ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ വീണ്ടും പറക്കുമെന്നും കഴിഞ്ഞ യാത്രയിൽ നേരിട്ട പോരായ്മകൾ പരിഹരിക്കുമെന്നും അമേരിക്കൻ ഏജൻസിയായ നാസയുടെ ബഹിരാകാശ സഞ്ചാരികളായ ബുച്ച് വിൽമോറും, സുനിത വില്യംസും പറഞ്ഞു. ഒൻപതു മാസത്തോളം നീണ്ട ബഹിരാകാശ ജീവിതത്തിനുശേഷം തിരിച്ചെത്തിയ ഇരുവരും ആദ്യമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
ബഹിരാകാശ നിലയത്തിൽ കുടുങ്ങി എന്ന പ്രചരണം തെറ്റാണെന്നും ഇരുവരും പറഞ്ഞു. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തി 12 ദിവസത്തിനു ശേഷമാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്. സ്പേസ് എക്സ് ക്രൂ-9 ൻ്റെ ഭാഗമായിരുന്ന നിക്ഹേഗും വാർത്താസമ്മേളനത്തിൽ ഒപ്പമുണ്ടായിരുന്നു. 286 ദിവസത്തെ ബഹിരാകാശവാസത്തിനുശേഷം മാർച്ച് 18 നാണ് സുനിത വില്യംസും, ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തിയത്.
സ്റ്റാർലൈനർ വളരെ കാര്യശേഷിയുള്ള ബഹിരാകാശ പേടകമാണെന്ന് ചില പോരായ്മകൾ പരിഹരിക്കാനുണ്ട്, അതു ഭാവിയിലെ ഗവേഷണങ്ങൾക്കു കരുത്തുപകരുമെന്നും രണ്ടാഴ്ച കൊണ്ട് ആരോഗ്യം വീണ്ടെടുത്തെന്നും ,ജീവിതത്തിൽ ഏറ്റവും കൂടുതൽ ശക്തനായി തോന്നിയത് ഈ ബഹിരാകാശ ജീവിതത്തിലായിരുന്നുവെന്ന് ബുച്ച് വിൽമോർ പറയുന്നു നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിൽ ബഹിരാകാശനിലയത്തിലെയും തിരിച്ചുള്ള യാത്രയിലെയും അനുഭവങ്ങളും പങ്കുവച്ചു.ബഹിരാകാശ നിലയത്തിൽ ഒരിക്കൽപ്പോലും നിരാശരായിരുന്നില്ല. ദൗത്യങ്ങൾ തുടരുന്നതിനാൽ തിരിച്ചുവരവിന്റെ കാര്യത്തിൽ ആശങ്കയേ ഉണ്ടായിരുന്നില്ലെന്നും ബഹിരാകാശ യാത്രികരായവർ കൂട്ടിച്ചേർത്തു.ആദ്യ ദിവസം വെല്ലുവിളികൾ നേരിട്ടതായി സുനിത വില്യംസ് വെളിപ്പെടുത്തി. പിന്നീട് ഫിസിക്കൽ ട്രെയ്നിങ്, ന്യൂട്രീഷൻ വിദഗ്ധരുടെ മേൽനോട്ടത്തിൽ വെയ്റ്റ് ലിഫ്റ്റിങ്, സ്ക്വാട്സ് അടക്കമുള്ള വ്യായാമങ്ങൾ തുടങ്ങി.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിൽക്കുമ്പോൾ ജോലിയിൽ മാത്രമാണ് ശ്രദ്ധിച്ചത്. ഭൂമിയിലെ വിവാദങ്ങൾ ആ സമയത്ത് ശ്രദ്ധിച്ചതേയില്ല.അസ്ഥിക്കും മസിലുകൾക്കുമുണ്ടാകുമായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ദിവസം പോലും മുടങ്ങാതെ വ്യായാമം ചെയ്തു. ജീവിതത്തിൽ ഏറ്റവും കൂടുതൽ ശക്തനായി തോന്നിയത് ഈ ബഹിരാകാശ ജീവിതത്തിലായിരുന്നെന്നു വിൽമോർ വിശേഷിപ്പിച്ചു. ഒരിക്കൽപ്പോലും നിരാശരായില്ല. നാസയുടെ ‘ടീം വർക്ക്’ ഗുണം ചെയ്തു. അവിടെയായിരിക്കുമ്പോഴും തിരികെ എത്തിയശേഷവും തങ്ങളുടെ ആരോഗ്യത്തെക്കുറിച്ചു ലോകത്തിനുള്ള കരുതലിന് ഇരുവരും നന്ദി പറയുകയും ചെയ്തു.
ബഹിരാകാശ യാത്രയിൽ കുഴപ്പങ്ങളുണ്ടാകാൻ കാരണക്കാർ ബോയിങ്ങാണോ എന്ന ചോദ്യത്തിനോട് നേരിട്ട് മറുപടി നൽകാൻ ഇരുവരും തയ്യാറായില്ല.
