ഇണ ചേർന്നാൽ പെൺകൊതുകിന് രക്തം കിട്ടിയേതീരൂ
![]() |
| ഡോ. രാജൻ ഗവേഷണം നടത്തിയ ഈഡിസ് ആൽബോപിക്ടസ് ഇനത്തിൽപ്പെടുന്ന പെൺകൊതുക് |
കൊതുകിന്റെ കടി കൊള്ളാത്തവരായി ആരും ഉണ്ടാവില്ല. മഴക്കാലത്ത് ആണെങ്കിൽ കടി കൂടും, പ്രത്യേകിച്ച് കാടും പടലും ഒക്കെ ഉള്ള സ്ഥലങ്ങളിൽ ആണെങ്കിൽ. കൊതുവിന്റെ കടി അല്ലെങ്കിൽ കുത്ത് കൊള്ളുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് കിടക്കുന്ന സമയത്ത് അതിൻറെ മൂളൽ. ചെവിക്ക് ചുറ്റും പറന്ന് കടിക്കുന്നതിന് പകരം മൂളുന്നത് ഒരു അസ്വസ്ഥത ഉള്ള കാര്യമാണ്. ആ മൂളലിനും അർത്ഥമുണ്ട് പ്രത്യേകിച്ച് കൊതുകിന്റെ ഭാഷയിൽ!അതൊരു പുതിയ തലമുറയ്ക്കുള്ള മുന്നൊരുക്കമാണെന്ന്. മൂളൽ എന്ന് നാം പറയുന്ന കൊതുകിന്റെ ചിറകടി ശബ്ദത്തെ പഠിച്ചപ്പോൾ ശാസ്ത്രജ്ഞനായ ഡോ. രാജൻ പിലാക്കണ്ടി കണ്ടെത്തിയതാണ് ഈ കൗതുകം.
പീച്ചി വനഗവേഷണ സ്ഥാപനത്തിലെ (KFRI) ശാസ്ത്രജ്ഞനായ രാജൻ, മുൻപ് ജോലിചെയ്തിരുന്ന ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) നടത്തിയ ഗവേഷണത്തിലെ ഫലങ്ങളാണവ. അന്താരാഷ്ട്ര ജേണൽ ‘നേച്ചറി’ന്റെ സയന്റിഫിക് റിപ്പോർട്സിൽ ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചു വന്നത്. ദിഗന്താ ഗോസ്വാമി, വന്ലാ മൗകാ, സിബ്നാരായൺ ദത്ത, ബിപുൽ രഭ, ദേവ് വിരാട് കാംബോജ് എന്നിവരായിരുന്നു സഹ ഗവേഷകർ.
കൊതുകുകൾ മൂളിപ്പറക്കുന്നത് ഓരോന്നിന്റേയും ചിറകടിയുടെ ഫ്രീക്വൻസി (ആവൃത്തി)യ്ക്ക് ഇണങ്ങുന്ന ജോടികളെ കണ്ടെത്താൻ വേണ്ടിയാണ്. സമാന ആവൃത്തി കണ്ടെത്തുന്ന ആൺകൊതുകും പെൺകൊതുകും ഇണചേരാനായി കൂട്ടത്തിൽ നിന്നുമാറും. ഇണചേർന്നു കഴിഞ്ഞാൽ നാലഞ്ചു ദിവസത്തിനകം ഹതഭാഗ്യനായ ആൺകൊതുക് ചത്തുപോകും. ഇണ ചേർന്നാൽ പെൺകൊതുകിന് രക്തം കിട്ടിയേതീരൂ അതോടെ മനുഷ്യരുടെയോ മൃഗങ്ങളുടെയോ രക്തം കുടിക്കുന്നതോടെ മുട്ടയിടാൻ അവയുടെ ശരീരം സജ്ജമാകും. മൂന്നു ദിവസത്തിനകം മുട്ടവിരിഞ്ഞ് ലാർവയും രണ്ടാഴ്ചകൊണ്ട് പ്യൂപ്പയും പിന്നീട് രണ്ടുദിവസത്തിനകം പൂർണവളർച്ചയെത്തിയ കൊതുകുമാകും.
രസകരമായ സംഭവം എന്താണെന്ന് വെച്ചാൽ ഇണചേരാത്ത പെൺ കൊതുക് ആണെങ്കിൽ കടിക്കാൻ മനുഷ്യൻ അവസരം കൊടുത്താലും കടി കിട്ടില്ല. അതേസമയം ആദ്യം മുട്ടയിട്ടശേഷം ആൺകൊതുകിന്റെ ബീജം ശരീരത്തിൽ വഹിക്കുന്ന പെൺകൊതുക് വീണ്ടും രക്തത്തിനുവേണ്ടി ശ്രമിക്കുകയും തുടർന്ന് മുട്ടയിട്ട് പുതിയ തലമുറയെ സൃഷ്ടിക്കും. രണ്ടാംവട്ടം രക്തം കിട്ടിയില്ലെങ്കിൽ ചെടികളുടെ നീരൊക്കെ കുടിച്ച് ശിഷ്ടകാലം കഴിച്ചുകൂട്ടും. ആൺകൊതുകിന്റെ ജീവിതകാലം ഒരാഴ്ചയും പെൺകൊതുകിന്റേത് ഒരുമാസവുമാണ്. ചുരുക്കിപ്പറഞ്ഞാൽ പെൺകൊതുകിന് ഇണ ചേർന്ന് സുഖം പകരുന്നതിനൊപ്പം സന്താനത്തെ ഉത്പാദിപ്പിക്കാൻ വേണ്ടി മാത്രം ഒരു ജന്മമായി പോയി ആൺ കൊതുകിന്റെ. ആൺകൊതുക് രക്തം കുടിക്കില്ല, ചെടികളുടെ നീരാണ് ആഹാരം.
ഗവേഷകൻ ഡിആർഡിഒയിലായിരിക്കേ, ആറുമാസത്തോളം കൊതുകുകളെ കൂടുകളിൽ വളർത്തിയായിരുന്നു ഗവേഷണം. കൊതുകുകൾക്ക് രക്തം കുടിക്കാൻ മുയലുകളെയാണ് ഒരുക്കിയിരുന്നത്. ആൺകൊതുകുകൾക്ക് 600 ഹേർട്സ് ആവൃത്തിയാണ് ഉണ്ടാവുക. 500 ആവൃത്തിയെങ്കിലും ഉള്ള പെൺകൊതുകുകളെയാണ് ഇണങ്ങുന്നവയായി കൂട്ടുക. കൊതുകുകളിൽ പെൺസംഖ്യയാണ് കൂടുതൽ. ഇന്ത്യയിൽ 404 ഇനം (സ്പീഷീസ്) കൊതുകുകൾ ഉണ്ടെന്ന് ഡോ. രാജൻ പറഞ്ഞു. പല സ്പീഷിസിനും പല ആവൃത്തിയിലുള്ള ശബ്ദമാണ് ഉണ്ടാവുക.
വയനാട് തരിയോട് പിലാക്കണ്ടി വീട്ടിൽ ഡോ. രാജൻ, ആദിവാസി സമൂഹത്തിൽനിന്ന് വന്ന ആളാണ്. കോഴിക്കോട് ദേവഗിരി കോളേജിൽനിന്ന് സുവോളജിയിൽ ബിരുദവും ഫാറൂഖ് കോളേജിൽനിന്ന് വൈൽഡ്ലൈഫിൽ ബിരുദാനന്തരബിരുദവും നേടി. അന്തമാൻ സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററിയിൽനിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.
