വാൽനക്ഷത്രം സൗരയൂഥത്തെക്കാൾ 300 കോടി വർഷമെങ്കിലും പഴയതാണ്
സൗരയൂഥത്തിനു പുറത്തുള്ള ഇന്റർസ്റ്റെല്ലാർ മേഖലയിൽനിന്ന് സൗരയൂഥത്തിലേക്കെത്തിയ മൂന്നാമത്തെ വസ്തുവായ 3ഐ/അറ്റ്ലസ് (3I/Atlas) മനുഷ്യർ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമുള്ള വാൽനക്ഷത്രം. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ മാത്യു ഹോപ്കിൻസും സംഘവുമാണ് കണ്ടെത്തൽ നടത്തിയത്. 700 കോടി വർഷം പഴയതാണത്രേ ഈ വാൽനക്ഷത്രം. സൗരയൂഥത്തെക്കാൾ 300 കോടി വർഷമെങ്കിലും പഴയതാണ് ഇത്. ചിലെയിലെ റയോ ഹർട്ടാഡോയിൽ സ്ഥാപിച്ചിട്ടുള്ള അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അറ്റ്ലസ് ടെലിസ്കോപ്പ് (Atlas telescope) ഈ വാൽനക്ഷത്രത്തെ കണ്ടെത്തുന്നത്. നിലവിൽ ഭൂമിയിൽനിന്ന് 48 കോടി കിലോമീറ്റർ അധികം അകലെയാണു വാൽനക്ഷത്രം.
അതേസമയം വ്യക്തമായിട്ട് ഒന്നും അറിയത്തില്ലെങ്കിലും ഇതിനൊരു മറുവാദമായി ഗവേഷകനും രംഗത്തെത്തിയിട്ടുണ്ട്.3ഐ/അറ്റ്ലസ് എന്ന അജ്ഞാത ബഹിരാകാശ വസ്തു ഒരു അന്യഗ്രഹ സാങ്കേതിക വിദ്യയുടെ ഭാഗമാകാൻ സാധ്യതയുണ്ടെന്ന അവകാശവാദവുമായി ഹാർവാർഡ് സർവകലാശാലയിലെ ഒരു ഗവേഷകൻ. അന്യഗ്രഹവാസികളാകാം ഈ വസ്തുവിനെ അയച്ചതെന്നാണ് സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞൻ പ്രൊഫസർ അവി ലോബ് ന്യൂസ് വീക്കിനോട് പറഞ്ഞത്.
3ഐ/അറ്റ്ലസിനെ ഒരു ഇന്റർസ്റ്റെല്ലാർ (Interstellar) വാൽനക്ഷത്രമായി തരം തിരിച്ചിട്ടുണ്ട്, അതിന് കാരണം സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യനെ ചുറ്റുന്ന സഞ്ചാര പാതയിലൂടെയല്ല ഇതിന്റെ സഞ്ചാരം. മറിച്ച് മറ്റെവിടെയോ നിന്ന് വന്ന് സൗരയൂഥത്തിലൂടെ കടന്നുപോവുകയാണ് ചെയ്യുന്നത്. ഇത് വീണ്ടും ബഹിരാകാശത്തിലേക്ക് യാത്ര തുടരുമെന്ന് നാസ വിശദീകരിക്കുന്നു.
ചിലിയിലെ ആസ്ട്രോയിഡ് ടെറസ്ട്രിയൽ-ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം സർവേ ദൂരദർശിനി 2025 ജൂലായ് ഒന്നിനാണ് 3ഐ/അറ്റ്ലസിനെ കണ്ടെത്തിയത്. പത്ത് മുതൽ 20 കിലോമീറ്റർ വരെ ഇതിന് വ്യാസമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അത് ശരിയെങ്കിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ Interstellar (ഇന്റർസ്റ്റെല്ലാർ) വസ്തുവായിരിക്കും ഇത്.
സൗരയൂഥത്തെ ലക്ഷ്യമിട്ടുള്ള അന്യഗ്രഹ ജീവികളുടെ സാങ്കേതിക വിദ്യയാവാം ഇതെന്നും വാൽനക്ഷത്രങ്ങളുടെ സവിശേഷതകൾ ഇതിനില്ലെന്നും അവി ലോബ് വാദിക്കുന്നത്.
എന്നാൽ ലോബിന്റെ വാദങ്ങളെ മറ്റ് ശാസ്ത്രജ്ഞർ തള്ളിക്കളയുകയാണ്. നിലവിൽ 3ഐ/അറ്റ്ലസ് വാൽനക്ഷത്രം പ്രകൃതിദത്തമായുണ്ടായതല്ലെന്ന് സ്ഥിരീകരിക്കാനുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
2025 ഒക്ടോബർ 29 നാണ് 3ഐ/അറ്റ്ലസ് സൂര്യനോട് ഏറ്റവും അടുത്തെത്തുക. ചൊവ്വയുടെ ഭ്രമണപഥത്തെ മറികടന്നാണ് ഇത് കടന്നുപോവുക. ഹബ്ബിൾ ദൂരദർശിനി, ജെയിംസ് വെബ് ദൂരദർശിനി ഉൾപ്പടെ ഭൂമിയിലും ബഹിരാകാശത്തുമുള്ള ദൂരദർശിനികളും മറ്റ് സംവിധാനങ്ങളും പ്രയോജനപ്പെടുത്തി 3ഐ/അറ്റ്ലസിന്റെ ഘടന, ഉത്ഭവം, നിർമിതി എന്നിവയെ കുറിച്ച് പഠിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ.
