അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന സംഭവത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്. പറന്നുയർന്ന് നിമിഷങ്ങൾക്കകം രണ്ട് എൻജിനുകളും പ്രവർത്തനം നിലച്ചു എന്നാണു കണ്ടെത്തൽ. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് (എഎഐബി) റിപ്പോർട്ട് പുറത്തുവിട്ടത്. എൻജിനിലേക്ക് ഇന്ധനം പോകുന്ന സംവിധാനത്തിന്റെ പ്രവർത്തനം താളം തെറ്റിയതാണ് രണ്ട് എൻജിനുകളും നിലയ്ക്കാൻ കാരണം എന്നാണു നിഗമനം. ജൂൺ 12ന് Air India ഡ്രീംലൈനർ വിമാനം തകർന്നുണ്ടായ അപകടത്തിൽ 260 പേരാണു മരിച്ചത്.
സഹ പൈലറ്റ് ആണ് വിമാനം പറത്തിയത്, പ്രധാന പൈലറ്റ് അത് നിരീക്ഷിച്ചുകൊണ്ടിരുന്നു.വിമാനം പറത്തിയത് സഹപൈലറ്റ് ക്ലൈവ് കുന്ദറാണ്. പൈലറ്റ്-ഇൻ-കമാൻഡായ സുമീത് സബർവാൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.വിമാനം 32 സെക്കൻഡ് മാത്രമാണ് ആകാശത്ത് പറന്നതെന്നും. പരിശോധനയിൽ വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ലെന്നും കണ്ടെത്തി. കാലാവസ്ഥ പ്രതികൂലമായിരുന്നില്ലെന്നും റിപ്പോര്ട്ടില് പരാമര്ശിച്ചിട്ടുണ്ട്. ദുരന്തത്തിൽ വിശദമായ അന്വേഷണം ആവശ്യമെന്ന് റിപ്പോർട്ട് പറയുന്നു.
റിപ്പോർട്ടിൽ നിന്ന് :
വിമാനം പറന്നുയർന്ന ഉടൻ അപകടം സംഭവിച്ചു. 600 അടി ഉയരത്തിൽ വെച്ചാണ് വിമാനം നിലംപതിച്ചത്
കെട്ടിടങ്ങളിൽ ഇടിച്ച് തീപിടിച്ചതിനെത്തുടർന്ന് വിമാനം പൂർണ്ണമായി നശിച്ചു
റൺവേ 23 ന്റെ അറ്റത്ത് നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലാണ് വിമാനം ഇടിച്ചത്.
1000 x 400 അടി വിസ്തീർണ്ണത്തിൽ അവശിഷ്ടങ്ങൾ ചിതറിക്കിടന്നു.
വിമാനത്തിൽ രണ്ട് എൻഹാൻസ്ഡ് എയർബോൺ ഫ്ലൈറ്റ് റെക്കോർഡറുകൾ ഉണ്ടായിരുന്നു. ഒരു ഇഎഎഫ്ആറിൽ നിന്ന് ഏകദേശം 49 മണിക്കൂർ ഫ്ലൈറ്റ് ഡാറ്റയും 2 മണിക്കൂർ ഓഡിയോയും ലഭിച്ചു. എന്നാൽ, പിൻഭാഗത്തെ ഇഎഎഫ്ആറിന് കാര്യമായ തകരാർ സംഭവിച്ചതിനാൽ വിവരങ്ങൾ വീണ്ടെടുക്കാനായില്ല.
വിമാനം 08:07:37 സെക്കൻഡിൽ ടേക്ക് ഓഫ് റോൾ ആരംഭിച്ചു. 08:08:33 സെക്കൻഡിൽ വി1 സ്പീഡും 08:08:35 ന് വിആർ സ്പീഡും കൈവരിച്ചു.
08:08:39 സെക്കൻഡിൽ വിമാനം ഉയർന്നു. 08:08:42 സെക്കൻഡിൽ വേഗത 180 നോട്ട്സ്ൽ എത്തിയതിന് തൊട്ടുപിന്നാലെ, എഞ്ചിൻ 1, എഞ്ചിൻ 2 എന്നിവയുടെ ഫ്യുവൽ കട്ട്ഓഫ് സ്വിച്ചുകൾ "റൺ" പൊസിഷനിൽ നിന്ന് "കട്ട് ഓഫ്" പൊസിഷനിലേക്ക് മാറി.
