![]() |
Image credit: Magellan Limited/Atlantic Productions |
നൂറ്റാണ്ട് മുൻപ് കന്നി യാത്രയിൽ വടക്കൻ അറ്റ്ലാൻറിക്കിൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്ന ടൈറ്റാനിക്കിന്റെ (Titanic) സമുദ്രത്തിനടിയിലെ അന്ത്യവിശ്രമത്തിന്റെ കൂടുതൽ വിശദമായ ഡിജിറ്റൽ കാഴ്ചകൾ പുനർ സൃഷ്ടിച്ചു ഗവേഷകർ. ഇത് പ്രകാരം കപ്പൽ മുങ്ങാൻ കാരണം A4 പേപ്പർ വലിപ്പമുള്ള ദ്വാരങ്ങൾ ആണെന്നും ഗവേഷകർ പറയുന്നു.
നാഷണൽ ജ്യോഗ്രഫിക്കിന്റെ (National Geographic's) ഡോക്യുമെൻററിയിലാണ് ഇത് സംബന്ധിച്ച ദൃശ്യങ്ങൾ പുറത്തുവിട്ടത്.'ടൈറ്റാനിക്: ദി ഡിജിറ്റൽ റിസറെക്ഷൻ' (titanic: The Digital Resurrection.) എന്ന പേരിലുള്ള ഡോക്യുമെൻററി നാഷണൽ ജോഗ്രഫിക്കും , അറ്റ്ലാൻറിക് പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിച്ചതാണ്. ഡോക്യുമെൻററിയിൽ അണ്ടർ വാട്ടർ സ്കാനിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കപ്പൽ ചേദത്തിന്റെ വിശദമായ ഡിജിറ്റൽ 3D (ത്രീഡി) ദൃശ്യങ്ങൾ കമ്പ്യൂട്ടർ സിമുലേഷന്റെ സഹായത്തോടെ നിർമ്മിച്ചത്. ഇതിൽ നിന്നും കപ്പലിന്റെ അവസാന മണിക്കൂറുകൾ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നത്.
ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിന്റെ (North Atlantic Ocean) അടിയിൽ തകർന്നുകിടക്കുന്ന ടൈറ്റാനിക്കിന്റെ ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച മോഡലാണ് ഇതെന്നാണ് നാഷണൽ ജോഗ്രഫിക്ക് പറയുന്നത്. അറ്റ്ലാൻറിക് സമുദ്രത്തിന്റെ അടിയിൽ 3800 മീറ്റർ താഴ്ചയിൽ കിടക്കുന്ന ടൈറ്റാനിക്കിന്റെ 7,15000-ൽ ഏറെ ഉയർന്ന ദൃശ്യ പൊലിമയുള്ള ചിത്രങ്ങൾ പകർത്തിയാണ് പൂർണ്ണ തോതിലുള്ള ത്രീഡി ഡിജിറ്റൽ രൂപം ഗവേഷകർ നിർമ്മിച്ചത്. വിദൂര നിയന്ത്രിത ജലാന്തർ റോബോട്ടുകൾ (ROV, or Remotely Operated Vehicle)ഉപയോഗിച്ചാണ് അണ്ടർ വാട്ടർ സ്കാനിങ് നടത്തിയത്.
കപ്പലിന്റെ പ്രധാന ഭാഗം അടിത്തട്ടിൽ തകർന്നു കിടക്കുന്നിടത്ത് നിന്നും 600 മീറ്റർ അകലെയായി അമരം തകർന്നു അടിഞ്ഞു ലോഹ കൂമ്പാരം ആയതായും ദൃശ്യങ്ങളിൽ നിന്ന് ഗവേഷകർ മനസ്സിലാക്കി. മുങ്ങുന്ന സമയത്ത് കപ്പൽ രണ്ടായി പിളരുകയും അതിനുശേഷം താഴേക്ക് പോയ അമരം വെള്ളത്തിൻറെ അടിത്തട്ടിൽ ശക്തമായി ഇടിച്ചത് മൂലമാണ് ഇങ്ങനെ നശിക്കാൻ കാരണം.
