പ്രധാനമന്ത്രിയെ വേദിയിൽ ഇരുത്തി കേന്ദ്രം തന്നതും സംസ്ഥാനം ചെലവാക്കിയതുമായ തുകയുടെ അന്തരം മുഖ്യമന്ത്രി പറഞ്ഞു.
![]() |
Vizhinjam International Seaport |
പദ്ധതിയുടെ പിതൃത്വത്തെ അവകാശപ്പെട്ട രാഷ്ട്രീയ തർക്കം നിലനിൽക്കുന്നതിനിടെ കേരളത്തിന്റെ ദീർഘകാല സ്വപ്നം സഫലമായി. രാജ്യത്തെ ആദ്യ ആഴക്കടൽ ട്രാൻഷിപ്മെന്റ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. സ്വതന്ത്ര ഇന്ത്യയുടെ വികസന ചരിത്രത്തിലെ മറ്റൊരു അഭിമാന മുഹൂർത്തമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ്ങാണ് പൂർത്തിയായത്. സമർപ്പണത്തിന് ജനസാഗരം സാക്ഷിയായി. രാവിലെ 11 മണിയോടെ ആയിരുന്നു ചടങ്ങ്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ വി.എൻ. വാസവൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, സജി ചെറിയാൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹിം, എം.വിൻസന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി, മുഖ്യമന്ത്രി, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി എന്നിവരാണ് ചടങ്ങില്‍ സംസാരിച്ചത്. നരേന്ദ്ര മോദിക്കടക്കം 17 പേർക്കാണ് വേദിയിൽ ഇരിപ്പിടം ഒരുക്കിയിരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വേദിയിൽ ഇരിപ്പിടം അനുവദിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷ നേതാവ് ചടങ്ങിൽ നിന്നും വിട്ടു നിന്നു.
ചടങ്ങില്‍ പ്രധാനമന്ത്രിയെ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പൊന്നാട അണിയിച്ച് സ്വീകരിച്ചു. തുറമുഖ നിർമാണത്തിന് വഹിച്ച പങ്കിന് നന്ദി സൂചകമായി മെമന്റോയും കൈമാറി. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവനായിരുന്നു സ്വാഗത പ്രസംഗം. ഒന്നും അസാധ്യമല്ല എന്ന നെപ്പോളിയന്റെ വാചകം ഓർമിപ്പിച്ചാണ് വി.എന്‍. വാസവന് സ്വാഗത പ്രസംഗം ആരംഭിച്ചത്. വിഴിഞ്ഞം യാഥാർഥ്യമാക്കിയത് ഒന്നും രണ്ടും പിണറായി സർക്കാരിൻ്റെ ഇച്ഛാശക്തിയാണെന്നും എല്‍ഡിഎഫ് വന്നു എല്ലാം ശരിയാക്കും എന്ന വാഗ്ദാനം അർഥപൂർണമാക്കിയെന്നും വാസവന് പറഞ്ഞു. 'കാലം കരുതിവെച്ച കർമയോഗി, തുറമുഖത്തിന്റെ ശില്‍പ്പി' എന്ന് വിശേഷിപ്പിച്ചാണ് മുഖ്യമന്ത്രിയെ മന്ത്രി സ്വാഗതം ചെയ്തത്. മുഖ്യമന്ത്രിയാണ് ചടങ്ങിന് അധ്യക്ഷത വഹിച്ചത്.
അങ്ങനെ നമ്മള് അതും നേടി. വിഴിഞ്ഞം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറി. അദാനി ഗ്രൂപ്പ് ഈ പോർട്ടിന്റെ നിർമാണത്തിന് നല്ല സഹകരണമാണ് നല്‍കിയത്. ഇത് കേവലം ഒരു തുറമുഖ കവാടം തുറക്കലല്ല. മൂന്നാം മില്യേനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ്. ചരിത്രത്തിന്റെ വിസ്മൃതിയില്‍ നിന്നാണ് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ച് വികസിപ്പിച്ചത്, മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തില്‍ തുറമുഖ നിർമാണം നടക്കുന്നത്. ചെലവിന്റെ ഭൂരിഭാഗവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. 2028 ല്‍ തുറമുഖ നിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും പിണറായി വിജയന് വ്യക്തമാക്കി.
