മറ്റ് ജീവികളെ അപേക്ഷിച്ച് മനുഷ്യന് ഇരുട്ടത്ത് കാഴ്ച അസാധ്യമാണ്. ഒരു നേരിയ പ്രകാശം ഉണ്ടെങ്കിൽ മാത്രമേ കാഴ്ച (night vision) സാധ്യമാകു പക്ഷെ അപ്പോഴും മറ്റൊരു പ്രശ്നമുണ്ട് കണ്ണിന് എന്തെങ്കിലും തകരാർ ഉള്ളവർ ആണെങ്കിൽ നേരിയ പ്രകാശ സാധ്യത ഉണ്ടെങ്കിൽ പോലും വസ്തുക്കളെ കാണാനുള്ള സാധ്യത കുറയും. മനുഷ്യൻ ഒഴികെയുള്ള മറ്റു മൃഗങ്ങൾക്കും, പക്ഷികൾക്കും ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് ഇരുട്ടത്ത് കണ്ണ് കാണാൻ പറ്റും. പൂച്ച ഉൾപ്പെടെയുള്ള ജന്തുക്കളുടെയും പക്ഷികളുടെയും (നിശാ സഞ്ചാരികൾ) കണ്ണുകളിൽ കാഴ്ച നൽകുന്നതിന് ആവശ്യമായിട്ടുള്ള കോശങ്ങൾ ഉണ്ട് അതേസമയം വവ്വാൽ ഉൾപ്പെടെയുള്ളവ പ്രകാശ തരംഗങ്ങളുടെ പ്രതിഫലനത്തിൽ നിന്നാണ് രാത്രിയിൽ വസ്തുക്കളെ തിരിച്ചറിയുന്നത്.
രാത്രിയിൽ അല്ലെങ്കിൽ ഇരുട്ടുള്ള സമയങ്ങളിൽ കാഴ്ച സാധ്യമാക്കാൻ മനുഷ്യൻ നൈറ്റ്-വിഷൻ ഗ്ലാസുകള് (night-vision glass) ഉപയോഗിക്കാറുണ്ട്, അതേപോലെതന്നെ ക്യാമറകളും. ഈ ഉപകരണങ്ങളെല്ലാം തന്നെ ഒരിക്കലും ഒരു കണ്ണിന് പകരം ആവില്ല. ചൈനയിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകർ രാത്രി കാഴ്ച മനുഷ്യന് സാധ്യമാക്കുന്ന സാങ്കേതികവിദ്യ കണ്ടെത്തി എന്ന് മാത്രമല്ല മനുഷ്യനിൽ പരീക്ഷിച്ചു വിജയിക്കുകയും ചെയ്തു. ഈ കണ്ടുപിടുത്തത്തോടെ സയൻസ് ഫിക്ഷൻ സിനിമകളിൽ (Science fiction movie) മാത്രം കണ്ടിരുന്ന കാഴ്ച അനുഭവം യാഥാർത്ഥ്യമായി.
ഇന്ഫ്രാറെഡ് (Infrared light) തരംഗങ്ങളുടെ സഹായത്തോടെ നിർമിച്ച കോൺടാക്ട് ലെൻസ് ആണ് മനുഷ്യന് പ്രകാശരഹിത അവസ്ഥയിലും കാഴ്ച നൽകുന്നത് സാധ്യമാക്കുന്നത്. ചൈനയിലെ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകരാണ് പരമ്പരാഗതമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കോൺടാക്ട് ലെൻസുകളിൽ ഉപയോഗിക്കുന്ന പൊളിമറുകളെ നാനോപാർട്ടിക്കളുമായി സംയോജിപ്പിച്ച് ആണ് ഇരുട്ടത്ത് കാഴ്ച സാധ്യമാകുന്ന ഇൻഫ്രാറെഡ് കോൺടാക്ട് ലെൻസ് (Infrared contact lenses) വികസിപ്പിച്ചത്. ഇൻഫർ കോൺടാക്ട് ലെൻസുകൾക്ക് പരമ്പരാഗത നൈറ്റ്- വിഷന് ഗ്ലാസുകള്ക്ക് ആവശ്യമുള്ളത് പോലെ ഊർജ്ജസ്രോതസ്സ് വേണ്ടെന്നും സെൽ ജേണലിൽ' പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.
മനുഷ്യൻറെ കാഴ്ച എന്നത് മറ്റു ജീവികളെ അപേക്ഷിച്ച് ദൃശ്യ പ്രകാശ തരംഗത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. മനുഷ്യൻറെ കണ്ണ് കൊണ്ട് കാണാൻ സാധിക്കുന്ന ദൃശ്യ പ്രകാശത്തിന്റെ തരംഗദൈർഘ്യം എന്നത് 380-700 നാനോ മീറ്റർ എന്നാണ് കണക്കാക്കിയിരിക്കുന്നത്, എന്നാൽ ഇൻഫ്രാറെഡ് പ്രകാശത്തിൻറെ തരംഗദൈർഘ്യം 1600 നാനോമീറ്റർ വരെയാണ്, ഈ ഉയർന്ന തരംഗ ദൈർഘ്യത്തിലൂടെ കാഴ്ച സാധ്യമാക്കുകയാണ് ചൈനീസ് ഗവേഷകർ വികസിപ്പിച്ചെടുത്ത ഇൻഫ്രാറെഡ് കോൺടാക്ട് ലെൻസുകൾ ചെയ്യുന്നത്. ഇൻഫ്രാറെഡ് കോൺടാക്ട് ലെൻസ് ധരിക്കുന്നതിലൂടെ വ്യത്യസ്ത തരംഗദൈർഘ്യമുള്ള ഇൻഫ്രാറെഡ് തരംഗങ്ങളെ കാണാൻ സാധിക്കും.
