ആഴക്കടലിൽ കഴിയുന്ന ഓർ മത്സ്യം (OAR FISH) തമിഴ്നാട് തീരത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി.കടലിന്റെ അടിത്തട്ടിൽ കഴിയുന്ന ഓർ തീരപ്രദേശങ്ങൾക്ക് സമീപമെത്തുന്നത് സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങൾക്ക് മുന്നോടിയായാണെന്നാണ് വിശ്വാസം മത്സ്യത്തൊഴിലാളികളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
വെള്ളിനിറത്തിൽ റിബൺ പോലെ ശരീരമുള്ള മത്സ്യത്തിന് 30 അടിയോളം നീളമുണ്ടായിരുന്നു. സമുദ്രോപരിതലത്തിലെത്തിയ ഓർ മത്സ്യം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. 2011 ൽ ഫുകുഷിമ ഭൂകമ്പവും സുനാമിയും ഉണ്ടാകുന്നതിന് മുൻപുള്ള രണ്ടു വർഷങ്ങളിൽ ഡസൻ കണക്കിന് ഓര്മത്സ്യങ്ങൾ തീരത്തു വന്നടിഞ്ഞിട്ടുണ്ട്, ഇതും വിശ്വാസത്തിന് ഒരു കാരണം.
'അന്ത്യനാൾ മത്സ്യം' എന്നറിയപ്പെടുന്ന ഈ മത്സ്യം 30 അടി വരെ നീളം വെക്കാവുന്ന ഒരു റിബൺ പോലുള്ള ജീവിയാണ്. സാധാരണയായി 200 മുതൽ 1,000 മീറ്റർ വരെയുള്ള ആഴത്തിലാണ് ഇവ ആവസിക്കുന്നത്. ജാപ്പനീസ് ഇതിഹാസങ്ങളിലും നാടോടികഥകളിലും ഓർഫിഷിനെ വരാനിരിക്കുന്ന ഭൂകമ്പത്തിന്റെ സൂചനയായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി സമുദ്രത്തിന്റെ ആഴങ്ങളിൽ കഴിയുന്ന ഈ മത്സ്യം, വെള്ളത്തിനടിയിലുള്ള പ്രകമ്പനങ്ങൾ കാരണം ഉപരിതലത്തിലേക്ക് നീന്തുന്നു എന്നാണ് കരുതപ്പെടുന്നത്.
2011-ലെ ജപ്പാൻ ഭൂകമ്പത്തിനും സുനാമിക്കും ദിവസങ്ങൾക്ക് മുമ്പ് ജപ്പാന്റെ തീരങ്ങളിൽ ഓൾഫിഷ് കരയ്ക്കടിഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതോടെയാണ് സുനാമി പോലുള്ള ദുരന്തങ്ങൾക്ക് മുന്നോടിയായാണ് ഓർ ഫിഷ് ഉപരിതലത്തിലെത്തുന്നതെന്ന വിശ്വാസം ശക്തി പ്രാപിച്ചത്. മെക്സിക്കോയിൽ, ഒരു വലിയ ഭൂകമ്പം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് തീരത്ത് ഓർഫിഷിനെ കണ്ടെത്തിയിരുന്നു. എന്നാൽ ശാസ്ത്രജ്ഞർ ഇത്തരം വിശ്വാസങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്.
ഭൂകമ്പങ്ങളോ മറ്റ് ദുരന്തങ്ങളോ പ്രവചിക്കാൻ ഓർഫിഷിന് കഴിയുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ഇല്ലെങ്കിലും ഇതിൽ വിശ്വസിക്കുന്ന നിരവധിയാളുകളുണ്ട്. അതേസമയം, ചുറ്റുപാടുകളിലെ മാറ്റങ്ങൾ കാരണമോ ആഴക്കടലിലെ ആവാസവ്യവസ്ഥയിലെ അസ്വസ്ഥതകൾ കാരണമോ ആകാം ഓർഫിഷ് ഉപരിതലത്തിലേക്ക് വരുന്നതെന്നാണ് മറൈൻ ബയോളജിസ്റ്റുകൾ വ്യക്തമാക്കുന്നത്. ആ മാറ്റങ്ങൾ ദുരന്തത്തിനുള്ള സൂചനകളായിക്കൂടെയെന്നുള്ള മറു ചോദ്യങ്ങളും പലപ്പോഴും ഉയരാറുണ്ട്, അതാണ് ചില വിശ്വാസങ്ങൾക്ക് ആധാരം.
#environment