ്മ /സ്റ്റെപ് മാം കഥാപാത്രങ്ങളെ (ജീവിച്ചിരിക്കുന്നതും, ടിവിയിലും, കഥകളിലും ഒക്കെ ഉൾപ്പെടുന്നവ) ആലോചിച്ച് ടെൻഷൻ അടിക്കുന്നവർക്ക് ബോണസ് മോം പ്രയോഗം ഒരു ആശ്വാസം നൽകുമെന്നും , മാനസിക പിരിമുറുക്കം കുറയ്ക്കും എന്നും വിദഗ്ധർ പറയുന്നു.
ഇതിനോടൊപ്പം ചേർത്ത് പറയേണ്ടതാണ് ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയുടെ പ്രചാരവും , പോപ്പുലർ കൾച്ചറും ഈ വാക്കിന് കൂടുതൽ പ്രചാരം കിട്ടാൻ കാരണമായി എന്നു കരുതാം. സോഷ്യൽ മീഡിയയുടെ കാലത്ത് അതിന് ഉപയോഗപ്പെടുത്തുന്ന ഇൻഫ്ലുവൻസർമാരും, സെലിബ്രേറ്റികളും സ്വന്തം കുടുംബത്തിൽ ഉണ്ടാകുന്ന ഇത്തരം സാഹചര്യങ്ങളെ കുറിച്ച് സൂചിപ്പിക്കാൻ ബോണസ് മോം എന്ന പ്രയോഗം ഉപയോഗിച്ചിട്ടുണ്ടാവണം, അതുവഴിയും ഈ വാക്കിന് സ്വീകാര്യത വർദ്ധിക്കാൻ കാരണമായിട്ടുണ്ടാവാം.
#Bonusmom #trending