![]() |
ഏറ്റവും ചെറിയ പേസ്മേക്കർ |
ഹൃദയമിടിപ്പിന്റെ താളം തെറ്റി, അത് പതിയെ പതിയെ കുറഞ്ഞു വരുന്നവർക്ക് ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണമാണ് പേസ്മേക്കർ. അല്പം വലിപ്പമുള്ള ഉപകരണമാണ് പേസ്മേക്കർ, ഇത് ശരീരത്തിൽ ഘടിപ്പിച്ചു കഴിഞ്ഞാൽ ഏകദേശം മൂന്നുമാസത്തോളം റസ്റ്റ് വേണ്ടിവരും, എന്ന് മാത്രമല്ല വയറുകൾ ഉള്ള ഈ ഉപകരണം ശരീരത്ത് ഘടിപ്പിക്കാൻ സങ്കീർണമായ ശസ്ത്രക്രിയ വേണ്ടിവരും. കൂടാതെ കാലാവധി കഴിയുകയോ, ഉപയോഗം ആവശ്യമില്ലാത്ത സാഹചര്യം വരികയോ ചെയ്താൽ ഇത് ശരീരത്തിൽ നിന്ന് മാറ്റുന്നതിന് വേണ്ടി വീണ്ടും അതേ തരത്തിലുള്ള ഒരു ഓപ്പറേഷൻ കൂടി വേണ്ടിവരും. ലോകത്തിലെ ഏറ്റവും ചെറിയ പേസ്മേക്കർ വികസിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ഒരു സംഘം എഞ്ചിനീയർമാർ.
എൻജിനീയർമാർ വികസിപ്പിച്ച പേസ്മേക്കറിന് (Pacemaker)1.8 മില്ലിമീറ്റർ വീതിയും 3.5 മില്ലിമീറ്റർ നീളവും 1 മില്ലിമീറ്റർ കനവും മാത്രമാണുള്ളത്, അതായത് ഒരു അരിമണിയേക്കാൾ ചെറുത്. യുഎസിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ എൻജിനീയർമാരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ പ്രവർത്തിച്ചത്, ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ 'നേച്ചർ ജേണലിൽ' പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവജാത ശിശുക്കൾക്ക് വേണ്ടി താൽക്കാലികമായി ഉപയോഗിക്കാനാണ് ഈ പേസ്മേക്കർ വികസിപ്പിച്ചെടുത്തത്. ഇതിൻറെ പ്രത്യേകത ഒരിക്കൽ സ്ഥാപിച്ച് കഴിഞ്ഞാൽ നിശ്ചിത കാലത്തിന് ശേഷം ശരീരത്തിലേക്ക് തനിയെ അലിഞ്ഞു ചേർന്നു കൊള്ളും.
ലോകത്ത് ജനിക്കുന്ന ഒരു ശതമാനത്തോളം വരുന്ന കുട്ടികൾക്ക് ജന്മനാ ചില ഹൃദയസംബന്ധമായ വൈകല്യങ്ങൾ ഉണ്ടാകാറുണ്ട്, എന്നാൽ ഈ വൈകല്യങ്ങൾ വളരുമ്പോൾ ഒരു നിശ്ചിത കാലത്തിനുശേഷം തനിയെ മാറുകയാണ് ചെയ്യുന്നത്, ഈ കാലയളവിൽ അവർക്ക് ചിലപ്പോൾ പേസ്മേക്കറിന്റെ ആവശ്യം വരാറുണ്ട്. എന്നാൽ ചിലപ്പോൾ ആഴ്ചകൾ മാത്രമേ കൃത്രിമ ഹൃദയമിടിപ്പിന്റെ ആവശ്യം വേണ്ടി വരികയുള്ളൂ, ഗുരുതരമായ സാഹചര്യത്തെ മറികടക്കാൻ ഇത് കുട്ടികളെ സഹായിക്കും. പക്ഷേ നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന വലിയ പേസ്മേക്കർ ചെറിയ കുട്ടികൾക്ക് വലിയ ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാക്കുന്നത് ഇത് മറികടക്കുന്നതിന് വേണ്ടിയാണ് ഏറ്റവും ചെറിയ പേസ്മേക്കർ ഗവേഷണത്തിലേക്ക് നിർമാതാക്കളെ കൊണ്ടെത്തിക്കാൻ കാരണം. വീണ്ടും ഒരു ശസ്ത്രക്രിയയുടെ ആവശ്യവും കൂടി ഇത് ഒഴിവാക്കുകയും ചെയ്യുന്നു.
എല്ലാ പരീക്ഷണങ്ങളും നടത്തുന്നതുപോലെ ആദ്യം മൃഗങ്ങളിൽ ഇത് ഘടിപ്പിച്ചു പരിശോധന നടത്തി ശേഷം മനുഷ്യരിലും പരീക്ഷിച്ചു ഉറപ്പുവരുത്തി. കൃത്യമായ ഇടവേളകളിൽ ഈ ചെറിയ പേസ്മേക്കർ ഹൃദയമിടിപ്പ് നിലനിർത്താൻ സഹായിക്കുമെന്ന് തെളിയുകയും ചെയ്തു. ഒരു സിറിഞ്ചിന്റെ സഹായത്തോടെയാണ് ഇത് ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നത്. മനുഷ്യരിൽ പരീക്ഷിച്ച് വിജയം കണ്ടെത്തിയെങ്കിലും, മുതിർന്നവരുടെ ശരീരത്തിൽ ഇത് ഘടിപ്പിക്കാൻ പറ്റുമോ എന്നതിനെക്കുറിച്ച് പരീക്ഷണങ്ങൾ നടക്കുന്നതേയുള്ളൂ. ഇത് വിജയകരമായാൽ ഒരു വൻ വിപ്ലവം ആവും നടക്കുക കാരണം വലിപ്പമുള്ളവയ്ക്ക് പകരം തീരെ ചെറുത്. നിലവിലുള്ള വലിയ 'ഹൃദയതാള യന്ത്രത്തിനു' പകരം ഇത്തരം ചെറിയ പേസ്മേക്കറുകൾ ഹൃദയത്തിൻറെ വിവിധ ഭാഗങ്ങളിൽ പിടിപ്പിച്ചു മുതിർന്നവരിലെ ഹൃദയമിടിപ്പിന് ഉണ്ടാകുന്ന വൈകല്യങ്ങൾ പരിഹരിക്കാൻ സാധിക്കും. കൂടാതെ നാഡീ സംബന്ധമായ പ്രശ്നങ്ങൾ, വേദന നിയന്ത്രിക്കൽ, അസ്ഥികളുടെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാനും ഈ സാങ്കേതികവിദ്യ ഭാവിയിൽ പ്രയോജനപ്പെട്ടേക്കും.
#Pacemaker #heart