സംസ്ഥാനത്തെ 2025-26 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി. ഉത്തരവ് പ്രകാരം ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിൽ 98 പ്രവൃത്തി ദിനങ്ങളുണ്ടാകും. 5 മുതൽ 7 വരെ ക്ലാസുകളിൽ 200 പ്രവൃത്തി ദിനങ്ങളും 8 മുതൽ 10 വരെ 204 പ്രവൃത്തി ദിനങ്ങളുമാണ് നിശ്ചയിച്ചിട്ടുളളത്.
എൽ പി വിഭാഗം സ്കൂളുകൾക്ക് അധിക പ്രവൃത്തിദിനം ഇല്ല. യു പി വിഭാഗം സ്കൂളുകൾക്ക് ആഴ്ചയിൽ ആറു പ്രവൃത്തിദിനം വരാത്ത രീതിയിൽ രണ്ട് ശനിയാഴ്ചകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 26, ഒക്ടോബർ 25 എന്നിവ യു പി ക്ലാസുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. ഹൈസ്കൂൾ വിഭാഗം സ്കൂളുകൾക്ക് ആറ് ശനിയാഴ്ചകൾ പ്രവൃത്തിദിനമാകും. ജൂലൈ 26, ആഗസ്ത് 16, ഒക്ടോബർ 4, ഒക്ടോബർ 25, ജനുവരി 3, ജനുവരി 31 എന്നിവയാണ് ഹൈസ്കൂളിലെ അധിക പ്രവൃത്തി ദിനങ്ങൾ.
ഹൈസ്കൂൾ വിഭാഗത്തിന്റെ ക്ലാസുകളുടെ പുതുക്കിയ സമയം രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ്. ഹൈസ്കൂൾ വിഭാഗത്തിന് 1100 അധ്യയന മണിക്കൂർ തികയുന്നതിന് പ്രവൃത്തിദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനിട്ടും ഉച്ചകഴിഞ്ഞ് 15 മിനുട്ടും അധിക പ്രവൃത്തിസമയം ഉൾപ്പെടുത്തി പീരീഡ് ക്രമീകരിച്ചു. വെള്ളിയാഴ്ച ഒഴികെയുള്ള 166 പ്രവൃത്തിദിനങ്ങളിലാണ് ഇത് ബാധകം.
പ്രധാന പ്രവർത്തനങ്ങൾ കലണ്ടറിൽ ഉൾപ്പെടുത്തിയത് :
1.
പൊതുവിദ്യാഭ്യാസം, എക്സൈസ്, ആരോഗ്യം, ആഭ്യന്തരം, വനിതാ ശിശു വികസനം, സാംസ്കാരികം, തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേർന്ന് സ്കൂൾ തലത്തിൽ നാൽപത്തിയൊന്ന് ലഹരിവിരുദ്ധ പ്രചരണ പരിപാടികൾ.
2.
സമഗ്ര ശിക്ഷ കേരളം, എസ്സിഇആർടി കൈറ്റ്, സീമാറ്റ്-കേരള, എസ്ഐഇറ്റി, സ്കൗട്ട് ആന്റ് ഗൈഡ്സ്, തുടങ്ങി പൊതു വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ പ്രവൃത്തിനങ്ങൾ.
3.
സംസ്കൃതം, ഉറുദു, അറബിക്, ഉച്ചഭക്ഷണം, വിദ്യാരംഗം, ഭിന്നശേഷി, കലാകായികമേളകൾ തുടങ്ങിയ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തിനങ്ങൾ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
4.
കൂടാതെ വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, പരീക്ഷാവിവരങ്ങൾ തുടങ്ങിയവ.
വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചത് വഴി പൊതു വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് നിലവാരം ഉറപ്പ് വരുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 220 പ്രവൃത്തി ദിനങ്ങൾ അല്ലെങ്കിൽ 1100 മണിക്കൂർ ബോധന സമയം എന്ന് ആക്കിയത് നിലവിലെ കെഇആർ ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരമാണ്.
ഈ അവസരത്തിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ സ്കൂൾ കലണ്ടറുകളുമായും താരതമ്യം നടത്തിയാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. ഗുജറാത്തിൽ 243 പ്രവൃത്തി ദിനങ്ങളും, ഉത്തർ പ്രദേശിൽ 233, കർണാടക 244, ആന്ധ്രാ പ്രദേശിൽ 233, ഡൽഹിയിൽ 220 എന്നിങ്ങനെയാണ് പ്രവൃത്തി ദിനങ്ങൾ.
കേരളത്തിലെ തന്നെ CBSE, ICSE സിലബസിൽ പ്രവർത്തിക്കുന്ന സ്കൂളുകളും, സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകളും അവരുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി പ്രവർത്തി ദിനങ്ങളും/ ബോധന മണിക്കൂറുകളും പൊതു വിദ്യാഭ്യാസ മേഖലയിലെ സ്കൂളുകളേക്കാൾ കൂടുതലാണ് എന്നതും കണക്കിലെടുക്കേണ്ട താണെന്ന് മന്ത്രി പറഞ്ഞു.
#LPschool #UPschool #schooltimeschedule #VSivankutty