ഒരുപാടു സവിശേഷതകളുണ്ട്. ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണു കേന്ദ്രം നൽകുന്നു.
ഈ തുറമുഖത്തോടെ 220 ദശലക്ഷം ഡോളറിന്റെ പ്രതിവര്‍ഷ രാഷ്ട്ര നഷ്ടം നികന്നു തുടങ്ങുകയായി. 75 ശതമാനം കണ്ടയിനര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് കാര്‍ഗോ വിദേശ തുറമുഖങ്ങളിലേക്കു തിരിച്ചു വിടുകയായിരുന്നു ഇക്കാലമത്രയും. ഇത് അവസാനിക്കുകയാണ്. രാഷ്ട്ര നഷ്ടം വലിയൊരളവില്‍ പരിഹരിക്കാന്‍ കേരളത്തിനു കഴിയുന്നു എന്നതു കേരളീയര്‍ക്കാകെ അഭിമാനകരമാണ്.
കരാര്‍ പ്രകാരം 2045 ല്‍ മാത്രമേ ഇതു പൂര്‍ത്തിയാവേണ്ടതുള്ളു. നമ്മള് അതിനു കാത്തുനിന്നില്ല. 2024 ല്‍ തന്നെ കൊമേഴ്സ്യല്‍ ഓപ്പറേഷനാരംഭിച്ചു. മദര്‍ഷിപ്പിനെ സ്വീകരിച്ചു. തുടര്‍ന്നിങ്ങോട്ട് 250 ലേറെ കപ്പലുകള്‍ വിഴിഞ്ഞത്തു നങ്കൂരമിട്ടു. ഇപ്പോഴിതാ ഒന്നാം ഘട്ടം പതിറ്റാണ്ടു മുമ്പു പൂര്‍ത്തിയാക്കി കമ്മീഷന് ചെയ്യുന്നു. 2028 ല്‍ ഇതിൻ്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കും.
ഒരുപാടു പ്രതികൂല ഘടകങ്ങളുണ്ടായി. മഹാപ്രളയം, ഇതര പ്രകൃതിക്ഷോഭങ്ങള്‍, കോവിഡ് അടക്കമുള്ള മഹാവ്യാധികള്‍, എന്നിവയൊക്കെ സമ്പദ് ഘടനയെ ഉലച്ചു. എന്നാല്‍, കേരളം അവിടെ തളര്‍ന്നുനിന്നില്ല. നിർമാണ കമ്പനിയും നല്ല രീതിയിൽ സഹകരിച്ച് മുന്നോട്ട് പോയി.
1996 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ രൂപപ്പെടുത്തിയ പദ്ധതിയാണിവിടെ യാഥാര്‍ത്ഥ്യമാവുന്നത്. ഇടക്കാലത്ത് അനിശ്ചിതത്വത്തിലായ പദ്ധതി. പദ്ധതിപഠനത്തിനായി 2009 ല്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനെ നിയോഗിച്ചു. 2010 ല്‍ ടെന്‍ഡര്‍ നടപടികളിലേക്കു കടന്നെങ്കിലും കേന്ദ്രം ആ ഘട്ടത്തിൽ അനുമതി നിഷേധിച്ചു. തുടര്‍ന്നുള്ള ഘട്ടം പദ്ധതിക്കായുള്ള മനുഷ്യച്ചങ്ങല അടക്കമുള്ള പ്രക്ഷോഭങ്ങളുടേതായിരുന്നു.