''ചില രീതിയിൽ പറഞ്ഞാൽ ഞങ്ങൾ കുടുങ്ങിപ്പോവുകയോ ഒറ്റപ്പെടുകയോ ചെയ്തു. പക്ഷെ ആളുകൾ അതിനെപ്പറ്റി എന്തൊക്കെ പറയുന്നുവെന്നത് ഞങ്ങളെ സ്വാധീനിച്ചിട്ടില്ല. ഞങ്ങളവിടെ കുടുങ്ങിപ്പോയി, ശരിയാണ്. പ്രതീക്ഷിച്ചതുപോലെ തിരികെ വരാൻ സാധിച്ചില്ല. അങ്ങനെ നോക്കിയാൽ ഞങ്ങളവിടെ കുടുങ്ങിയെന്ന് പറയാം. പക്ഷെ വിശാലമായി നോക്കിയാൽ അങ്ങനെയല്ല, ഞങ്ങൾ ആസൂത്രണം ചെയ്യുകയും പരിശീലിക്കുകയും ചെയ്തു''- വിൽമോർ വിശദീകരിച്ചു. ചെറിയകാലത്തേക്കുള്ള ദൗത്യമായിരുന്നുവെങ്കിലും കൂടുതൽ കാലം അവിടെ നിൽക്കാൻ ഇരുവരും തയ്യാറെടുത്തിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
''ഞങ്ങളുടെ ശ്രദ്ധയെന്നത് ഏൽപ്പിച്ച കാര്യം നടപ്പാക്കുക എന്നതായിരുന്നു. ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകമായിരുന്നു ദൗത്യം. അതിന്റെ ആദ്യത്തെ പരീക്ഷണ പറക്കൽ. അതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ, പക്ഷെ എന്ത് പ്രതിസന്ധികളും നേരിടാൻ പരിശീലനം ലഭിച്ചവരാണ് ഞങ്ങൾ. ബഹിരാകാശ നിലയത്തിലെ അറ്റകുറ്റപ്പണികൾ, ശാസ്ത്രീയ പരീക്ഷണങ്ങൾ, ബഹിരാകാശ നടത്തം, റോബോട്ടിക് കൈയുടെ പ്രവർത്തനം അങ്ങനെ എല്ലാം''. ദീർഘകാലം കഴിയേണ്ടിവന്നാൽ ചെയ്യേണ്ട കാര്യങ്ങളിലെല്ലാം പരിശീലനം ലഭിച്ചിരുന്നുവെന്നും ഇന്ത്യൻ വംശജയായ സുനിത വില്യംസ് വിശദീകരിച്ചു.
''ഒന്നുകൂടി പറയാം, ഒരുകാര്യം ഉദ്ദേശിക്കുകയും മറ്റൊന്നിന് വേണ്ടി തയ്യാറെടുക്കേണ്ടിവരികയുമെന്നത് ഞങ്ങളെ സംബന്ധിച്ച് അപരിചിതമായ ഒന്നല്ല. ഇങ്ങനെയാണ് ബഹിരാകാശ ദൗത്യങ്ങളൊക്കെ നടക്കുന്നത്. ഇത്തരം പ്രതിസന്ധികളൊക്കെ മുൻകൂട്ടി കണ്ടുകൊണ്ടുതന്നെയാണ് മുന്നോട്ടുപോകുന്നത്''. ഇതൊരു ബുദ്ധിമുട്ടേറിയ സംഗതിയായതിനാൽ നമുക്ക് ചിന്തിക്കാവുന്നതിലുമപ്പുറമുള്ള പ്രശ്നങ്ങളെ മുൻകൂട്ടി കാണേണ്ടിവരുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇക്കാര്യത്തിൽ ആരെയെങ്കിലും കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്ന് വിൽമർ വിശദീകരിക്കുന്നു. ഞങ്ങൾക്കും നാസയ്ക്കുൾപ്പെടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അതിന്റെ ഉത്തരവാദിത്തമുണ്ട്. അതിനാൽ ആരെയെങ്കിലും ഒരാളെമാത്രം കുറ്റക്കാരനാക്കുന്നത് ശരിയല്ലെന്നും വിൽമോർ പറഞ്ഞു. സംഭവിച്ച കാര്യങ്ങൾ പഴിചാരാതെ തെറ്റുകളിൽ നിന്ന് പഠിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു
അതേസമയം യുഎസിന്റെ പുതിയ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെയും, യാത്രികരെ തിരികെ കൊണ്ടുവരാൻ പേടകം അയച്ച സ്പേസ് എക്സ് മുതലാളി ഇലോൺ മസ്കിന്റെയും വാദങ്ങളെ തള്ളുന്ന പരാമർശങ്ങളും യാത്രികർ നടത്തുകയുണ്ടായി. തിരിച്ചുവരവ് വൈകിയതിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല പകരം പ്രശ്നപരിഹാരത്തിനും ഭാവിയിലേക്കും ആണ് നോക്കേണ്ടത്.... അവർ പറഞ്ഞു. ബഹിരാകാശ യാത്രികർ അവിടെ കുടുങ്ങാൻ കാരണം മുൻ പ്രസിഡൻറ് ജോ ബൈഡൻ സർക്കാരിൻറെ പിടിപ്പുകേട് ആണെന്നും, അവരെ തിരികെ എത്തിക്കുന്നതിൽ അവർക്ക് താല്പര്യം ഇല്ലായിരുന്നു എന്ന് അടക്കമുള്ള പരാമർശങ്ങൾ ട്രംപ് ഉന്നയിച്ചിരുന്നു. നിലവിലെ സർക്കാരിൻറെ ഭാഗമായ ലോൺ മസ്കും സമാനമായ രീതിയിലുള്ള പരാമർശങ്ങൾ നടത്തിയിരുന്നു.
#NASA #Boeingstarliner