മധ്യവേനൽ അവധി പലർക്കും ഒരു ഗൃഹാതുരമാണ്. ആ സമയത്ത് ചെയ്തുകൂട്ടുന്ന കലാപരിപാടികൾക്ക് (ചിലപ്പോൾ കലാപമായി എന്നും വരാം) കയ്യും കണക്കുമുണ്ടാവില്ല. അതുപോലെ പലരുടെയും ജീവിതത്തിൽ ഉണ്ടായിട്ടുള്ള സംഭവമാണ് 'കട' ഉണ്ടാക്കി കളിക്കുക. അങ്ങനെ ഉണ്ടാക്കുന്ന കടകളിൽ ഒക്കെയും തന്നെ വിൽക്കാൻ പറ്റുന്ന സാധനങ്ങൾ ഒന്നും പലപ്പോഴും ഉണ്ടായെന്നു വരില്ല എന്നതാണ് യാഥാർത്ഥ്യം. പക്ഷേ എങ്കിലും പിൽക്കാലത്ത് സമൂഹമാധ്യമങ്ങളുടെ കാലം വന്നപ്പോൾ അങ്ങനെ വിൽക്കുന്ന സാധനങ്ങൾ ഉള്ള പല കടകളും ഉണ്ടായ. അതിലെ സാധനങ്ങൾ അവ സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിച്ച പബ്ലിസിറ്റി ഉണ്ടാക്കുകയും കച്ചവടം നടത്തി കുട്ടികൾ കാശൊക്കെ വാങ്ങുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഇനി വാർത്തയിലേക്ക് കടക്കാം. ഇവിടെയും കുട്ടികളുടെ ഒരു കടയാണ് സംഭവം. പക്ഷേ ഉദ്ഘാടനം ചെയ്തത് സ്ഥലം MLA!. സംഭവം നടന്നത് കോഴിക്കോട് ആണ്.തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫാണ് കല്ലുരുട്ടിയിലെ പുഞ്ചാരത്ത്, കുട്ടിക്കട ഉദ്ഘാടനം ചെയ്യാൻ എത്തിയത്.
അവധിക്കാലം കളർ ആക്കാൻ ആണ് (ഇൻസ്റ്റ റിൽസിന്റെ ഒക്കെ കാലമല്ലേ അപ്പോൾ അതും കാണും)കല്ലുരുട്ടിയിലെ കുട്ടിക്കൂട്ടം ഒരു ചെറിയ കട തുടങ്ങാൻ തീരുമാനിച്ചത്. പട്ടികയും, സാരിയും, പുതപ്പും ഒക്കെ ഉപയോഗിച്ചായിരുന്നു കടയുടെ നിർമാണം. കടയിലേക്ക് ആവശ്യമായ മിഠായികളും, പലഹാരങ്ങളും ഒക്കെ വാങ്ങി. ഉദ്ഘാടനം അത്യാവശ്യം അടിപൊളിയായി നടത്തിയാൽ മാത്രമല്ലെ നാലാള് അറിയൂ, കച്ചവടം കിട്ടൂ.... ആര് ഉദ്ഘാടനം ചെയ്യും എന്ന ആലോചന വന്നപ്പോഴാണ് ഏറ്റവും എളുപ്പത്തിൽ കിട്ടാവുന്ന ഒരു സെലിബ്രിറ്റി നമുക്കുണ്ടല്ലോ എന്ന് കുട്ടികൾക്ക് ഓർമ വന്നത്. പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല. വായനശാലക്കാരും കുട്ടികളും ചേർന്ന് എംഎൽഎയെ വിളിച്ചു. കുട്ടിക്കൂട്ടത്തിൻ്റെ വിളി വരുമ്പോൾ എംഎൽഎ തിരുവനന്തപുരത്തായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ എത്തുമെന്നും രാവിലെ തന്നെ വന്ന് ഉദ്ഘാടനം ചെയ്ത് തരുമെന്നും എംഎൽഎ അവർക്ക് ഉറപ്പുനൽകി.
ഉദ്ഘാടനത്തിനായി എംഎൽഎ എത്തുമ്പോഴേക്കും തങ്ങളുടെ കുട്ടി സംരംഭം എല്ലാവരും ചേർന്ന് അലങ്കരിച്ചിരുന്നു. രാവിലെ ചുറ്റുവട്ടത്തുള്ള വീടൊക്കെ കയറി ഉദ്ഘാടനത്തിനു ക്ഷണിച്ചു. “ലിന്റോ ചേട്ടായി വരും” ക്ഷണിക്കുന്നവരോടുള്ള ഡയലോഗിൽ അതായിരുന്നു മെയിൻ പോയിന്റ്. അങ്ങനെ പറഞ്ഞതുപോലെ തന്നെ രാവിലെ എംഎൽഎ വന്നു. കുട്ടിക്കൂട്ടത്തിന്റെ കല്ലുരുട്ടി ലുലു മാൾ എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
എക്കാലത്തേക്കും ഓർത്തിരിക്കാനും, അവധിയൊക്കെ കഴിഞ്ഞു സ്കൂളിൽ പോകുമ്പോൾ ഗമയോടെ പറയാനും, നാട്ടിൽ എംഎൽഎയുടെ സ്വന്തം ആളുകളാവാനും അവർക്കൊരു നല്ല മുഹൂർത്തം സമ്മാനിച്ച്, ആദ്യ വിൽപ്പനയും നടത്തി എംഎൽഎ മടങ്ങി.
Thiruvambady
Linto Joseph