2025-26 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. 2025 മെയ് 31 ലെ സർക്കാർ ഉത്തരവ് പ്രകാരം ക്ലാസ് 1 മുതൽ ക്ലാസ് 4 വരെ 198 പ്രവർത്തിദിനങ്ങളായികൊണ്ടും, ക്ലാസ് 5 മുതൽ 7 വരെ 200 പ്രവർത്തിദിനങ്ങളായികൊണ്ടും, ക്ലാസ്സ് 8 മുതൽ 10 വരെ 204 പ്രവർത്തിദിനങ്ങളായി കൊണ്ടുമാണ് 2025-26 അക്കാദമിക് വർഷത്തെ കലണ്ടർ തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
എൽ.പി വിഭാഗം സ്കൂളുകൾക്ക് അധിക പ്രവർത്തിദിനം ഇല്ലാതെയും, യു.പി വിഭാഗം സ്കൂളുകൾക്ക് ആഴ്ചയിൽ ആറു പ്രവർത്തിദിനം വരാത്ത രീതിയിൽ രണ്ട് ശനിയാഴ്ചകൾ ഉൾപ്പെടുത്തി കൊണ്ടും, ഹൈസ്കൂൾ വിഭാഗം സ്കൂളുകൾക്ക് 6 ശനിയാഴ്ചകൾ ഉൾപ്പെടുത്തികൊണ്ടുമാണ് കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്. ഹൈസ്കൂൾ വിഭാഗത്തിന് 1100 ബോധന മണിക്കൂർ തികയ്ക്കുന്നതിന് വെള്ളിയാഴ്ച ഒഴികെയുള്ള 166 പ്രവർത്തിദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനിട്ടും ഉച്ചകഴിഞ്ഞ് 15 മിനുട്ടും അധിക പ്രവർത്തിസമയം ഉൾപ്പെടുത്തി പീരീഡ് ക്രമീകരിച്ചിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞിരുന്നു.
ഹൈസ്കൂൾ വിഭാഗം പുതുക്കിയ സമയക്രമം രാവിലെ 9.45 മുതൽ ഉച്ചയ്ക്ക് ശേഷം 4.15 വരെയാണ്. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ എറണാകുളം ബീട്ടൂർ എബനൈസർ എച്ച്.എസിലെ പി.റ്റി.എ. യും മാനേജരും കൂടി ഫയൽ ചെയ്ത റിട്ട് ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അധ്യയന വർഷം ഇരുന്നൂറ്റി ഇരുപത് പ്രവൃത്തി ദിനം വേണമെന്ന ഹർജിക്കാരന്റെ ആവശ്യത്തിന്മേൽ ചട്ടങ്ങൾ പ്രകാരം തീരുമാനമെടുക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് ബഹുമാനപ്പെട്ട കോടതി നിർദ്ദേശിച്ചിരുന്നതായി മന്ത്രി പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഹർജിക്കാരനെ കേൾക്കുകയും 2024 ഏപ്രിൽ 25-ാം തീയതിയിൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഉത്തരവ് പ്രകാരം വരും വർഷങ്ങളിൽ നിയമനാനുസൃതമായ പ്രവൃത്തി ദിനങ്ങൾ കലണ്ടറിൽ ഉൾപ്പെടുത്താമെന്ന് തീരുമാനിച്ചു. എന്നാൽ ഹർജിക്കാരൻ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു. ഇവയുടെ അടിസ്ഥാനത്തിൽ 220 പ്രവൃത്തി ദിനങ്ങൾ തികയ്ക്കുന്നതിനായി 25 ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി രണ്ടായിരത്തി ഇരുപത്തി നാല് – ഇരുപത്തിയഞ്ച് വർഷത്തിലെ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി