ഒരു ശിലാപാളിയുടെ ഇരുവശങ്ങളിലുമായി വട്ടെഴുത്ത് ലിപിയിൽത്തന്നെയാണ് ഈ രേഖയുമുള്ളത്.
മധ്യകാല കേരളത്തിൽ കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം (stone inscription) സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. പേരാമ്പ്രയ്ക്കടുത്ത് (കോഴിക്കോട് ജില്ല) ആവള – കുട്ടോത്ത് നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ബലിക്കല്ലിലാണ് ലിഖിതം കൊത്തിവെച്ചിരിക്കുന്നത്.
അതേസമയം വ്യക്തമായ കാലം സൂചിപ്പിക്കാത്ത ഈ വട്ടെഴുത്ത് ലിഖിതം ലിപി ശൈലിയുടെ അടിസ്ഥാനത്തിൽ 12-13 നൂറ്റാണ്ടിലേതാണെന്ന് കണക്കാക്കുന്നു.
ആവള എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്തിന്റെ അക്കാലത്തെ പേര് അകവള എന്നായിരുന്നു എന്ന് ലിഖിതത്തിൽ നിന്ന് അറിയാം. അകവളയിലെ അധികാരരായിരുന്ന കേളിത്തനും അദ്ദേഹത്തിന്റെ ഇളയ സഹോദരനും ചേർന്ന് ക്ഷേത്രം നിർമ്മിച്ചതാണ് ലിഖിത രേഖാ പരാമർശം. ഇതുപ്രകാരം സഹോദരൻ മാനവിക്രമ രാജാവിന്റെ കീഴ്പടൈ നായരായിരുന്നു എന്നും രേഖയിൽ പറയുന്നു. സാമൂതിരിയുടെ (Samuthiri dynasty) ഉപസേനാധിപനായിരുന്നു അദ്ദേഹമെന്ന് കരുതാം. ഇതു കൂടാതെ മറ്റൊരു ലിഖിതവും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രം നിർമ്മിച്ചവർ അമ്പലത്തിൽ നടത്തിയ ചില ഏർപ്പാടുകളാണ് ഈ ലിഖിതത്തിലുള്ളത്. ഒരു ശിലാപാളിയുടെ ഇരുവശങ്ങളിലുമായി വട്ടെഴുത്ത് ലിപിയിൽത്തന്നെയാണ് ഈ രേഖയുമുള്ളത്.
കോതരവിപ്പെരുമാളുടെ ശിലാലിഖിതം കണ്ടെത്തി
പുരാവസ്തു വകുപ്പിലെ കോഴിക്കോട് (Kozhikode) പഴശ്ശിരാജാ മ്യൂസിയം ഓഫിസർ കെ. കൃഷ്ണരാജാണ് ലിഖിതം പകർത്തിയത്. സാമൂതിരി മാനവിക്രമന്റെ പേര് പരാമർശിക്കുന്ന പഴയകാല ലിഖിതങ്ങളിൽ രണ്ടാമത്തേതാണ് ആവള ലിഖിതം എന്ന് കൃഷ്ണരാജ് പറഞ്ഞു. ആദ്യത്തേത് പൊതുവർഷം 1102 ലെ കൊല്ലം രാമേശ്വരം ക്ഷേത്ര ലിഖിതമാണ്. ചേരപ്പെരുമാളായ രാമകുല ശേഖരന്റെ ഈ ലിഖിതത്തിൽ 'ഏറനാട് വാഴ്കൈ മാനവിക്കിരമനായിന പൂന്തുറൈക്കോൻ' എന്ന് അന്തരിച്ച ചരിത്ര പണ്ഡിതൻ ഡോ. എം.ജി.എസ്. നാരായണൻ ആ ലിഖിതം വായിച്ചിട്ടുണ്ടെന്നും കൃഷ്ണരാജ് പറഞ്ഞു.
‘‘മധ്യകാലഘട്ടത്തിന്റെ (MedievalKerala) ആരംഭ നൂറ്റാണ്ടുകളിൽ സാമൂതിരിമാരെ സംബന്ധിക്കുന്നലിഖിതങ്ങൾ വളരെ അപൂർവമാണ്. ഏറനാടുടയവർ എന്ന് പരാമർശിക്കപ്പെടുന്ന കുറച്ചു ലിഖിതങ്ങളുണ്ട്. മാനവിക്രമനെ രാജാവായി വിശേഷിപ്പിക്കുന്നതിനാൽ ആവള ലിഖിതത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കടലുമാറി കേരളം ഉണ്ടായി എന്ന് അവകാശപ്പെടുന്ന മിത്തായ കേരളോൽപ്പത്തിയിൽ കാണപ്പെടുന്ന പരമ്പരാഗത വിവരണം ഒഴികെ, കോഴിക്കോട് സാമൂതിരി വംശത്തിന്റെ ആവിർഭാവം ഇപ്പോഴും അവ്യക്തമായി തുടരുന്നു. ഈ സന്ദർഭത്തിൽ, സാമൂതിരിമാരുടെ ആദ്യകാല ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയ്ക്ക് മൂല്യവത്തായ ഒരു കൂട്ടിച്ചേർക്കലായി ആവള ലിഖിതത്തെ കണക്കാക്കാം.’’ – സാമൂതിരി ചരിത്രം ആഴത്തിൽ പഠിച്ചിട്ടുള്ള കോഴിക്കോട് സർവകലാശാല ചരിത്ര വിഭാഗം പ്രഫസർ ഡോ. വി.വി. ഹരിദാസ് അഭിപ്രായപ്പെട്ടു.
