സമരങ്ങളുടെ ഭാഗമായി നിരവധി തവണ സഞ്ചരിച്ച വഴികളിലൂടെ വി.എസ്.അച്യുതാനന്ദന്റെ അന്ത്യയാത്ര. ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകൻ പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക്. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ദർബാർ ഹാളിൽനിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. 17 മണിക്കൂറിൽ 104 കിലോമീറ്റർ പിന്നിട്ടാണ് വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്.
കൊല്ലം ജില്ലയുടെ അതിർത്തി കടന്നു ആലപ്പുഴ ജില്ലയിൽ വിലാപയാത്ര പ്രവേശിക്കുമ്പോൾ രാവിലെ 7.30. ആയിരക്കണക്കിന് ആളുകളാണ് പ്രിയനേതാവിനെ അവസാനമായി കാണാൻ വഴിയരികിൽ കാത്തുനിൽക്കുന്നത്. മഴയെ പോലും അവഗണിച്ചാണ് ആളുകൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ആൾത്തിരക്കു മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്.
![]() |
പുലർച്ചെ കാർത്തികപ്പള്ളിയിൽ നിന്നുള്ള കാഴ്ച |
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം ജില്ല പിന്നിട്ടപ്പോൾ രാത്രി 12.25. തിരുവനന്തപുരം ജില്ലയുടെ അതിർത്തിയിൽ അന്ത്യാഭിവാദ്യം സ്വീകരിക്കുമ്പോൾ അതിശക്തമായ മഴ. പെരുമഴയിൽ തന്നെയാണ് കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കുന്നത് അവിടെയുള്ള മറ്റു സ്വീകരണവും.ഇരുട്ടുമുറ്റി നിന്ന രാത്രി പ്രയാസങ്ങളേറെയുണ്ടായിരുന്നിട്ടും പിന്തിരിഞ്ഞുപോകാതെ ജനക്കൂട്ടം പ്രിയ നേതാവിനെ അവസാനമായി കാണാന്‍ തടിച്ചുകൂടി നിന്നു.കോരിച്ചെരിയുന്ന മഴയിലും അവര്‍, സഖാവിന്റെ പ്രിയപ്പെട്ട മനുഷ്യര്‍, ആ വാഹനത്തിനൊപ്പമോടി. പാരിപ്പള്ളിയിലും ചാത്തന്നൂരിലും കൊട്ടിയത്തും ചിന്നക്കടയിലുമെല്ലാം പാതിരാവിനെ പകലാക്കി ആള്ക്കടലിരമ്പമുണ്ടായി. ചെറുപാതകളില്‍ നിന്ന് പലകൈവഴികളായി ഒഴുകിയെത്തി മനുഷ്യര്‍, ദേശീയപാതയിലൊരു വലിയ സമുദ്രം തീര്‍ത്തു.
More readവിഎസിനെ തലസ്ഥാനം വിട നൽകി
അണമുറിയാത്ത ജനപ്രവാഹത്തിന്റെ ഒഴുക്കില്‍ മുന്‍പ് നിശ്ചയിച്ച സമയക്രമങ്ങളെല്ലാം തെറ്റിയെങ്കിലും കൊല്ലത്തിന്റെ ഓരങ്ങളില്‍ അര്‍ദ്ധരാത്രി മുതല്‍ പുലരും നേരം വരെ വി എസ്സിനെ അവസാനമായി കാണാന്‍ കാത്തിരുന്നത് പതിനായിരങ്ങളാണ്. അച്ഛന്റെ തോളത്തേറി വി എസിനെ കാത്തുനിന്ന കുഞ്ഞുങ്ങളും തളര്‍ച്ച മറന്ന് പാതയോരങ്ങളില്‍ തമ്പടിച്ച വയോധികരും തിങ്ങിക്കൂടിയ സ്ത്രീകളും വൈകാരിക കാഴ്ചയായി. തിരുവനന്തപുരം പിന്നിട്ടിട്ട് അഞ്ച് മണിക്കൂറിലേറെയായെങ്കിലും വഴിയിലൊരിടത്തും ജനപ്രവാഹം നിലച്ചിട്ടില്ല. പാരിപ്പള്ളിയില്‍ മഴനനഞ്ഞ് പ്രിയനേതാവിനെ കാത്തുനിന്ന സാധാരണ മനുഷ്യരും കാവനാട്ടും ചിന്നക്കടയിലും തടിച്ചുകൂടിയ ജനങ്ങളും വി എസ് മലയാളിക്ക് ആരെന്ന് അടയാളപ്പെടുത്തി. വിലാപയാത്ര ചവറയില്‍ എത്തിയപ്പോള്‍ അതൊരു ജനമഹാസാഗരമായി.
വി എസുമായി ഏറെ വൈകാരിക ബന്ധമുള്ള നാടായ കൊല്ലത്തേക്ക് വിലാപയാത്ര പ്രവേശിച്ചപ്പോള്‍ നേരം അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വന്‍ജനാവലിയാണ് കണ്ണേ.. കരളേ വി എസ്സേ എന്ന് മുദ്രാവാക്യം മുഴക്കി കാത്തുനിന്നത്. കനത്ത മഴ കണ്ടില്ലെന്ന് വച്ച് വി എസ്സിനെ വഹിച്ചുകൊണ്ടുള്ള വാഹനത്തില്‍ ഒരു വട്ടമെങ്കിലും തൊടാന്‍, പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കെങ്കിലും കാണാന്‍ കണ്ണീരൊഴുക്കി ജനസഞ്ചയം കാത്തുനില്ക്കുന്ന കാഴ്ച മലയാളിക്ക് ആരാണ് വി എസ്സ് എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു. ‘പോരാളികളുടെ പോരാളീ… ആരുപറഞ്ഞു മരിച്ചെന്ന് ‘ തൊണ്ടപൊട്ടുമാറ് വിളിച്ച് ജനങ്ങള്‍ പ്രിയപ്പെട്ട നേതാവിന്റെ അമരത്വം വീണ്ടും വീണ്ടും പാടിയുറപ്പിക്കുന്നത് വൈകാരിക കാഴ്ചയായി.
#VSACHUTHANANDAN #Alappuzha #CPIM