കർക്കിടകം പെയ്തിറങ്ങുമ്പോൾ ചരിത്രം അവശേഷിപ്പിച്ചു വിഎസ് അച്യുതാനന്ദൻ മടങ്ങി. കണ്ണേ, കരളേ വിഎസേ... മുദ്രാവാക്യവും ചരിത്രം
പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യനിദ്ര കൊള്ളുന്ന വലിയ ചുടുകാട്ടിൽ അവരുടെ നേതാവായ വിഎസും ഇനി വിപ്ലവ നക്ഷത്രമായി ചരിത്രത്തിൻറെ ഭാഗം. തുലാം മഴക്കാലത്ത് ജനിച്ചു, നൂറ്റാണ്ടിനിപ്പുറം കർക്കിടകം പെയ്തിറങ്ങുമ്പോൾ ചരിത്രം അവശേഷിപ്പിച്ചു വിഎസ് അച്യുതാനന്ദൻ മടങ്ങി.
കോരിച്ചൊരിയുന്ന പെരുമഴയത്ത് വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി, തൊണ്ട പൊട്ടുന്ന മുദ്രാവാക്യങ്ങള്‍ ബാക്കിയാക്കി ആ ചുവന്ന നക്ഷത്രം ഓര്‍മ്മയായി. പുന്നപ്രയിലെ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാട്ടില്‍ വി എസ് അച്യുതാനന്ദന് (V S Achuthanandan) എന്ന കമ്മ്യൂണിസ്റ്റ് നേതാവിന് ഇനി അന്ത്യവിശ്രമം.
ജനക്കൂട്ടത്തെ സാക്ഷിയാക്കി പുന്നപ്രയുടെ സമരനായകൻ തന്റെ പ്രിയസഖാകൾക്കൊപ്പം ചേർന്നു. പുന്നപ്ര സഖാക്കൾ ഉറങ്ങുന്ന വിപ്ലവ വീര്യം അലയടിക്കുന്ന മണ്ണിൽ, പുന്നപ്ര വയലാർ ചുടുകാട്ടിൽ വിഎസ് അച്യുതാനന്ദൻ എന്ന വിപ്ലവ സൂര്യന് അന്ത്യവിശ്രമമൊരുങ്ങി. വലിയ ചുടുകാട്ടിലെ പ്രത്യേകം തയാറാക്കിയ ചിതയിലേക്ക് രാത്രി 9.16ന് മകൻ വി.എ.അരുൺ കുമാർ അഗ്നിപകർന്നു. വിഎസിനൊപ്പം പ്രവർത്തിച്ചവർ വിഎസിന്റെ പ്രിയ സഖാക്കൾ ആ കാഴ്ചയ്ക്ക് സാക്ഷിയായി. ഒരു നൂറ്റാണ്ട് നീണ്ട ജീവിതം, അതിൽ എട്ട് പതിറ്റാണ്ട് പിന്നിട്ട പൊതുപ്രവർത്തനം, അതിലേറെയും പോരാട്ടം.
കമ്മ്യൂണിസ്റ്റ് നേതാക്കളായ ടി വി തോമസിന്റെയും പി ടി പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് നടുവിലാണ് വിഎസിനും അന്ത്യവിശ്രമ സ്ഥലമൊരുക്കിയത്. വലിയ ചുടുകാട്ടില്‍ പ്രവേശന ഗേറ്റിന്റെ ഇടതുഭാഗത്താണ് വി എസിന്റെ സംസ്കാരം നടന്നത്.
നേരത്തെ വിഎസിൻ്റെ ഭൗതിക ദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ പറവൂരിലെ വേലിക്കകത്ത് വീട്ടിൽ എത്തിയപ്പോൾ വൻ ജനാവലി ആയിരന്നു. ഇന്നലെ രാത്രിയോടെ എത്തേണ്ടിയിരുന്ന വിലാപയാത്ര ഏറെ വൈകി ബുധനാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് വീടിന് മുന്നിലെത്തിയത്. അതിനുശേഷം വിഎസിൻ്റെ മൃതദേഹം വേലിക്കകത്ത് വീട്ടിൽ നിന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്. പതിനായിരങ്ങളാണ് വിഎസിന് അന്ത്യോപചാരമർപ്പിക്കാൻ വീട്ടിലേക്കെത്തിയത്. വേലിക്കകത്ത് വീട്ടിൽ നിന്ന് പ്രവർത്തകർ തൊണ്ടയിടറി മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് വിഎസിന് യാത്രയയപ്പ് നൽകിയത്.
More read വിഎസ് സിനിമയില്‍ സമരനായകനായെത്തിയപ്പോള്
ഉച്ചകഴിഞ്ഞ് 3.30ന് വിഎസിൻ്റെ മൃതദേഹം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനെത്തിച്ചു. വൻ ജനാവലിയാണ് വിഎസിനെ അവസാന നോക്ക് കാണാൻ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിയത്.
മന്ത്രിമാരും നേതാക്കളും അടക്കം നിരവധി പേരാണ് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തുടങ്ങിയവർ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയിരുന്നു.