പ്രശസ്ത ലിപി പണ്ഡിതനായ ഡോ. എം.ആർ. രാഘവവാരിയർ ക്ഷേത്രം സന്ദർശിച്ച് ലിഖിതങ്ങൾ പരിശോധിച്ചു. പുരാവസ്തു വകുപ്പിന്റെ പ്രസിദ്ധീകരണമായ കേരള ആർക്കിയോളജിക്കൽ സീരീസിന്റെ വരാൻ പോകുന്ന ലക്കത്തിൽ ഈ സുപ്രധാന ലിഖിതങ്ങളുടെ വിസ്തരിച്ചുള്ള പഠനം ഉൾപ്പെടുത്തുമെന്ന് പത്രികയുടെ ഓണററി എഡിറ്റർ കൂടിയായ ഡോ. വാരിയർ പറഞ്ഞു.
സാമൂതിരി മാനവിക്രമൻ
സാമൂതിരി മാനവിക്രമൻ എന്നത് കോഴിക്കോട് സാമൂതിരി രാജവംശത്തിലെ രാജാക്കന്മാർ സ്വീകരിച്ചിരുന്ന ഒരു സ്ഥാനപ്പേരായിരുന്നു. ഈ പേര് മാനവിക്രമൻ എന്നും മാനവേദൻ എന്നും മാറ്റി മാറ്റി ഉപയോഗിച്ചിരുന്നു. "സാമൂതിരി" എന്നത് അവരുടെ സ്ഥാനപ്പേരും, "മാനവിക്രമൻ" എന്നത് വ്യക്തിഗത രാജാക്കന്മാരുടെ പേരുകളുമായിരുന്നു. ഉദാഹരണത്തിന്, വാസ്കോ ഡ ഗാമ 1498 ൽ കേരളത്തിലെത്തിയപ്പോൾ ഭരിച്ചിരുന്നത് ഒരു മാനവിക്രമൻ സാമൂതിരിയായിരുന്നു.
സാമൂതിരി രാജാക്കന്മാർ കോഴിക്കോട് ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ഒരു രാജവംശമായിരുന്നു. അവരുടെ ഭരണം മലബാറിൽ ഒരുപാട് കാലം നീണ്ടുനിന്നു. "നെടിയിരുപ്പ് സ്വരൂപം" എന്നായിരുന്നു അവരുടെ രാജവംശത്തിൻ്റെ പേര്.
സാമൂതിരി രാജാക്കന്മാർക്ക് "ഏറാടി" എന്നൊരു സ്ഥാനപ്പേര് കൂടിയുണ്ടായിരുന്നു. അവരെ "കുന്നലക്കോനാതിരി" എന്നും വിളിച്ചിരുന്നു. അവർക്ക് ചേരമാൻ പെരുമാളിൽ നിന്നാണ് നാടുവാഴി സ്ഥാനം ലഭിച്ചതെന്നാണ് പറയപ്പെടുന്നത്.
സാമൂതിരി രാജാക്കന്മാർക്കിടയിൽ പല മാനവിക്രമൻമാരും മാനവേദൻമാരും ഭരണം നടത്തിയിട്ടുണ്ട്. ഓരോ സാമൂതിരി രാജാവിൻ്റെയും ഭരണകാലം കൃത്യമായി നിർണ്ണയിക്കാൻ ഈ സ്ഥാനപ്പേരുകൾ മാറിയും തിരിഞ്ഞും വന്നതിനാൽ പ്രയാസമാണ്.
"രേവതി പട്ടത്താനം" എന്നൊരു ചടങ്ങും സാമൂതിരി രാജാക്കന്മാരുടെ കീഴിൽ നടന്നിരുന്നു. ഇത് തർക്കശാസ്ത്ര സദസ്സായിരുന്നു, തുലാം മാസത്തിലെ രേവതി നാളിൽ ഈ ചടങ്ങ് നടന്നിരുന്നത് കൊണ്ട് "രേവതി പട്ടത്താനം" എന്ന് പേര് വന്നു.
"ആവള ലിഖിതം" എന്നൊരു ശിലാശാസനത്തിൽ സാമൂതിരി മാനവിക്രമനെക്കുറിച്ച് പരാമർശമുണ്ട്. ഇത് സാമൂതിരിമാരുടെ ആദ്യകാല ചരിത്രത്തെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു രേഖയാണ്.
ചുരുക്കത്തിൽ, "സാമൂതിരി മാനവിക്രമൻ" എന്നത് കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി രാജാക്കന്മാരുടെ സ്ഥാനപ്പേരും വ്യക്തിഗത പേരുകളുമായി ബന്ധപ്പെട്ടതാണ്.
#MedievalKerala