A4 കടലാസ് കഷണങ്ങളുടെ വലിപ്പത്തിൽ കപ്പലിന്റെ ഹള്ളിൽ ചെറിയ ദ്വാരങ്ങൾ നേർരേഖയിൽ രൂപപ്പെട്ടതാണ് കപ്പൽ മുങ്ങാൻ കാരണം വെള്ളത്തിന് അടിയിലേക്ക് നാല് അറകൾ വരെ മുങ്ങിയാലും കപ്പൽ പൊങ്ങിക്കിടക്കും, പക്ഷേ മഞ്ഞുമലയുമായുള്ള ടൈറ്റാനിക്കിന്റെ കൂട്ടിയിടിയിൽ ഈ വിള്ളൽ 6 അറകളിലേക്ക് വ്യാപിച്ചു ഇതാണ് ദുരന്തത്തിൽ കലാശിച്ചത്.
ഒരു വിമാന അപകടം നടന്ന സ്ഥലത്ത് വിശദമായ കാഴ്ച നൽകുന്നതുപോലെയാണ് സമുദ്രത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന ടൈറ്റാനിക്കിനെ പുതിയ മാപ്പിങ് സംവിധാനങ്ങൾ ഉപയോഗിച്ച് പകർത്തിയ ത്രീഡി ദൃശ്യങ്ങൾ നൽകുന്ന അറിവുകളാണ് ഇതെന്ന് വിദഗ്ധർ പറയുന്നു. വെള്ളത്തിന് അടിയിലുള്ള സ്കാനിങ്ങിൽ മഞ്ഞുമലയുമായി ഉണ്ടായ കൂട്ടിയിടിയിൽ സംഭവിച്ച ദ്വാരത്തിന്റെ ക്ലോസപ്പ് ദൃശ്യങ്ങളും വ്യക്തമായി കാണാം സാധിക്കുന്നതിനൊപ്പം ടൈറ്റാനിക്കിന് സംഭവിച്ച ദുരന്തം കാരണവും മനസ്സിലാക്കാൻ സാധിക്കും. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറഞ്ഞത് കൂട്ടിയടി സമയത്ത് ചില യാത്രക്കാരുടെ ക്യാബിനുകളിലേക്ക് ഐസ് കഷണങ്ങൾ എത്തിയതായി ഉള്ള വിവരവും ഇതിനോട് യോജിച്ചു പോകുന്നതാണ്.
അണ്ടർ വാട്ടർ സ്കാനിങ്ങിൽ ടൈറ്റാനിക്കിന്റെ ഊർജസ്രോതസായ ബോയിലർ റൂമിന്റെ കാഴ്ചയും വ്യക്തമാണ്. കപ്പൽ മുങ്ങിത്താഴുമ്പോഴും ലൈറ്റുകൾ അണയാതെ ശ്രദ്ധിക്കാൻ എൻജിനീയർമാർ അവസാന നിമിഷം വരെയും പ്രയത്നിച്ചു എന്നതിൻറെ തെളിവാണ് ഈ കാഴ്ച. കോൺകേവ് ആകൃതിയിലാണ് ചില ബോയിലറുകൾ കാണപ്പെട്ടത് ഇവ വെള്ളത്തിൽ മുങ്ങിയതിനുശേഷം പ്രവർത്തിച്ചിരുന്നതായി സൂചിപ്പിക്കുന്നു. ടൈറ്റാനിക്കിന്റെ ഡക്കിൽ തുറന്ന ഭാഗത്ത് കണ്ടെത്തിയ വാൽവ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന യന്ത്രത്തിലേക്ക് അവസാന നിമിഷം വരെയും നീരാവിയുടെ പ്രവാഹം ഉണ്ടായിരുന്നുവെന്ന് വ്യക്തമാകുന്നു.
ഡക്കിൽ നിന്ന് വാൽവ് വഴി നീരാവിയുടെ പ്രവാഹം അകത്തേക്ക് പോകാൻ കാരണം ടൈറ്റാനിക്ക് മുങ്ങുന്നതിന്റെ അവസാനം നിമിഷം വരെയും ജോസഫ് ബെല്ലിന്റെ നേതൃത്വത്തിലുള്ള എൻജിനീയർമാരുടെ സംഘം ചൂളയിലേക്ക് കൽക്കരി കോരിയിട്ട് ലൈറ്റുകൾ തെളിയിച്ചു നിർത്താൻ ശ്രമിച്ചതിന്റെ ഫലമായാണ്, പക്ഷേ അവർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നത് മറ്റൊരു കാര്യം. കൂരിരുട്ടത്ത് ലൈഫ് ബോട്ടുകൾ അപകടമില്ലാതെ കുറെയെങ്കിലും വെളിച്ചം കണ്ടു പോകാൻ സഹായിച്ചത് എഞ്ചിനീയർമാരുടെ മരണത്തെ മുന്നിൽ കണ്ടുള്ള പ്രവർത്തനമായിരുന്നു 1912 ഏപ്രിൽ മാസത്തിലെ തണുത്ത രാത്രിയിൽ നടന്നത്.