2015 ല്‍ ഒരു കരാറുണ്ടായി. എന്നാല്‍, പല തലങ്ങളിലുള്ള വിമര്‍ശനങ്ങള്‍ അതു നേരിട്ടു. വിമര്‍ശനങ്ങളെല്ലാം നിലനില്‍ക്കുമ്പൊഴും വിഴിഞ്ഞം പദ്ധതി നടപ്പാവുക തന്നെ വേണം എന്ന നിലപാടാണ് ഞങ്ങള്‍ കൈക്കൊണ്ടത്. വികസന കാര്യത്തില്‍ രാഷ്ട്രീയ വേര്‍തിരിവു വേണ്ട എന്ന നയമാണു കൈക്കൊണ്ടത്. അതു പ്രകാരമാണ് 2016 ല്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്നുള്ള ഘട്ടത്തില്‍ ബൃഹദ് തുറമുഖമായി വിഴിഞ്ഞം വളരുന്നതിനുള്ള നിലപാടുകള്‍ എടുത്തത്. അതാണ് വിഴിഞ്ഞത്തെ ഇന്നത്തെ നിലയിൽ യാഥാര്‍ത്ഥ്യമാക്കി മാറ്റിയത്.
സ്ഥാപിത താല്പര്യക്കാര് പടര്‍ത്താന്‍ ശ്രമിച്ച തെറ്റിദ്ധാരണകളെ, ജനങ്ങളെ വിശ്വാസത്തിലെടുത്ത് അതിജീവിച്ചു. നിയമക്കുരുക്കുകളടക്കം നീക്കി. തീരദേശ പുനരധിവാസ - ജീവനോപാധി പ്രശ്നങ്ങള്‍ 120 കോടി ചെലവാക്കി പരിഹരിച്ചു. അവിടുത്തെ പെണ്‍കുട്ടികളെ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്ന ജോലിയടക്കം ഏല്‍പ്പിച്ചു. തദ്ദേശീയ സ്ത്രീകള്‍ക്കായി സ്കില്ലിങ് സെന്റര്‍ തുറന്നു. ഇങ്ങനെ പ്രശ്നങ്ങള്‍ പരിഹരിച്ച് സങ്കടങ്ങള്‍ക്ക് അറുതിയുണ്ടാക്കിയാണു സര്‍ക്കാര്‍ നീങ്ങിയത്.
5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ടു ലഭ്യമാകുന്നത്. കൂടുതല്‍ പേര്‍ക്ക് ഇത് പ്രയോജനകരമാകുന്നു എന്നുറപ്പുവരുത്തുകയാണ്.കേരളത്തിന്റെ, അതിനപ്പുറം ഇന്ത്യയുടെയാകെ വികസനത്തെ ഈ തുറമുഖം വലിയ തോതില്‍ ഭദ്രമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഒരിക്കല്‍ കൂടി അനന്തപദ്മനാഭന്റെ മണ്ണിലേക്ക് എത്താന്‍ സാധിച്ചതില്‍ നന്ദിയുണ്ടെന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ഇന്ന് ആദി ശങ്കര ജയന്തിയാണെന്ന് ഓർമിപ്പിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന് മുന്നില്‍ ശിരസ് നമിക്കുന്നതായി പറഞ്ഞു. വിഴിഞ്ഞം വികസനത്തിന്റെ നവമാതൃക. 8,800 കോടി മുതല്‍ മുടക്കിയാണ് പോർട്ട് സ്ഥാപിച്ചത്. നിലവിലുള്ള ക്ഷമതയില്‍ നിന്ന് മൂന്നിരട്ടിയായി വർധിപ്പിക്കും. അതുവഴി ലോകത്തിലുള്ള വലിയ കപ്പലുകള്‍ക്ക് രാജ്യത്തിലേക്ക് വരാന്‍ സാധിക്കും. 75 ശതമാനം ചരക്കുനീക്കവും രാജ്യത്തിന് പുറത്തുള്ള തുറമുഖങ്ങളിലൂടെയാണ് ഇതുവരെ നടന്നത്. ഇതിലൂടെ വന്നിരുന്ന സാമ്പത്തിക നഷ്ടം ഇനി രാജ്യത്തിന് ഉപകാരപ്പെടും. ഇനി രാജ്യത്തിന്റെ പണം നമുക്ക് തന്നെ ഉപയോഗപ്പെടുത്താം. പുറത്തേക്ക് ഒഴുകിയിരുന്ന പണം വിഴിഞ്ഞത്തേക്കും, കേരളത്തിലേക്കും അതുവഴി ജനങ്ങള്‍ക്കും എത്തുന്നത് വഴി പുതിയ സുസ്ഥിരത കെട്ടിപ്പടുക്കുന്നതിന് പ്രയോജനപ്പെടും. കേരളത്തിന്റെ വാണിജ്യ ചരിത്രത്തെ വാഴ്ത്തിയ മോദി രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിരതയിൽ കേരളത്തിൻ്റെ പങ്ക് വളരെ വലുതാണെന്നും പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം വൻ മുന്നേറ്റമുണ്ടാക്കി. ഒരു കമ്യൂണിസ്റ്റ് സർക്കാരും ഇതിന് മുൻകൈ എടുക്കുന്നത് സന്തോഷകരമെന്നും കൂട്ടിച്ചേർത്തു.
