![]() |
മഹാ സംഗമത്തിന് എത്തിയ പാമ്പുകൾ |
പലപല കാരണങ്ങൾക്കായി മനുഷ്യർ ഒത്തു ചേരലുകൾ സംഘടിപ്പിക്കാറുണ്ട്.അതുപോലെ തന്നെ പ്രകൃതിയും ചില സമയങ്ങളിൽ ചില കൂട്ടായ്മകൾ സംഘടിപ്പിക്കും. സീസണുകൾ നോക്കി ദേശാടനക്കിളികളുടെ വരവ്, പൂക്കാലം, കടലാമകളുടെ പ്രജനനകാലം അങ്ങനെ പലതും. അക്കൂട്ടത്തിൽ മനുഷ്യനെ അതിശയിപ്പിക്കുന്ന അൽപം പേടിപ്പെടുത്തുന്ന ഒന്നുണ്ട്. പാമ്പുകളുടെ കൂട്ടായ്മ.
സംഗതി ശരിയാണ്. വടക്കേ അമേരിക്കൻ രാജ്യമായ കാനഡയിലെ മാനിറ്റോബയിലെ നാർസിസ് എന്ന ഗ്രാമീണ പട്ടണമാണ് വർഷാവർഷം ഈ അപൂർവ പ്രതിഭാസത്തിന് വേദിയാകുന്നത്. തികച്ചും അസാധാരണമായ ഈ ദേശാടനത്തിനായി പ്രതിവർഷം കുറഞ്ഞത് ഒരു ലക്ഷത്തിനടുത്ത് പാമ്പുകളെങ്കിലും ഈ പ്രദേശത്ത് എത്തിച്ചേരാറുണ്ട്. ചില വർഷങ്ങളിൽ പാമ്പുകളുടെ എണ്ണം ഒന്നര ലക്ഷം കടക്കുമത്രേ.
കാനഡയിലെ അതി ശൈത്യകാലത്ത് മഞ്ഞ് വീഴ്ചയിൽ നിന്നും രക്ഷപ്പെടാൻ പാമ്പുകൾ ഭൂഗർഭ മാളങ്ങളിലാണ് അഭയം തേടുക. ശൈത്യകാലത്തെ ഒളിവു ജീവിതം കഴിഞ്ഞ് മാളങ്ങളിൽ നിന്ന് പുറത്ത് വരുന്ന ഈസ്റ്റേൺ ഗാർട്ടർ പാമ്പുകളാണ് എല്ലാ വസന്ത കാലത്തും ഈ ഒത്തുചേരൽ നടത്തുന്നത്.ചൂട് തേടിയെത്തുന്ന പാമ്പുകൾ ഇണ ചേരുന്ന സമയം കൂടിയാണ് ഇക്കാലം.
ആൺപാമ്പുകൾ ആണ് ഇണയെ തേടി ആദ്യം മാളത്തിൽ നിന്ന് പുറത്ത് ഇറങ്ങുന്നത്.പിന്നാലെ പെൺ പാമ്പുകളുമെത്തും.സ്വന്തം ശരീരത്തിൽ നിന്നും പുറത്തുവരുന്ന ഫെറോമോണുകൾ ആണ് ഇണകളെ കണ്ടെത്താൻ ആണ് പാമ്പുകളെ സഹായിക്കുന്നത്.
വന്യജീവി പ്രേമികളെയും ശാസ്ത്രജ്ഞരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കാലം കൂടിയാണ് ഇത്. നിരവധി ആളുകളാണ് ഓരോ വർഷവും പാമ്പുകളുടെ സംഗമം കാണാൻ സന്ദർശകരായി എത്തുന്നത്. അപൂർവങ്ങളിൽ അപൂർവമായ ഈ മഹാസംഗമം ഉരഗ വർഗത്തെ കുറിച്ച് മനുഷ്യന് കൂടുതല് പഠനങ്ങൾക്കും അതുവഴി പുതിയ പുതിയ അറിവുകൾ നല്കുന്നതിനും സഹായിക്കുന്ന ഒന്നാണ്. കാഴ്ച വിസമയിപ്പിക്കുന്നതെങ്കിലും ചില അപകടങ്ങൾ കൂടി ഈ കാലങ്ങളിൽ റിപ്പോർട്ട് ചെയ്യാറുണ്ട്.
നാർസിസ് സ്നേക്ക് ഡെൻസിന് സമീപത്തെ ഹൈവേ 17 അടക്കമുള്ള റോഡുകൾ മുറിച്ച് കിടക്കുന്നതിനിടെ വാഹനം കയറിയിറങ്ങി നിരവധി പാമ്പുകൾ ചത്തുവീഴാറുണ്ട്. അങ്ങനെ ഇല്ലാതാകുന്ന പാമ്പുകളുടെ എണ്ണം കൂടിയതോടെ അധികൃതർ ഇടപെട്ടു.ഹൈവേയുടെ അടിയിലൂടെ പ്രത്യേക തുരങ്കങ്ങളും പാമ്പുകൾക്കായി ഒരു സഞ്ചാര പാതയും നിർമിച്ചു നൽകി. പ്രാദേശിക വൈവിധ്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അധികൃതർ ഈ സമയത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാറുണ്ട് എന്നതും മറ്റൊരു കാര്യം. എന്നുവച്ചാൽ അവിടെനിന്ന് ഓടിച്ചു വിടുന്നില്ല എന്ന് സാരം.