ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിൽ അരങ്ങേറിയ മെറ്റ് ഗാല ഫാഷൻ ഇവൻ്റാണ് ഇപ്പോൾ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. ബ്ലൂ കാർപ്പറ്റിലൂടെ നടന്നുകയറുന്ന ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള താരങ്ങളുടെ ചിത്രങ്ങൾക്ക് വമ്പൻ പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഇവൻ്റായ മെറ്റ് ഗാലയും, നമ്മുടെ കൊച്ചുകേരളവും തമ്മിൽ എന്താണ് ബന്ധം? ബന്ധമുണ്ട്. താരങ്ങൾ നടന്നുകയറിയ കടുംനീല നിറത്തിലുള്ള അതിമനോഹരമായ കാർപ്പറ്റ് നിർമിച്ചിരിക്കുന്നത് നമ്മുടെ കേരളത്തിൽ നിന്നാണ്.
മെറ്റ്ഗാല 2025 വേദിയിലെ കേരളത്തിന്റെ പങ്കാളിത്തവും ഇതോടൊപ്പം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മെറ്റ്ഗാല വേദിയിൽ പാകിയിരിക്കുന്ന കടുംനീല നിറത്തിൽ ഡിസൈനോടുകൂടിയുള്ള കാർപ്പറ്റ് നിർമ്മിച്ചിരിക്കുന്നത് കേരളത്തിൽ നിന്നുള്ള സംരംഭമായ 'നെയ്ത്ത് - എക്സ്ട്രാവീവ്’ ആണ്. ന്യൂയോർക്കിലെ മെട്രോ പൊളിറ്റൻ മ്യൂസിയം ഓഫ് ആർട്സിലെ മെറ്റ്ഗാല വേദിയാണ് കേരളപ്പെരുമയാല് കൂടി ശ്രദ്ധേയമാകുന്നത്.
ആലപ്പുഴ ചേർത്തലയിലുള്ള 'നെയ്ത്ത് - എക്സ്ട്രാവീവ്’ എന്ന നെയ്ത്ത് സ്ഥാപനമാണ് മെറ്റ് ഗാലയിലെ പരവതാനിക്ക് പിന്നിൽ.57 റോളുകളായി ഏകദേശം 6840 ചതുരശ്ര മീറ്റർ കാർപ്പറ്റാണ് മെറ്റ് ഗാല 2025നായി ആലപ്പുഴയിൽ നിന്നുള്ള കമ്പനി നിർമിച്ചുനൽകിയത്. മൂന്നാം തവണയാണ് നെയ്ത്ത് എക്സ്ടാവീവ് മെറ്റ് ഗാലയിൽ സാന്നിധ്യമറിയിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. വ്യാവസായിക വകുപ്പ് മന്ത്രി പി. രാജീവ് ഇത് സംബന്ധിച്ച കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ബക്കിങ്ങ്ഹാം കൊട്ടാരത്തിലും വൈറ്റ് ഹൗസിലുമടക്കം കാര്‍പ്പറ്റുകള്‍ വിതരണം ചെയ്തിട്ടുള്ള നെയ്ത്ത് എക്സ്ട്രാവീവ്സ് തുടര്‍ച്ചയായ നേട്ടങ്ങളിലൂടെ കേരളത്തിന്റെ ടെക്സ്റ്റൈല്‍ പെരുമ ലോകമാകെ രേഖപ്പെടുത്തുകയാണെന്ന് മന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം
പ്രശസ്ത സിനിമാതാരം ഷാരൂഖ് ഖാൻ മെറ്റ്ഗാല 2025 വേദിയിൽ പങ്കെടുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കുമ്പോൾ മെറ്റ്ഗാലയിലെ കേരളത്തിൻ്റെ പങ്കാളിത്തം അടയാളപ്പെടുത്താൻ വേണ്ടിയാണീ കുറിപ്പ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ ഇവൻ്റുകളിലൊന്നായ മെറ്റ്ഗാല 2025 വേദിയിൽ പാകിയിരിക്കുന്ന കടുംനീല നിറത്തിൽ ഡിസൈനോടുകൂടിയുള്ള അതിമനോഹരമായ കാർപ്പറ്റ് നിർമ്മിച്ചിരിക്കുന്നത് നമ്മുടെ കേരളത്തിൽ നിന്നുള്ള സംരംഭമായ 'നെയ്ത്ത് - എക്സ്ട്രാവീവ്’ ആണ്. 57 റോളുകളായി ഏകദേശം 6840 ചതുരശ്ര മീറ്റർ കാർപ്പറ്റാണ് മെറ്റ്ഗാല 2025നായി ആലപ്പുഴയിൽ നിന്നുള്ള കമ്പനി നിർമ്മിച്ചുനൽകിയത്.
ലോകത്തിലെ തന്നെ അതിപ്രശസ്തരായ ഡിസൈനർമാരുമായി സഹകരിച്ചുകൊണ്ട് അതിപ്രശസ്തരായ സെലിബ്രിറ്റികൾ പങ്കെടുക്കുന്ന മെറ്റ്ഗാല ഫാഷൻ ഇവൻ്റ് ഓരോ വർഷവും ഓരോ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സംഘടിപ്പിക്കുക. “Superfine: Tailoring Black Style,” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഈ വർഷത്തെ മെറ്റ്ഗാല ഇവൻ്റിൽ ഇതിനേക്കാൾ പ്രമേയത്തോട് നീതിപുലർത്തുന്ന കാർപ്പറ്റുകൾ ഒരുക്കാനാകില്ലെന്ന് തന്നെ പറയാം. 480 തൊഴിലാളികൾ 90 ദിവസം കൊണ്ട് നെയ്തെടുത്ത കാർപ്പറ്റുകൾ ലോകത്തിൻ്റെയാകെ മനംകവർന്നുവെന്നതിൽ സംശയമില്ല. വൂൾ കാർപ്പറ്റുകളിൽ നിന്ന് മാറിയതിന് ശേഷം ഇത്തവണയും സൈസിൽ ഫാബ്രിക്സാണ് കാർപ്പറ്റ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 2022ലും 2023ലും മെറ്റ്ഗാല ഇവൻ്റിനായി എക്സ്ട്രാവീവ്സ് കാർപ്പറ്റുകൾ നിർമ്മിച്ചുനൽകിയിരുന്നു. ബക്കിങ്ങ്ഹാം കൊട്ടാരത്തിലും വൈറ്റ് ഹൗസിലുമടക്കം കാർപ്പറ്റുകൾ വിതരണം ചെയ്തിട്ടുള്ള നെയ്ത്ത് എക്സ്ട്രാവീവ്സ് തുടർച്ചയായ നേട്ടങ്ങളിലൂടെ കേരളത്തിൻ്റെ ടെക്സ്റ്റൈൽ പെരുമ ലോകമാകെ രേഖപ്പെടുത്തുകയാണ്.