കുപ്പി തിരികെ കൊടുക്കുന്നവർക്ക് സാമ്പത്തിക ബാധ്യത ഉണ്ടാവില്ല.
![]() |
പ്രതീകാത്മക ചിത്രം |
മദ്യക്കുപ്പികൾ തിരികെ എത്തിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയാണ് ബെവ്കോ. ബെവ്കോയിൽ നിന്ന് വിൽക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ (Plastic Bottles) ബെവ്കോ (BEVCO) തന്നെ തിരിച്ചെടുക്കും, ഇതുവഴി ചിലർക്കെങ്കിലും മദ്യത്തിന്റെ വില മറ്റൊരുതരത്തിൽ വർധിക്കാൻ സാധ്യതയുണ്ട്.ബെവ്കോ ഔട്ട്ലെറ്റുകളില്‍നിന്ന് 800 രൂപയ്ക്കു താഴെ വിലയുള്ള ഏതു മദ്യം ഏതളവില്‍ വാങ്ങിയാലും ഇനി കുപ്പി ഒന്നിന് 20 രൂപ അധികമായി നല്‍കേണ്ടിവരും. മദ്യം വാങ്ങിയ കടയില്‍ തന്നെ കുപ്പി തിരിച്ചെത്തിച്ചാല്‍ 20 രൂപ മടക്കിക്കിട്ടും. വാങ്ങുന്ന ബെവ്കോ ഔട്ട്ലെറ്റില് തന്നെ കുപ്പിയുമായി തിരിച്ചെത്താനുള്ള സാഹചര്യമില്ലെങ്കില്‍ ഫലത്തില്‍ മദ്യത്തിന് 20 രൂപ അധികം നല്‍കേണ്ട അവസ്ഥയാണുണ്ടാകുക. കുപ്പി തിരികെ കൊടുക്കുന്നവർക്ക് സാമ്പത്തിക ബാധ്യത ഉണ്ടാവില്ല.
800 രൂപയ്ക്കു മുകളില്‍ വിലയുള്ള എല്ലാ മദ്യത്തിന്റെയും കുപ്പികള്‍ ഗ്ലാസ് ബോട്ടിലുകളാക്കി മാറ്റുമെന്നു തദ്ദേശവകുപ്പു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. അതിനു താഴെയുള്ളത് പ്ലാസ്റ്റിക് ബോട്ടിലുകള്‍ ആയിരിക്കും. ആ പ്ലാസ്റ്റിക് ബോട്ടിലുകള്‍ സര്‍ക്കാര്‍ തിരിച്ചെടുക്കും. ഓരോ ബോട്ടിലിനും സര്‍ക്കാര്‍ 20 രൂപ നിക്ഷേപമായി അധികമായി ഈടാക്കും. ബോട്ടില്‍ അതത് ബെവ്കോ ഔട്ട്ലെറ്റുകളില് തിരിച്ചെത്തിച്ചാല്‍ 20 രൂപ ഉപഭോക്താവിനു തിരിച്ചുനല്‍കും. ബോട്ടിലില്‍ ക്യൂആര്‍ കോഡ് ഉണ്ടാകും. എല്ലാ അളവിലുമുള്ള കുപ്പികള്‍ക്കും ഇതു ബാധകമാകും. തമിഴ്നാട് ഇതു വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മദ്യക്കുപ്പികള്‍ പൂര്‍ണമായും ഗ്ലാസ് ബോട്ടിലുകളാക്കി (glass bottle) മാറ്റുക നിലവില്‍ പ്രായോഗികമല്ല. ബെവ്കോ 70 കോടി മദ്യക്കുപ്പികളാണു പ്രതിവര്‍ഷം വിറ്റഴിക്കുന്നത്. ഇതില്‍ 80 ശതമാനവും പ്ലാസ്റ്റിക് ബോട്ടിലുകളാണ്. ആദ്യഘട്ടത്തില്‍ സെപ്റ്റംബറില്‍ ഗ്രീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് തിരുവനന്തപുരത്തും കണ്ണൂരും പദ്ധതി നടപ്പാക്കും. ജനുവരിയില്‍ സംസ്ഥാനത്താകെ ഇതു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
#BEVCO #Plastic #Bottles