വയനാട് ചേകാടി ഗവൺമെന്റ് എൽ പി സ്കൂളിൽ രാവിലെ ക്ലാസ് തുടങ്ങി. പതിവില്ലാതെ അവിടേക്ക് ഒരു അതിഥിയും എത്തി, ആരാണെന്ന് അല്ലേ ? ഒരു ചെറിയ ആനക്കുട്ടി. കുറുമ്പും സ്നേഹവും എല്ലാം നിറച്ച് അവൻ ആ സ്കൂൾ അങ്കണത്തിലും വരാന്തയിലും ഒക്കെ ഓടി നടക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും വൈറലായി മാറിയിട്ടുണ്ട്. സ്കൂളിലെ കുട്ടികൾ ഊരിയിട്ട ചെരുപ്പെടുത്ത് ആനക്കുട്ടി കളിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
പ്രീ-പ്രൈമറി ക്ലാസുകളും ഉൾപ്പെടുന്ന ഗവൺമെന്റ് എൽപി സ്കൂൾ ചേകാടിയിൽ ഏകദേശം 115 വിദ്യാർത്ഥികളുണ്ട്. ഒരു ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സ്കൂളിൽ ആനകളുടെ സാന്നിധ്യം അപരിചിതമല്ല, സൂര്യാസ്തമയത്തിനുശേഷം പലപ്പോഴും ആനക്കൂട്ടങ്ങൾ കടന്നുപോകാറുണ്ട്. എന്നാൽ ഒരു ഒറ്റപ്പെട്ട ആനക്കുട്ടി കോമ്പൗണ്ടിലേക്ക് അലഞ്ഞുതിരിയുന്നത് ഇതാദ്യമാണെന്ന് അധ്യാപകർ പറഞ്ഞു.
സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ പിടികൂടുകയായിരുന്നു. ആ സമയം ‘കൊണ്ടുപോകേണ്ട…’ എന്നായിരുന്നു കുട്ടികളുടെ അഭ്യർത്ഥന. കാട്ടിലേക്ക് തന്നെ ആനക്കുട്ടിയെ തിരികെ അയച്ചു.