ഇൻഫ്രാറെഡ് പ്രകാശം വലിച്ചെടുക്കുന്ന പുതിയ കോൺടാക്ട് ലെൻസിലെ നാനോ പാർട്ടിക്കിളുകൾ (Nanoparticles) അവയെ സസ്തനികളുടെ കണ്ണുകൾക്ക് കാഴ്ച സാധ്യമാക്കുന്ന വിധത്തിലുള്ള തരംഗദൈർഘ്യം ആക്കി മാറ്റുകയാണ് ചെയ്യുന്നത്. എലികളിൽ നടത്തിയ പരീക്ഷണം വിജയിച്ചതിനെ തുടർന്ന് പിന്നീട് മനുഷ്യനിലും പരീക്ഷിക്കുകയും അത് വിജയ കൈവരിക്കുകയും ചെയ്തതായി ഗവേഷകർ പറയുന്നു. ഇത്തരം ക്ലാസുകൾ കാഴ്ചക്ക് വേണ്ടി ഉപയോഗിക്കുമ്പോൾ നമ്മൾ കാണുന്ന വസ്തുവിന്റെ ആകൃതി, നിറം തുടങ്ങിയവയിൽ കൂടുതൽ വിശദാംശങ്ങളും ലഭ്യമാകുന്നു.
ഇൻഫ്രാറെഡ് കോൺടാക്ട് ലെൻസുകൾ ഉപയോഗിച്ച് പരീക്ഷണത്തിന് വിധേയരായവർക്ക് ഇൻഫ്രാറെഡ് പ്രകാശത്തെ മനസ്സിലാക്കാനും അതിൻറെ ദിശ തിരിച്ചറിയാനും സാധിക്കുകയും കൂടാതെ ഇൻഫ്രാറെഡും ദൃശ്യപ്രകാശവും ഒരേസമയം ആസ്വദിക്കാൻ കഴിയുകയും ചെയ്തു. ഇരുട്ടത്ത് കണ്ണടച്ച് ഇരുന്നപ്പോൾ പോലും ഇൻഫ്രാറെഡ് കാഴ്ച വർധിച്ചുവെന്നും ഗവേഷകർ പറയുന്നു. കണ്ണടച്ചാൽ പോലും കാഴ്ച സാധ്യമാകാൻ ദൃശ്യ പ്രകാശത്തേക്കാൾ നിയർ-ഇൻഫ്രാറെഡ് പ്രകാശം കൺപോളകളിലൂടെ കടന്നുപോകും എന്നതാണ് കാരണം.
Werable Device (ധരിക്കാവുന്ന ഉപകരണങ്ങൾ) വഴി ആളുകൾക്ക് അതീന്ദ്രിയ കാഴ്ച (supervision) സാധ്യമാകുന്നതിനുള്ള മാർഗമാണ് തുറന്നു കിട്ടിയിരിക്കുന്നതെന്നും ചൈനയിലെ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ന്യൂറോസയന്റിസ്റ്റ് ടിയാൻ സ്യൂ പറയുന്നു.ഒരു സയൻസ് ഫിക്ഷൻ സിനിമയിൽ നിന്നുള്ള ഉപകരണം പോലെ തോന്നാമെങ്കിലും, യഥാർത്ഥ ലോകത്തിൽ ഇതിന് നിരവധി ഉപയോഗങ്ങൾ ഉണ്ടെന്നും മിന്നുന്ന ഇൻഫ്രാറെഡ് ലൈറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്കും, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കും, കള്ളപ്പണം, ലഹരിവസ്തുക്കൾ എന്നിവ തടയുന്ന സാഹചര്യങ്ങളിലും വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിക്കാം എന്നും ഗവേഷകർ പറയുന്നു.
ഇൻഫ്രാറെഡ് വിവരങ്ങൾ എൻകോഡ് ചെയ്യാനും കൈമാറാനും, കാഴ്ച കുറഞ്ഞ സാഹചര്യങ്ങളിൽ അതായത് മൂടൽമഞ്ഞുള്ളതോ പൊടി നിറഞ്ഞതോ ആയ സാഹചര്യങ്ങൾ കാഴ്ച മെച്ചപ്പെടുത്താനും, രക്ഷാപ്രവർത്തനങ്ങൾക്കും സഹായകമാകും.ദുരന്തം പോലെയുള്ള അടിയന്തരസാഹിത്യങ്ങൾ ഉണ്ടായാൽ സ്മാർട്ട് ഉപകരണങ്ങളുമായും ഇതിനെ ബന്ധിപ്പിച്ച് ഉപയോഗപ്പെടുത്താം.
#science #technology #smartdevice