സൂര്യൻ പകുതിയോളം അസ്തമിക്കുന്ന സമയത്ത് പ്രകാശം ചന്ദ്രൻറെ ചക്രവാളത്തിൽ വ്യാപിക്കുന്നതായി കാണാം
![]() |
ചന്ദ്രനിലെ സൂര്യാസ്തമയം |
ചന്ദ്രനിലെ സൂര്യാസ്തമയത്തിന്റെ ഹൈ-ഡെഫനിഷൻ (HD) ഫോട്ടോകൾ ലോകത്തിന് കൗതുകമായി. യുഎസ് ബഹിരാകാശ ഏജൻസിയായ നാസയാണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടത്. ചന്ദ്രനിൽ പൂർണ്ണ വിജയത്തോടെ ഇറങ്ങിയ ആദ്യ സ്വകാര്യ ചാന്ദ്ര പരിവേഷണ കമ്പനിയായ ഫയര്ഫ്ലൈ എയ്റോസ്പേസിന്റെ 'ബ്ലൂ ഗോസ്റ്റ്' ലാൻഡർ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. രണ്ട് ചിത്രങ്ങളാണ് ലാൻഡർ പകർത്തിയത്. ഇതിനു മുൻപ് ലാൻഡർ ചന്ദ്രനിലെ സൂര്യോദയത്തിന്റെ എച്ച് ഡി ദൃശ്യങ്ങളും പകർത്തി. ഈ ചിത്രങ്ങൾ ചന്ദ്രനിലെ നിഗൂഢ പ്രതിഭാസമായ 'ചക്രവാള തിളക്കത്തെ' കുറിച്ച് ഗവേഷകർക്ക് കൂടുതൽ വിവരങ്ങൾ വിവരങ്ങൾ നൽകാൻ സഹായിക്കും.
നാസ ടെക്സാസ് കമ്പനിയായ ഫയര്ഫ്ലൈ എയ്റോസ്പേസുമായി സഹകരിച്ച് നടത്തിയ ദൗത്യത്തിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടത്. ദൗത്യം അവസാനിച്ചു. 14 ദിവസമായിരുന്നു ദൗത്യത്തിന്റെ കാലാവധി, ഇതിൻറെ സമാപനത്തോട് അനുബന്ധിച്ചാണ് ഹ്യൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
Also read ബ്ലൂ ഗോസ്റ്റ് ; ചന്ദ്രനിലെ സൂര്യോദയ ദൃശ്യം പുറത്തുവിട്ടു
ആർട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി 2027 ൽ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കും എന്നാണ് നാസ മുൻപ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം നാസയുടെ പല തീരുമാനങ്ങളിലും മാറ്റങ്ങൾ വന്നിട്ടുണ്ട് അത് നിലവിലെ ഭരണകൂടത്തിന്റെ സമ്മർദ്ദം ആകാനും സാധ്യതയുണ്ട് അപ്പോൾ മേൽപ്പറഞ്ഞ ദൗത്യം ആ വർഷം നടക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. 2027 ൽ നടക്കുമെന്ന് കരുതുന്ന ദൗത്യത്തെ പിന്തുണയ്ക്കുന്നതിനു വാണിജ്യ പേലോട് ഓപ്പറേറ്റർമാരിൽ നാസ നടത്തിയ 2.6 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിന്റെ ഭാഗമായാണ് ബ്ലൂ ഗോസ്റ്റ് ലാൻഡർ. രണ്ടാഴ്ചയായിരുന്നു ദൗത്യത്തിന്റെ കാലാവധി. 14 ദിവസം പൂർത്തിയാക്കി ചന്ദ്രനിൽ രാത്രി ആരംഭിക്കുന്നതിനു മുമ്പ് ദൗത്യം പൂർത്തിയാക്കി.
ഭൂമിയും, ശുക്രനും ദൃശ്യമാകുന്ന വിധത്തിലാണ് പടിഞ്ഞാറോട്ട് തിരിഞ്ഞ് എടുത്തിട്ടുള്ള രണ്ട് ഫോട്ടോകളും. ഈ ചിത്രങ്ങളിൽ സൂര്യൻ പകുതിയോളം അസ്തമിക്കുന്ന സമയത്ത് പ്രകാശം ചന്ദ്രൻറെ ചക്രവാളത്തിൽ വ്യാപിക്കുന്നതായി കാണാം."സൂര്യൻ അസ്തമിക്കുകയും പിന്നീട് ചക്രവാളത്തിൽ ഇരുട്ടിലേക്ക് പോകുകയും ചെയ്യുന്നതിന്റെ ആദ്യ ഹൈ-ഡെഫനിഷൻ ദൃശ്യങ്ങളാണ്," നാസയുടെ സയൻസ് മിഷൻ ഡയറക്ടറേറ്റിലെ പര്യവേക്ഷണ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായ ജോയൽ കിയേൺസ് പറയുന്നു.
ചന്ദ്രനിലെ സൂര്യാസ്തമയത്തിന്റെ ദൃശ്യങ്ങൾ മുൻപ് അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി അവിടെ പോയിട്ടുള്ളവർ പകർത്തിയിട്ടുണ്ടെങ്കിലും എച്ച്.ഡി ചിത്രങ്ങൾ ഇതാദ്യമാണ്.1972-ൽ അപ്പോളോ 17 ദൗത്യത്തിനിടെ ചന്ദ്രനിൽ ഇറങ്ങിയ യാത്രികൻ യൂജിൻ സെർനാൻ ആണ് ചന്ദ്ര ചക്രവാള തിളക്കം ആദ്യമായി രേഖപ്പെടുത്തിയത്. പിന്നീടുള്ള നിരീക്ഷണങ്ങളിൽ ചന്ദ്രന്റെ നേർത്ത അന്തരീക്ഷത്തിലെ ചെറിയ പൊടിപടലങ്ങൾ ചന്ദ്രോദയത്തിലും സൂര്യാസ്തമയത്തിലും തിളങ്ങുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന നിഗമനത്തിലെത്തി, അതേസമയം മറ്റ് ചില സിദ്ധാന്തങ്ങൾ ഇതിനെക്കുറിച്ച് പറയുന്നത് കണികകൾ ഉയർന്നു പൊങ്ങുന്നു എന്നാണ്.
#NASA #FireflyAerospace's #BlueGhost #lunarlander