ഈ കല്ല് വീടിന്റെ മേൽക്കൂരയും സീലിങ്ങും തറയും തുളച്ച് നാശനഷ്ടം ഉണ്ടാക്കിയിരുന്നു
മാസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ അറ്റ്ലാന്റയിലെ ജോര്‍ജിയയില്‍ വീട്ടില്‍ പതിച്ച ഉല്‍ക്കാശിലയ്ക്ക് ഭൂമിയേക്കാള്‍ പഴക്കമെന്ന് പഠനം. 2025 ജൂണിൽ തെക്കുകിഴക്കൻ യുഎസിന്റെ (US) ആകാശത്ത് പകൽ വെളിച്ചത്തിൽ ഒരു വലിയ fireball (അഗ്നിഗോളം) ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു, ആ സമയത്ത് സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ ഡാഷ്ബോർഡിലെ ക്യാമറകളിലും ഈ ദൃശ്യം പതിഞ്ഞിരുന്നു.
അമേരിക്കൻ മീറ്റിയോർ സൊസൈറ്റിക്കും ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ലഭിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ജൂൺ അവസാനത്തിൽ സംഭവിക്കാറുള്ള ആകാശ പ്രതിഭാസമായ ബൂട്ടിഡ്സ് ഉൽക്കാവർഷത്തിന്റെ (annual Bootid meteor shower) ഭാഗമാണിതെന്ന് നാസ സ്ഥിരീകരിച്ചു.
കഴിഞ്ഞ ജൂണ്‍ 27ന് പട്ടാപകലാണ് ആകാശത്ത് അഗ്നിഗോളമായി ഉല്‍ക്കാശില (meteorite) ഭൂമിയില്‍ പതിച്ചത്. അമേരിക്കയുടെ തെക്കുകിഴക്കൻ മേഖലയിലെല്ലാം ഈ കാഴ്ച ദൃശ്യമായിരുന്നു. പകല്‍സമയത്തേക്കാള്‍ രാത്രിയിൽ ഇത്തരം ഫയർബോളുകൾ കാണാൻ എളുപ്പമാണ്. പകൽ സമയത്ത് ദൃശ്യമാകണമെങ്കിൽ അവ കൂടുതൽ തിളക്കമുള്ളതായിരിക്കണം, പകൽ വെളിച്ചത്തിൽ കാണത്തക്കവിധം തിളക്കമുള്ളതായിരുന്നു ഈ അഗ്നിഗോളവും.
പട്ടാപ്പകൽ ആകാശത്ത് അഗ്നിഗോളം നീങ്ങുന്നതായി കണ്ട ഏകദേശം ഇതേസമയത്തുതന്നെ ജോർജിയയിലെ ഹെന്റി കൗണ്ടിയിലെ ഒരു വീടിന്റെ സീലിങ് തകർത്ത് ഒരു കല്ല് പതിച്ചതായി റിപ്പോർട്ട് പുറത്തുവന്നു. ഈ കല്ല് വീടിന്റെ മേൽക്കൂരയും സീലിങ്ങും തറയും തുളച്ച് നാശനഷ്ടം ഉണ്ടാക്കിയിരുന്നു. തുടർന്ന് നടത്തിയ പഠനത്തിലാണ് ജോർജിയയിലെ വീട്ടിൽ പതിച്ച ഉൽക്കാശില 456 കോടി (4.56 billion) വർഷം പഴക്കമുള്ളതാണെന്ന് കണ്ടെത്തിയത്.
ജോർജിയ സർവകലാശാലയിലെ ഗവേഷകരാണ് ഈ അന്യഗ്രഹ ശിലയുടെ കഷ്ണങ്ങൾ വിശകലനം ചെയ്ത് അതിനെ തരംതിരിക്കുകയും ഉത്ഭവം കണ്ടെത്തുകയും ചെയ്തത്. ഉൽക്കശിലയുടെ 23 ഗ്രാം മാത്രം പഠന വിധേയമാക്കിയപ്പോഴാണ് 456 കോടി വർഷങ്ങൾക്ക് മുമ്പ് രൂപംകൊണ്ട ഈ ഉൽക്കാശില ഭൂമിയേക്കാൾ ഏകദേശം 2 കോടി വർഷം പഴക്കമുള്ളതാണെന്ന് അവരുടെ വിശകലനത്തിൽ വ്യക്തമായതായി സയൻസ് അലർട്ട് റിപ്പോർട്ട് ചെയ്തു. മേൽക്കൂര തകർത്ത് വീടിന് അകത്തു കയറിയ ഉൽക്കാശിലാ കാരണം കാര്യമായ നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു.
ജോർജിയ യൂണിവേഴ്സിറ്റിയിലെ പ്ലാനറ്ററി ജിയോളജിസ്റ്റായ സ്കോട്ട് ഹാരിസ് ഉൽക്കാശിലയുടെ കഷ്ണങ്ങൾ മൈക്രോസ്കോപ്പുകളിലൂടെ പരിശോധിക്കുകയും ഭൂമിയുടെ കണക്കാക്കപ്പെട്ട പ്രായമായ 4.54 billion (454 കോടി) വർഷങ്ങളെക്കാൾ പഴക്കമുള്ളതും 456 കോടി വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതുമായ ഉൽക്കയിൽ നിന്നുള്ളതാണ് ഇവയെന്ന് നിർണ്ണയിക്കുകയും ചെയ്തത്. ഭൂമിയെക്കാൾ നീണ്ട ചരിത്രം കണ്ടെത്തിയ ഉൽക്കശിലയ്ക്ക് ഉള്ളതുകൊണ്ട് അത് പൂർണ്ണമായി മനസ്സിലാക്കാനും ഏത് ഛിന്നഗ്രഹങ്ങളില്‍ നിന്ന് ഉത്ഭവിച്ചതാണെന്നറിയാനും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.
#science #meteorite