കല്ലെഴുത്ത് പ്രദക്ഷിണ വഴിയിൽ പാകിയ ശിലയിൽ ആയതിനാൽ ആളുകൾ നൂറ്റാണ്ടുകളായി നടന്നു തേഞ്ഞു മാഞ്ഞു പോയ അവസ്ഥയിലാണ്
![]() |
ശിലാലിഖിതം |
കൊടുങ്ങല്ലൂർ (മഹോദയപുരം) കേന്ദ്രമാക്കി AD 9 മുതൽ 12-ാം നൂറ്റാണ്ടു വരെ ഭരണം നടത്തിയിരുന്ന ചേരമാൻപെരുമാക്കളിൽ (Chera Perumal) മൂന്നാമനായ കോതരവിപ്പെരുമാളുടെ ഒരു ശിലാലിഖിതം യാദൃശ്ചികമായി കണ്ടെത്തി.മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള തൃക്കലങ്ങോട് മേലേടത്ത് മഹാശിവ – വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നാണ് കല്ലിൽ കൊത്തിയ രേഖ കണ്ടുകിട്ടിയത്.
മഹാശിവക്ഷേത്രത്തിന്റെ വട്ടശ്രീകോവിലിന്റെ മുറ്റത്ത്, പ്രദക്ഷിണ വഴിയിൽ പാകിയ കല്ലിലാണ് ലിഖിതം കൊത്തി വെച്ചിരിക്കുന്നത്. കോതരവിപെരുമാളുടെ (Goda Ravi) പുതിയതായി കണ്ടെത്തിയ കല്ലെഴുത്ത് പ്രദക്ഷിണ വഴിയിൽ പാകിയ ശിലയിൽ ആയതിനാൽ ആളുകൾ നൂറ്റാണ്ടുകളായി നടന്നു തേഞ്ഞു മാഞ്ഞു പോയ അവസ്ഥയിലാണ് കൊത്തി വച്ചിരിക്കുന്ന അക്ഷരങ്ങൾ.
![]() |
മേലേടത്ത് മഹാശിവ – വേട്ടക്കൊരുമകൻ ക്ഷേത്രം |
സ്വസ്തി ശ്രീ എന്ന മംഗള വചനത്തോടെയാണ് ലിഖിതം ആരംഭിക്കുന്നത്. അക്ഷരങ്ങൾ തേഞ്ഞുമാഞ്ഞ കല്ലെഴുത്തിൽ പെരുമാളുടെ പേര് വ്യക്തമായി വായിച്ചെടുക്കാൻ പറ്റും, എന്നാൽ ഭരണവർഷം ഏതാണ് എന്നത് സൂചിപ്പിക്കുന്ന ഭാഗം അവ്യക്തമാണ്.
മേലേടത്ത് മഹാശിവ – വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കോതരവിപെരുമാളിന്റെ ഭരണകാലത്ത് ചെയ്ത എന്തോ വ്യവസ്ഥയാണ് കല്ലിൽ കൊത്തിവച്ച രേഖയിലെ പരാമർശം.'ഇത് വിലക്കുകയോ കവരുകയോ ചെയ്യുന്ന ഊരാളൻ മൂഴിക്കള വ്യവസ്ഥ ലംഘിച്ചവരാകും' എന്ന് കല്ലിന്റെ താഴേ ഭാഗത്ത് കൊത്തിയത് വ്യക്തമായി വായിച്ചെടുക്കാനാകും.