വൈകിട്ട് 5.12 ഡിസി ഓഫീസിലെ പൊതുദർശനം അവസാനിച്ചു. വിഎസിൻ്റെ ഭൗതിക ശരീരം ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക്. അന്ത്യോപചാരമർപ്പിക്കാൻ വൻ ജനാവലി.
ഭൗതിക ശരീരവുമായി വിലാപയാത്ര ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്. കോരിച്ചൊരിയുന്ന മഴയിലും വഴിയോരങ്ങളിൽ പ്രിയസാഖാവിനെ കാണാൻ ജനങ്ങൾ കാത്തുനിൽക്കുകയാണ്. മുഖ്യമന്ത്രി ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം തന്നെ റിക്രിയേഷൻ ഗ്രൗണ്ടിലെ പന്തലിൽ എത്തി. വൈകിട്ട് ആറു മണി.വിഎസിന്റെ ഭൗതിക ശരീരവുമായി വിലാപയാത്ര ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിലെത്തി. അവസാനമായി കാണാൻ ആയിരങ്ങൾ.
തുടർന്ന് ഔദ്യോഗിക ബഹുമതിയോടെയുള്ള യാത്രയയപ്പ്. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാൻ ഇവിടേയ്ക്കും ജനസാഗരം ഒഴുകിയെത്തി. 'കണ്ണേ കരളേ വി എസ്സേ' എന്ന മുദ്രാവാക്യം ഇവിടെയും അലയടിച്ചു. പെയ്തുതോരാത്ത മഴയെ വകവെയ്ക്കാതെ ഇവിടെയും ആളുകൾ പ്രിയ നേതാവിനായി മണിക്കൂറുകൾ കാത്തുനിന്നു. 8.15 ഓടെ വി എസിന്റെ ഭൗതിക ശരീരം റിക്രേയഷൻ റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്ന് വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോയി. ഈ സമയമത്രയും അന്തരീക്ഷത്തില്‍ 'ആര് പറഞ്ഞു മരിച്ചെന്ന്, ഞങ്ങളിലൂടെ ജീവിക്കുന്നു' എന്ന മുദ്രാവാക്യം മുഴങ്ങിക്കൊണ്ടിരുന്നു.
ഒൻപത് മണിയോടെയാണ് വി എസിന്റെ ഭൗതിക ദേഹം വലിയ ചുടുകാട്ടിലേക്ക് എത്തിച്ചത്. ഈ സമയമത്രയും വി എസിനെ കാത്ത് പങ്കാളി വസുമതിയമ്മയും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും വലിയ ചുടുകാട്ടിൽ കാത്തിരുന്നു. പ്രിയ നേതാവിന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കാൻ വലിയ ചുടുകാടിന് പുറത്തും വലിയ ജനക്കൂട്ടം അണിനിരന്നിരുന്നു. വി എസിന്റെ ഭൗതിക ദേഹം എത്തിച്ചതോടെ ജനങ്ങൾ ആർത്തിരമ്പി ഒരു കടലായിമാറി. ഒടുവിൽ ചിതയ്ക്ക് തീ കൊളുത്തി. തന്റെ പ്രിയപ്പെട്ട സഖാക്കൾക്കൊപ്പം അവരിലെ അവസാന വ്യക്തിയായി വിഎസ് ചരിത്രത്തിലെ ഭാഗം.
മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്, കെ രാജൻ, ഡോ. ആർ ബിന്ദു, കെ എൻ ബാലഗോപാൽ, പി രാജീവ്, വി എൻ വാസവൻ, പി എ മുഹമ്മദ് റിയാസ്, എം. ബി രാജേഷ്, എൻ കെ പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ എം വി ഗോവിന്ദൻ, എച്ച് സലാം, പി പി ചിത്തരഞ്ജൻ, എം എസ് അരുൺകുമാർ, യു പ്രതിഭ, വി കെ പ്രശാന്ത്, ജോബ് മൈക്കിൾ, മുൻ മന്ത്രിമാരായ എം എ ബേബി, ബിനോയ് വിശ്വം, തോമസ് ഐസക്, ജി സുധാകരൻ, ജെ മേഴ്സികുട്ടിയമ്മ, എസ് ശർമ്മ, മുൻ എംപിമാരായ ടി ജെ ആഞ്ചലോസ്, എ എം ആരിഫ്, സി എസ് സുജാത, പി കെ ബിജു, മുൻ എംഎൽഎമാരായ എം സ്വരാജ്, കെ കെ ഷാജു, സി കെ സദാശിവൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആർ നാസർ, കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു, പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ പ്രസാദ്, രാഷ്ട്രീയപാർട്ടി നേതാക്കളായ എസ് രാമചന്ദ്രൻ പിള്ള, എ വിജയരാഘവൻ, ചീഫ് സെക്രട്ടറി കെ ജയതിലക്, സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ജില്ലാ പൊലീസ് മേധാവി എം. പി മോഹന ചന്ദ്രൻ, എഡിഎം ആശാ സി എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ, കലാ-സാംസ്കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
V S Achuthanandan #CPIM