അടിസ്ഥാന സൗകര്യ വികസനം സാധ്യമാകുമ്പോഴാണ് നാട് യഥാർഥത്തിൽ പുരോഗമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ തുറമുഖ, ഹൈവേ, റയിൽവേ, എയർപോർട്ട് വികസനത്തിന് കേന്ദ്രസർക്കാർ മുന്തിയ പ്രാധാന്യം നൽകി. സഹകരണ ഫെഡറലിസം പരാമർശിച്ച പ്രധാനമന്ത്രി കേരളത്തിൻ്റെ വികസനം രാജ്യത്തിൻ്റെ വികസനമാണെന്ന് ചൂണ്ടിക്കാട്ടി. സഹകരണ ഫെഡറലിസത്തിൽ അധിഷ്ടിതമായ വികസന ദർശനം തുടരുമെന്ന് പറഞ്ഞ മോദി കേന്ദ്രാവിഷ്കൃത പദ്ധതികൾ എണ്ണിപ്പറഞ്ഞു.
അതിനിടയിലാണ് തുറമുഖം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഇൻഡ്യാ സഖ്യത്തെ' പരാമർശിക്കാൻ മറന്നില്ല. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ പ്രസ്താവന പക്ഷേ പരിഭാഷയിൽ മറ്റെന്തോ ആയി മാറി. മോദിയുടെ രാഷ്ട്രീയ ഉദ്ദേശ്യം നടന്നില്ലെന്ന് മാത്രമല്ല തുറമുഖ ഉദ്ഘാടന വേദിയിലിരുന്ന ബിജെപിക്കാർ ഒഴികെയുള്ളവർക്ക് ചിരിക്കാനുള്ള വകയും ആയി. പെട്ടെന്ന് തന്നെ മോദി വിവർത്തകനെ തിരുത്തിയെങ്കിലും പിന്നീട് പരാമർശം ആവർത്തിക്കാൻ നിന്നില്ല.
"അങ്ങ് ഇൻഡ്യാ സഖ്യത്തിൻ്റെ നെടുന്തൂണാണ്," എന്നാണ് മുഖ്യമന്ത്രിയെ നോക്കി നരേന്ദ്ര മോദി പ്രസംഗത്തിനിടയില്‍ പറഞ്ഞത്. "ശശി തരൂരും വേദിയിലുണ്ട്, ഇന്നത്തെ ചടങ്ങ് ചിലരുടെ ഉറക്കം കെടുത്തിയേക്കും", ഫലിതം കലർത്തി പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വതസിദ്ധമായ ഹിന്ദിയും ഇംഗ്ലീഷും കലർന്ന അവതരണശൈലിയിലുള്ള പ്രസംഗത്തിനിടയിൽ ഇങ്ങനെ ഒരു 'രാഷ്ട്രീയ പരിഹാസം' പരിഭാഷകൻ പ്രതീക്ഷിച്ചില്ല. അദ്ദേഹം ആലോചനകൾക്ക് ഇടം നൽകാതെ പരിഭാഷപ്പെടുത്തി. അതും ഇന്ത്യൻ എയർലൈൻസിനെ പറ്റി. "നമ്മുടെ എയർലൈൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ആവശ്യമായ ശ്രദ്ധ നൽകണം", ഇതായിരുന്നു വിവർത്തനം.