പ്രൊ. ജിയോം-കീ പൈക്കിന്റെ നേതൃത്വത്തിലുള്ള ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകർ യഥാർത്ഥത്തിലുള്ള ടൈറ്റാനിക്കിന്റെ ബ്ലൂ പ്രിന്റുകളും, കപ്പലിന്റെ വേഗത, ദിശ, അപകടത്തിന്റെ സ്ഥാനം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉപയോഗിച്ച് മഞ്ഞു മലയിൽ ഇടിച്ചപ്പോൾ ഉണ്ടായ നാശനഷ്ടങ്ങൾ പുനർ നിർമ്മിക്കാൻ കമ്പ്യൂട്ടർ മോഡലിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സിമുലേഷനിൽ കണ്ടത് കപ്പൽ മഞ്ഞുമലയിൽ ചെറുതായി ഉരസിയ സമയത്ത് ഹള്ളിന്റെ ദുർബലമായ ഭാഗത്ത് നെടുനീളത്തിൽ തുടർച്ചയായി ദ്വാരങ്ങൾ രൂപപ്പെട്ടു.
ടൈറ്റാനിക് മുങ്ങുന്നതും, മുങ്ങാതിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം, ന്യൂകാസിൽ സർവകലാശാലയിലെ നാവിക വാസ്തുവിദ്യയിലെ അസോസിയേറ്റ് ലക്ചറർ സൈമൺ ബെൻസണിൻറെ അഭിപ്രായത്തിൽ കേവലം എ4 പേപ്പറിന്റെ വലുപ്പത്തിലുള്ള ചെറിയ ദ്വാരങ്ങളാണ് എന്നാണ്. ചെറിയ ദ്വാരങ്ങൾ കപ്പലിന്റെ വലിയ ഒരു ഭാഗത്തായി വ്യാപിച്ച് കിടന്നതിനാൽ വെള്ളം സ്വാവധാനം എല്ലാ ദ്വാരങ്ങളിലും ഒഴുകിയെത്തി അങ്ങനെ അറകൾ നിറഞ്ഞ ടൈറ്റാനിക് മുങ്ങി.
1912 ഏപ്രിൽ പത്തിനാണ് ആർഎംഎസ് ടൈറ്റാനിക് ഒരിക്കലും മുങ്ങില്ല എന്ന വിശേഷണത്തോടെ ആഡംബരക്കപ്പൽ 2240 യാത്രക്കാരുമായി കന്നിയാത്ര നടത്തുകയും ദിവസങ്ങൾക്കുള്ളിൽ മഞ്ഞുമലയിൽ ഇടിച്ച് 1500 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തത്. ആ തണുത്ത രാത്രിയിൽ കൊല്ലപ്പെട്ട യാത്രക്കാരുടെ സ്വകാര്യ വസ്തുക്കൾ കടലിന്റെ അടിത്തട്ടിൽ ചിതറി കിടക്കുന്നത് ഇപ്പോഴും വ്യക്തമായി കാണാം. മൂന്നാഴ്ചയോളം എടുത്താണ് കപ്പലിന്റെ അണ്ടർ വാട്ടർ സ്കാനിങ് 2022 ൽ അറ്റ്ലാന്റിക് പ്രൊഡക്ഷന്റെ പിന്തുണയോടെ ആഴക്കടൽ മാപ്പിങ് കമ്പനിയായ മഗല്ലനാണ് ഡോക്യുമെൻററിയിൽ കാണുന്ന ത്രീഡി (3D) ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത്, 2023ൽ തന്നെ ഇതിൻറെ ചില ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.ROV ഉപയോഗിച്ച് അണ്ടർ വാട്ടർ സ്കാനിങ്ങിലൂടെ പകർത്തിയ ടൈറ്റാനിക്കിന്റെ ത്രീഡി പകർപ്പിലെ ഓരോ വിശദാംശങ്ങളും പഠിക്കാൻ ഗവേഷകർക്ക് വർഷങ്ങളോളം വേണ്ടിവരും.
#science