2017 ഒക്ടോബറിലാണ് സൗരയൂഥത്തിൽ ഒരു ഇന്റർസ്റ്റെല്ലാർ വസ്തുവിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത്. ശാസ്ത്രത്തിന് ദുരൂഹതകളുടെ ഒരുപാട് ചോദ്യങ്ങൾ ഉന്നയിച്ചാണ് ആ വസ്തുവിന്റെ വരവ്. അനേകം ചർച്ചകൾക്ക് തുടക്കമിട്ട അതിനെ 'Oumuamua (ഔമുവാമുവ) എന്നു ശാസ്ത്രലോകം വിളിച്ചു.വിദൂരലോകത്തു നിന്നു ദൂതുമായി എത്തിയ അതിഥി– ഹവായിയൻ ഭാഷയിൽ ഇതാണ് ആ വാക്കിനർഥം.
നമ്മുടെ ഭൂമിയുൾപ്പെട്ട സൗരയൂഥത്തിനു പുറത്തു നിന്നു വന്നതായിരുന്നു 400 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള ഒരു സിഗാറിന്റെ രൂപമുള്ള ഈ പാറക്കഷണം. സൗരയൂഥത്തിനു പുറത്തു നിന്നു വരുന്ന വസ്തുക്കളെ ഇന്റ്ർസ്റ്റെല്ലാർ എന്ന വിഭാഗത്തിനു കീഴിലാണു ഗണിക്കുക.
എന്നാൽ കേവലം ഒരു പാറക്കഷണം എന്നതിനപ്പുറം അന്യഗ്രഹജീവൻ സംബന്ധിച്ച ഒട്ടേറെ ചർച്ചകളും ഔമുവാമുവയുടെ (Oumuamua) വരവോടെ തുടങ്ങി. ഔമുവാമുവ വെറുമൊരു പാറക്കഷണമല്ലെന്നും മറിച്ച് അതൊരു ബഹിരാകാശ പേടകമോ, പേടകഭാഗമോ ആയിരിക്കാൻ സാധ്യതയുണ്ടെന്നും ചില ജ്യോതിശാസ്ത്രജ്ഞർ വാദിച്ചത്, എന്നാൽ അധികം നാളുകൾ കഴിയുന്നതിനുമുമ്പ് തന്നെ ഈ നിഗൂഢ വസ്തു ശാസ്ത്രത്തിൻറെ നിരീക്ഷണ കണ്ണിൽനിന്ന് അകന്ന് പോകുകയും ചെയ്തു.ഔമുവാമുവ ഒരു അന്യഗ്രഹ പേടകം ആണെന്ന് വാദിക്കുന്നവർക്ക് അത് വ്യക്തമാക്കാനുള്ള തെളിവുകൾ ഒന്നും തന്നെ കണ്ടെത്താനും കഴിഞ്ഞില്ല.
ഔമുവാമുവ നക്ഷത്രാന്തര ലോകത്തുനിന്ന് വന്ന ഒരു വസ്തുവായാണ് ശാസ്ത്ര സമൂഹം പൊതുവേ കണക്കാക്കുന്നത്.2019ൽ ബോറിസോവ് എന്ന മറ്റൊരു ഇന്റർസ്റ്റെല്ലാർ വസ്തു കൂടി സൗരയൂഥത്തിലൂടെ കടന്നു പോയി. ഒരു വാൽനക്ഷത്രമായിരുന്നു ഇത്. റഷ്യൻ നിയന്ത്രണത്തിലുള്ള ക്രൈമിയയിൽ താമസിച്ചിരുന്ന ഗെന്നാഡി ബോറിസോവ് എന്നയാൾ തന്റെ വീട്ടിൽ ചിട്ടപ്പെടുത്തിയ ടെലിസ്കോപ്പുപയോഗിച്ച് വാനനിരീക്ഷണം നടത്തുന്നതിനിടെയാണ് 9 ഫുട്ബോൾ ഗ്രൗണ്ടുകളുടെ വലുപ്പമുള്ള വാൽനക്ഷത്രം ദൃഷ്ടിയിൽപെട്ടത്.ലോകത്തെ ഏറ്റവും ശക്തമായ ടെലിസ്കോപ്പുകളിലും ഈ വാൽനക്ഷത്രം പതിഞ്ഞിരുന്നു. സൗരയൂഥത്തിനു വെളിയിൽ ഉള്ള വാൽനക്ഷത്രങ്ങളെപ്പറ്റി പഠിക്കാനൊരു അവസരം എന്ന നിലയിലാണ് ശാസ്ത്രജ്ഞർ ബോറിസോവിനെ കണ്ടത്.
#science #solarsystem's #അന്യഗ്രഹപേടകം