യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ സിസ്റ്റത്തിൽ നിയന്ത്രണങ്ങൾ വരുന്നു. UPI (യുപിഐ) ഇടപാടുകളിൽ ആഗസ്റ്റ് ഒന്ന് മുതൽ ചില നിയന്ത്രണങ്ങൾ വരുമെന്ന് NPCI (നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്)അറിയിച്ചത്. സിസ്റ്റം ഓവർലോഡ് കുറയ്ക്കുന്നതിനും തകരാറുകൾ പരിഹരിക്കുന്നതിനുമാണ് പുതിയ നിയന്ത്രണം. ജൂലൈ 31നകം ഉപഭോക്താക്കളും പേയ്മെന്റ് സേവന ദാതാക്കളും യുപിഐ നെറ്റ്വർക്കിൽ സാധാരണയായി ഉപയോഗിക്കുന്ന 10 പ്രധാന ഫീച്ചറുകളുടെ ഉപയോഗം മിതപ്പെടുത്താനും നിയന്ത്രിക്കാനുമാണ് എൻപിസിഐ ബാങ്കുകൾക്കും പേയ്മെന്റ് സേവനദാതാക്കൾക്കും നിർദ്ദേശം നൽകി.
ബാലൻസ് അന്വേഷണങ്ങൾ, ഇടപാട് സ്റ്റാറ്റസ് പരിശോധനകൾ, ഓട്ടോ പേ മാൻഡേറ്റുകൾ തുടങ്ങിയ ആവശ്യങ്ങളിലാണ് നിയന്ത്രണം. ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ സ്ഥിരതയുള്ളതും കാര്യക്ഷമവുമായ ഡിജിറ്റൽ പേയ്മെന്റ് അനുഭവം സാധിക്കുമെന്നാണ് എൻപിസിഐ അവകാശപ്പെടുന്നത്.
'ബാലൻസ് എൻക്വയറി'(അക്കൗണ്ട് ബാലൻസ് പരിശോധന )യിൽ ഒരു ആപ്പിൽ ഒരു ഉപഭോക്താവിന് 50 തവണയായി പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇനി പേടിഎമ്മും ഫോൺപേയും ഉപയോഗിക്കുകയാണെങ്കിലും ഓരോ ആപ്പിലും 24 മണിക്കൂറിനുള്ളിൽ 50 തവണ വീതം മാത്രമേ ബാലൻസ് പരിശോധിക്കാൻ സാധിക്കൂ. വ്യാപാരികളെയും ഇടയ്ക്കിടെ ബാലൻസ് പരിശോധിക്കുന്നവരെയുമായിരിക്കും ഇത് ബാധിക്കുക. തിരക്കേറിയ സമയങ്ങളിൽ ബാലൻസ് എൻക്വയറികൾ പരിമിതപ്പെടുത്താനും ചില സമയങ്ങളിൽ നിർത്തിവെക്കാനും യുപിഐ ആപ്പുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഓരോ ഇടപാടിനും ശേഷം ഉപഭോക്താവിന്റെ അക്കൗണ്ടിലെ ബാലൻസ് അറിയിപ്പായി നൽകണമെന്നും നിർദ്ദേശമുണ്ട്.
കൂടാതെ ഓട്ടോപേ മാൻഡേറ്റുകൾക്ക് സമയപരിധിയുണ്ടാകും. യുപിഐയിലെ ഓട്ടോപേ മാൻഡേറ്റുകൾ (എസ്ഐപി, നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പോലുള്ളവ) തിരക്കില്ലാത്ത സമയങ്ങളിൽ മാത്രം ഇനി പ്രവർത്തിക്കും. (രാവിലെ 10 മുതൽ ഒരു മണിവരെയും വെകുന്നേരം അഞ്ച് മണി മുതൽ രാത്രി ഒമ്പതര വരെയുമാണ് തിരക്കുള്ള സമയമായി കണക്കാക്കിയിരിക്കുന്നത്)
ഒരു മാൻഡേറ്റിന് പരമാവധി മൂന്ന് ശ്രമം മാത്രമേ അനുവദിക്കൂ. തിരക്കേറിയ സമയങ്ങളിലും ഓട്ടോപേ മാൻഡേറ്റുകൾ സൃഷ്ടിക്കാൻ സാധിക്കുമെങ്കിലും അവ പ്രാബല്യത്തിൽ വരണമെങ്കിൽ തിരക്കില്ലാത്ത സമയങ്ങളിൽ മാത്രമായിരിക്കും.
ട്രാൻസാക്ഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ഇനിമുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇടപാട് അംഗീകരിച്ച് കുറഞ്ഞത് 90 സെക്കൻഡിന് ശേഷമേ ആദ്യത്തെ പരിശോധന നടത്താൻ പാടുള്ളൂ. പരമാവധി മൂന്ന് തവണ (രണ്ട് മണിക്കൂറിനുള്ളിൽ) മാത്രമേ ഇവ പരിശോധിക്കാൻ പാടുള്ളൂ. ചില പിഴവുകൾ സംഭവിക്കുകയാണെങ്കിൽ, അത്തരം ഇടപാടുകൾ പരാജയപ്പെട്ടതായി കണക്കാക്കുകയും വീണ്ടും വീണ്ടും ട്രാൻസാക്ഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നത് നിർത്തുകയും ചെയ്യും. കൂടാതെ യുപിഐയിൽ, ഒരു ഉപയോക്താവിന് അവരുടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും കണ്ടെത്താൻ സഹായിക്കുന്ന ഒരു സേവനമാണ്'അക്കൗണ്ട് ലിസ്റ്റ് റിക്വസ്റ്റ്'. നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നാൽ ഇനി ഉപഭോക്താവിന് 24 മണിക്കൂറിനുള്ളിൽ ഒരു യുപിഐ ആപ്പിൽ പരമാവധി 25 തവണ മാത്രമേ ഇങ്ങനെയൊരു അഭ്യർത്ഥന നടത്താൻ കഴിയൂ.
2025 ആഗസറ്റ് 31 നകം ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പിഎസ്പി ഒരു സത്യവാങ്മൂലം സമർപ്പിക്കണമെന്നും എൻപിഎസ്ഐ അറിയിച്ചു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പിഴവ് സംഭവിച്ചാൽ നിയന്ത്രണങ്ങൾ, പിഴകൾ, പുതിയ ഉപഭോക്തൃ ഓൺബോർഡിംഗ് താൽക്കാലികമായി നിർത്തിവയ്ക്കൽ തുടങ്ങിയ പ്രത്യാഘാതങ്ങൾക്ക് നേരിടേണ്ടി വരും. ഈ മാറ്റങ്ങളിലൂടെ യു പി ഐ സിസ്റ്റത്തിന്റെ സ്ഥിരത, വേഗത, വിശ്വാസ്യത എന്നിവ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കരുതുന്നത്.
#GooglePay
#PhonePe