ലിഖിതം തിരിച്ചറിഞ്ഞ് മുദ്രപ്പകർപ്പ് തയ്യാറാക്കിയത് കേരള പുരാവസ്തു വകുപ്പിന് കീഴിലുള്ള കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഓഫീസറായ കെ. കൃഷ്ണരാജാണ്. പെരുമാക്കളുടെ രേഖകളിൽ കാണുന്ന പതിവുകാര്യങ്ങളൊക്കെത്തന്നെയാണ് ഈ രേഖയിലുള്ളതെന്ന് തെളിഞ്ഞിട്ടുള്ള വരികളെ ആധാരമാക്കി പറയാമെന്നും ,അക്ഷരങ്ങൾ തേഞ്ഞുമാഞ്ഞു പോയതിനാൽ കൃത്യവും പൂർണ്ണവുമായ പാഠം തയ്യാറാക്കാൻ നന്നേ ബുദ്ധിമുട്ടാണെന്നും ലിഖിതം പരിശോധിച്ച പ്രമുഖ ലിപിപണ്ഡിതൻ ഡോ. എം. ആർ. രാഘവവാരിയർ പറയുന്നു.
കോതരവിപ്പെരുമാളിന്റേതായി മുൻപ് കണ്ടെത്തിയിട്ടുള്ളത് 10 ശിലാശാസനങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത് പതിനൊന്നാമത്തത്, രാഘവ വാര്യർ പറഞ്ഞു. അതേസമയം മൂഴിക്കളവ്യവസ്ഥ ആദ്യം പരാമർശിക്കുന്നന്നത് കോതരവിയുടെ പതിനഞ്ചാം വർഷത്തിലെ ചോക്കൂർ ലിഖിതത്തിലാണു.ഇത് ചേരരാജാക്കന്മാരുടെ ഭരണരീതികളെക്കുറിച്ച് അറിയാൻ സഹായിച്ചത്. ഇപ്പോൾ കണ്ടെത്തിയ തൃക്കലങ്ങോട് ലിഖിതം അതിനു മുമ്പാണെങ്കിൽ മൂഴിക്കളക്കച്ചം പരാമർശിക്കുന്ന ആദ്യത്തെ രേഖ ഇതായിരിക്കുമെന്ന് ചരിത്രകാരനായ ഡോ. കേശവൻ വെളുത്താട്ട് അഭിപ്രായപ്പെട്ടു. ഭരിച്ചത് ഏത് വർഷമാണെന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കാത്തതിനാൽ ഇക്കാര്യത്തിൽ തീർപ്പ് കൽപ്പിക്കുക സാധ്യമല്ല എന്നാണ് അദ്ദേഹവും അഭിപ്രായപ്പെട്ടത്.
ക്രിസ്തുവിന് ശേഷം 844 — c. 1124 CE (9 മുതൽ 12 അം ശതകം വരെ) ഇന്നത്തെ മധ്യകേരളത്തിലെ കൊടുങ്ങല്ലൂരുമായി ബന്ധപ്പെട്ട കിടക്കുന്ന 'മകോതൈ' അല്ലെങ്കിൽ മഹോദയപുരം ആസ്ഥാനമായി ഭരണം നടത്തിയിരുന്ന രാജവംശം ആയിരുന്നു പെരുമാൾ രാജവംശം.മകോതൈ അല്ലെങ്കിൽ മഹോദയപുരത്തെ ചേര പെരുമാൾമാർ അല്ലെങ്കിൽ ചേരമാൻ പെരുമാൾ എന്ന് വിളിച്ചിരുന്നു
തുടക്കത്തിൽ ചേരമാൻ പെരുമാക്കളുടെ സ്വാധീനം കൊല്ലോണിനും (ഇന്നത്തെ കൊല്ലം) കൊയിലാണ്ടിക്ക് ഇടയിൽ മാത്രമായി പരിമിതപ്പെട്ടിരുന്നതായി കരുതുന്നു, എന്നാൽ പിന്നീട് വടക്കോട്ട് ചന്ദ്രഗിരി പുഴ വരെയും തെക്ക് നാഗർകോവിൽ വരെയും ചേരവംശ സ്വാധീനം ഉണ്ടായി. പന്ത്രണ്ടാം നൂറ്റാണ്ടോടെ ഈ രാജവംശം ഇല്ലാതായി.
Inscriptions