വിമാനം ലാൻഡ് ചെയ്ത് ഉടൻ എഴുന്നേറ്റ് നിന്ന്, എത്രയും വേഗം പുറത്തിറങ്ങാൻ തിരക്ക് കൂട്ടുന്ന ആളാണോ നിങ്ങൾ? ആണെങ്കിൽ അത്തരക്കാർക്ക് ഒരു മുന്നറിയിപ്പുണ്ട്. അതാകട്ടെ ഇന്ത്യാ-പാക് സംഘർഷത്തിനിടെ പാകിസ്താനെ പിന്തുണച്ചതിന്റെ പേരിൽ ഇന്ത്യൻ വിനോദ സഞ്ചാരികൾ അടക്കമുള്ളവരുടെ വൻതോതിലുള്ള ബഹിഷ്കരണം നേരിടേണ്ടിവന്ന തുർക്കിയിൽനിന്നും. ലാൻഡിങ്ങിന് ശേഷം സീറ്റുകളിൽനിന്ന് പെട്ടെന്ന് എഴുന്നേൽക്കുന്നവരിൽനിന്ന് പിഴ ഈടാക്കാനാണ് തുർക്കി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
പിഴത്തുക എത്രയായിരിക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. എന്നാൽ തുർക്കിഷ് ചാനലായ ഹാൽക്ക് ടിവി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇത് ഏകദേശം 2,603 തുർക്കിഷ് ലിറ വരെയാകാം എന്നാണ്. ഈ തുക ഏകദേശം 5,687 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്.
യാത്രക്കാർ സുരക്ഷാ നടപടിക്രമങ്ങൾ ലംഘിക്കുന്ന സംഭവങ്ങളിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ടെന്നാണ് തുർക്കി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ കെമാൽ യൂക്സെക്ക് അഭിപ്രായപ്പെടുന്നത്. ഇത് യാത്രക്കാരുടെയും ലഗേജുകളുടെയും സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യുന്നു. എഴുന്നേറ്റ് നിൽക്കുക, സീറ്റ് ബെൽറ്റ് അഴിക്കുക, ഓവർഹെഡ് ബിന്നുകൾ തുറക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിയമങ്ങൾ അനുസരിച്ച്, വിമാനം പൂർണമായി പാർക്ക് ചെയ്യുന്നത് വരെ യാത്രക്കാർ സീറ്റുകളിൽ ഇരിക്കുകയും സീറ്റ് ബെൽറ്റ് ധരിക്കുകയും സീറ്റുകൾ നിവർന്നിരിക്കുകയും വേണം. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴ ഈടാക്കും. വിമാനത്തിൽനിന്ന് ഇറങ്ങുന്ന മുഴുവൻ പ്രക്രിയയെ വൈകിപ്പിക്കാനും സഹയാത്രികർക്ക് സുരക്ഷാ ഭീഷണി ഉണ്ടാക്കാനും സാധ്യതയുള്ള ക്ഷമയില്ലാത്ത യാത്രക്കാരെ പിന്തിരിപ്പിക്കുക എന്നതാണ് ഈ പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് അധികൃതരുടെ വാദം.