മദർഷിപ്പ് ഒരേസമയം 5. ബർത്ത് 2000 മീറ്റർ.
2000 മീറ്റർ ബർത്തിൽ അഞ്ച് മദർഷിപ് ഒരേസമയം അടുപ്പിക്കാൻ കഴിയുന്ന സംവിധാനം. വിഴിഞ്ഞത്തിന്റെ രണ്ടുമുതൽ നാലുഘട്ടംവരെ പൂർത്തിയാകുമ്പോഴാണ് ഇത് സാധ്യമാകുക. ഒറ്റഘട്ടമായുള്ള നിർമാണത്തിന്റെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്. 2028ൽ പൂർത്തിയാകും. നേരത്തെ നിശ്ചയിച്ചതിനും 17 വർഷം മുമ്പാണ് ഈ നേട്ടം. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡാണ് ഇതിന് ആവശ്യമായ 9560 കോടി രൂപമുടക്കുക.
രണ്ടാംഘട്ടത്തിൽ 1200 മീറ്റർ ബർത്ത്, 920 മീറ്റർ പുലിമുട്ട് എന്നിവയാണ് നിർമിക്കുന്നത്. കൂടാതെ കണ്ടെയ്നർ സൂക്ഷിക്കുന്നതിനുള്ള യാർഡുകളും നിർമിക്കും. പുതുതായി നിർമിക്കുന്ന ബർത്തിന്റെ ഓരോ 100 മീറ്ററും ഒരു ഷിപ്പ് ടു ഷോർ ക്രെയിൻ സ്ഥാപിക്കും. അങ്ങനെ 1200 മീറ്ററിൽ 12 ഷിപ്പ് ടു ഷോർ ക്രെയിൻ ആവശ്യമായി വരും. കണ്ടെയ്നർ നീക്കത്തിന് 36 യാർഡ് ക്രെയിനും സ്ഥാപിക്കും. ഒന്നാംഘട്ടത്തിൽ 24 യാർഡ് ക്രെയിനുകളും എട്ട് ഷിപ്പ് ടു ഷോർ ക്രെയിനുമാണ് സ്ഥാപിച്ചിട്ടുണ്ട്. രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ പുലിമുട്ടിന്റെ നീളം 3880 മീറ്ററാകും. കണ്ടെയ്നർ കൈകാര്യശേഷി പ്രതിവർഷം 45 ലക്ഷം ടിഇയു ആകും.1220 മീറ്റർ നീളമുള്ള മൾട്ടിപർപ്പസ് ബർത്ത്, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്ത് (പുലിമുട്ടിനോടനുബന്ധിച്ച്), ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം എന്നിവയുംഈഘട്ടത്തിൽ നടക്കും. യാർഡ് നിർമാണത്തിനും മറ്റ് സൗകര്യം ഒരുക്കുന്നതിനുമായി കടൽ നികത്തിയുണ്ടാക്കുന്നത് 77.17 ഹെക്ടർ ഭൂമിയാണ്. സ്വകാര്യഭൂമി ഏറ്റെടുക്കില്ല. 2035 മുതൽ വരുമാനത്തിൽനിന്നുള്ള വിഹിതം സംസ്ഥാനസർക്കാരിന് ലഭിച്ചുതുടങ്ങും. ഇതിൽനിന്ന് 20 ശതമാനം വിജിഎഫ് നൽകിയ വകയിൽ കേന്ദ്രസർക്കാരിന് നൽകണം.
Vizhinjam International Seaport
Vizhinjam Port
Pinarayi Vijayan
Narendra Modi