ഒരു പൈലറ്റ് എഞ്ചിൻ കട്ട്ഓഫ് ചെയ്തതിനെക്കുറിച്ച് ചോദിക്കുന്നതും, മറ്റേ പൈലറ്റ് താനല്ല ചെയ്തതെന്ന് മറുപടി പറയുന്നതും കോക്ക്പിറ്റ് വോയിസ് റെക്കോർഡിംഗിൽ വ്യക്തമായി ഉണ്ട്.
റാം എയർ ടർബൈൻ വിന്യസിക്കപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
വിമാനത്തിൽ നിന്ന് "മെയ് ഡേ" കോൾ ലഭിച്ചത് 08:09:05 സെക്കൻഡിൽ
എഞ്ചിൻ ഫ്യുവൽ കട്ട്ഓഫ് സ്വിച്ചുകൾ 08:08:52 സെക്കന്റിലും 08:08:56 സെക്കന്റിലും "റൺ" പൊസിഷനിലേക്ക് മാറ്റി
എഞ്ചിനുകൾക്ക് പൂർണ്ണമായി ത്രസ്റ്റ് വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ഉടൻ വിമാനം തകർന്നു.
വിമാനത്തിന്റെ മെയിന്റനൻസ് ചരിത്രത്തിൽ 2019 ലും 2023 ലും ത്രോട്ടിൽ കൺട്രോൾ മൊഡ്യൂൾ മാറ്റിയിട്ടുണ്ടെന്ന് കണ്ടെത്തി, എന്നാൽ ഇത് ഫ്യുവൽ കൺട്രോൾ സ്വിച്ചുമായി ബന്ധപ്പെട്ടായിരുന്നില്ല.
വിമാനത്തിൽ ഉപയോഗിച്ച ഇന്ധനത്തിന്റെ സാമ്പിളുകൾ പരിശോധിക്കുകയും തൃപ്തികരമാണെന്ന് കണ്ടെത്തുകയും ചെയ്തു.
വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ല
ഇരു പൈലറ്റുമാർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ല, ആവശ്യത്തിന് വിശ്രമം ലഭിച്ചു.
ടേക്ക് ഓഫിനു മുൻപ് രണ്ടു എൻജിനുകളും ശരിയായി പ്രവർത്തിച്ചിരുന്നു. എൻജിനിലേക്ക് ഇന്ധനം നൽകുന്ന രണ്ട് സ്വിച്ചുകളുണ്ട്. മാനുവലായി പ്രവർത്തിപ്പിച്ചാലേ ഇവ ‘റൺ’ പൊസിഷനിൽനിന്ന് ‘ഓഫ്’ പൊസിഷനിലേക്ക് പോകൂ. ഇടതു വശത്താണ് ഒന്നാമത്തെ എൻജിനിലേക്കുള്ള ഇന്ധന സ്വിച്ച്. വലതുവശത്ത് രണ്ടാമത്തെ എൻജിന്റെ സ്വിച്ച്. സ്വിച്ചുകൾ ഓഫാക്കിയതോടെ വിമാനത്തിന് മുന്നോട്ടു പോകാനുള്ള കുതിപ്പ് നഷ്ടപ്പെട്ടു. പത്ത് സെക്കൻഡുകൾ കഴിഞ്ഞ് ഒന്നാം എൻജിന്റെയും നാലും സെക്കൻഡുകൾ കഴിഞ്ഞ് രണ്ടാമത്തെ എൻജിന്റെയും ഇന്ധന പ്രവാഹം പുനരാരംഭിച്ചെങ്കിലും കുതിച്ചുയരാനാകാതെ വിമാനം തകർന്നു വീണു.
വീണ്ടും ഓണാക്കിയ എൻജിൻ പ്രവർത്തന സജ്ജമാകാൻ രണ്ടു മിനിട്ടിലേറെ സമയമെടുക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്യാനുള്ള കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മനപൂർവം സ്വിച്ചുകൾ ഓഫ് ചെയ്തതാണോ? മറ്റെന്തെങ്കിലും കാരണമുണ്ടോ?–ഇതെല്ലാം വിശദമായ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. രണ്ടാമത്തെ പൈലറ്റ് അറിയാതെയാണ് സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നത്. ഇന്ധന സ്വിച്ചിന്റെ ലോക് ഉയർത്താതെ ഓഫ് ചെയ്യാനാകില്ല. മാനുഷിക പിഴവാണെന്ന സംശയം ഇതിലൂടെയുണ്ടാകുന്നു. പൈലറ്റുമാർ രണ്ടുപേരും പരിചയ സമ്പന്നരായിരുന്നു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് (എഎഐബി) റിപ്പോർട്ട് പുറത്തുവിട്ടത്.
#AAIB #planecrash