ലോകത്തെ നടുക്കിയ ആഴങ്ങളിലെ 'അകത്തേക്കുള്ള സ്ഫോടനമായ' 2023 -ലെ ടൈറ്റൻ ജലപേടക ദുരന്തവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ദൃശ്യങ്ങളും പുറത്ത്. അമേരിക്കൻ കോസ്റ്റ് ഗാർഡിൽനിന്ന് ബിബിസിക്ക് ലഭിച്ച ദൃശ്യങ്ങളിലാണ് ടൈറ്റൻ പേടകത്തിന്റെ (Oceangate Titan disaster) അവസാന നിമിഷം എപ്പോഴായിരുന്നുവെന്നും,എങ്ങനെ ആയിരുന്നുവെന്നുമുള്ള വിവരങ്ങൾ ഉള്ളത്.
ടൈറ്റൻ ജലപേടകം ഉപയോഗിച്ച് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്ര സംഘടിപ്പിച്ചിരുന്ന ഓഷ്യൻ ഗേറ്റ് (Oceangate) എക്സ്പെഡീഷൻസ് കമ്പനി സിഇഒ സ്റ്റോക്ടൺ റഷിന്റെ ഭാര്യ വെൻഡി റഷ് ഭർത്താവും മറ്റ് നാലുപേരും സഞ്ചരിച്ച ടൈറ്റൻ അന്തർവാഹിനി ഞെരിഞ്ഞമർന്ന സമയത്ത് അതിന്റെ ശബ്ദം കേട്ടിരുന്നുവെന്നാണ് പുതിയ ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നത്.
Also readടൈറ്റൻ പേടക ദുരന്തം : യാത്ര അപകടം ആണെന്ന് അറിയാമായിരുന്നു ; വെളിപ്പെടുത്തൽ
വെൻഡി റഷ് ജലോപരിതലത്തിലുള്ള പോളാർ പ്രിൻസ് എന്ന സപ്പോർട്ടിംഗ് കപ്പലിൽ ഇരുന്ന് ദൗത്യം നിരീക്ഷിക്കുകയായിരുന്നു പെട്ടെന്നാണ് ഉച്ചത്തിലുള്ള ഒരു ശബ്ദം കേൾക്കുന്നത് , 'എന്താണ് ആ ശബ്ദം?' വെൻഡി റഷ് ചോദിക്കുന്ന ദൃശ്യം പുറത്ത് വന്നത്.അത് ടൈറ്റൻ പൊട്ടിത്തെറിക്കുകയും അതിലുണ്ടായിരുന്ന അഞ്ചുപേരും തൽക്ഷണം മരിക്കുകയും ചെയ്ത ശബ്ദമാണെന്ന് അവർ അറിഞ്ഞിരുന്നില്ല.
ടൈറ്റൻ ജലാംന്തർ പേടകം ജലോപരിതത്തിൽ നിന്ന് ഏകദേശം 90 മിനിറ്റോളം മുങ്ങിത്താഴുന്നതിനു ശേഷം ഉൾവലിഞ്ഞുള്ള സ്ഫോടനത്തെ (implosion )തുടർന്ന് നിശബ്ദമാകുന്ന ശബ്ദമാണ് അവർ കേട്ടത്. സമുദ്രത്തിന് അടിയിൽ ഏകദേശം 11,000 അടി താഴ്ചയിൽ വെച്ചാണ് ടൈറ്റന് ഉൾവലിയൽ സംഭവിച്ചത്. ദുരന്തത്തിൽ സ്റ്റോക്ടൺ റഷ്, ബ്രിട്ടീഷ് പര്യവേക്ഷകൻ ഹാമിഷ് ഹാർഡിംഗ്, ടൈറ്റാനിക് വിദഗ്ദ്ധൻ പോൾ-ഹെന്റി നാർജിയോലെറ്റ്, പാകിസ്ഥാനി ശതകോടീശ്വരൻ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ 19 വയസ്സുള്ള മകൻ സുലേമാൻ എന്നിവരാണ് മരിച്ചത്.
ഇംപ്ലോഷൻ: ദ ടൈറ്റാനിക് സബ് ഡിസാസ്റ്റർ എന്ന ബിബിസി ഡോക്യുമെന്ററിയിൽ ദുരന്തത്തിന് ഒരു വർഷം മുമ്പുള്ള ഒരു മുങ്ങൽ ദൗത്യത്തിൽത്തന്നെ അന്തർവാഹിനിയുടെ കാർബൺ ഫൈബർ പുറംചട്ട ഘടനാപരമായ തകർച്ചയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും, എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ച് ഓഷൻഗേറ്റ് അന്തർവാഹിനി ഉപയോഗിക്കുന്നത് തുടർന്നു.
ഉൾവലിയൽ ഫോടനത്തിന് പിന്നാലെ ടൈറ്റനിൽ നിന്ന് ഒരു സന്ദേശം സപ്പോർട്ട് ഷിപ്പിന് ലഭിച്ചിരുന്നു. എന്തു സംഭവിച്ചുവെന്ന് അപ്പോഴും മനസിലാക്കാതെ വെൻഡി റഷ് ആ സന്ദേശം ഉച്ചത്തിൽ വായിച്ചു. വെള്ളത്തിനടിയിലുള്ള സെൻസറുകളാണ് ഉൾവലിയലിന്റെ ശബ്ദം പിടിച്ചെടുത്തത്. ജലപേടകത്തിൽനിന്നുള്ള അവസാന ശബ്ദമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.2023-ലെ യാത്ര അതിന്റെ 88-ാമത്തെ മുങ്ങൽ ദൗത്യവും ആ വർഷത്തെ ആദ്യത്തെ ആഴക്കടൽ ദൗത്യവുമായിരുന്നു.
അതേസമയം ടൈറ്റൻ അപകടം ഉണ്ടായതിനുശേഷം ടൈറ്റാനിക്ക് 1912 ല് അവസാന യാത്രയായ ആദ്യ യാത്രയിൽ മഞ്ഞു മലയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വെൻഡി റഷിന്റെ പൂർവികരുമുണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. ഫസ്റ്റ് ക്ലാസ് യാത്രക്കാരായി ടൈറ്റാനിക്കിൽ യാത്ര ചെയ്ത സമ്പന്നവ്യാപാരി ഇസിഡോർ സ്ട്രോസിന്റേയും ഭാര്യ ഐഡയുടേയും പേരക്കുട്ടിയുടെ പേരക്കുട്ടിയുടെ മകളാണ് വെൻഡി റഷ്. ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത 1997ൽ പുറത്തിറങ്ങിയ ടൈറ്റാനിക്കിൽ പ്രായമായ ഈ ദമ്പതികളെ കാണിക്കുന്ന രംഗം,കപ്പൽ മുങ്ങുന്ന സമയത്ത് ഇരുവരും കിടക്കയിൽ മരണത്തെ കാത്ത് ആലിംഗനം ചെയ്തു കിടക്കുന്നത്.