കേരളത്തിലെ ആദ്യ ജൈവ തേൻ ഗ്രാമമാണ് ഇടുക്കി തൊടുപുഴയ്ക്ക് അടുത്തുള്ള ഉടുമ്പന്നൂർ. ഉടുമ്പന്നൂർ സബ്സിഡി നൽകി 250 വീടുകളിൽ ചെറുതേൻ കൃഷി വ്യാപിപിച്ച് പദ്ധതി വിജയിപ്പിച്ചിരിക്കുകയാണ് പഞ്ചായത്ത് . പഞ്ചായത്തിന്റെ ലേബലോടുകൂടി മധുരമൂറുന്ന ഉടുമ്പന്നൂർ ഹണി കർഷകർ നേരിട്ടാണ് ആവശ്യക്കാർക്ക് വിൽക്കുന്നത് . കർഷക ദിനമായ ചിങ്ങം ഒന്നിന് തേൻ വിപണിയിൽ എത്തി.
2021ലാണ് ഉടുമ്പന്നൂർ പഞ്ചായത്ത് ഭരണസമിതി കർഷകർക്ക് സബ്സിഡി നിരക്കിൽ ചെറുതേൻ കൃഷിക്കുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒപ്പം സൗജന്യ പരിശീലനവും . പദ്ധതി വലിയ വിജയമായി മാറി. ജൈവ തേൻ ഗ്രാമത്തിൻ്റെ തനിമ നിലനിർത്തുന്നതിനായാണ് ഉടുമ്പന്നൂർ പഞ്ചായത്ത് പദ്ധതി ഒരുക്കിയത്. 2,000 രൂപ ചെറുതേൻപെട്ടി , 1000 രൂപ നിരക്കിലാണ് കർഷകർക്ക് പഞ്ചായത്ത് വിതരണം ചെയ്യുന്നത്. വിവിധ ഇനം തേനുകളിൽ ഏറ്റവും ഔഷധ ഗുണമുള്ളതായി കണക്കാക്കപ്പെടുന്നതാണ് ചെറുതേൻ.
400 ഗ്രാം ചെറുതേനിന് 1000 രൂപ നിരക്കിലാണ് കർഷകർ ആവശ്യക്കാർക്ക് നേരിട്ട് നൽകുന്നത്. ഗുണമേന്മ ഉറപ്പുവരുത്താൻ ഹോർട്ടികോർപ്പിന്റെ സർട്ടിഫിക്കറ്റോട് കൂടിയാണ് വിതരണം . ഒരു പെട്ടിയിൽനിന്ന് ശരാശരി 400 ഗ്രാം മുതൽ 750 ഗ്രാം വരെ ചെറുതേൻ ലഭിക്കും. തുടക്കത്തിൽ 400 ഗ്രാം ചില്ല് കുപ്പിയിൽ പായ്ക്ക് ചെയ്താണ് വിപണനം. തുടർന്ന് 250, 800 ഗ്രാം കുപ്പികളിലും എത്തിക്കും.ചെറിയ രീതിയിൽ കൃഷി ആരംഭിച്ച പല കർഷകരും ഇന്ന് ഉടുമ്പന്നൂർ പഞ്ചായത്തിൽ ചെറുതേൻ കൃഷി വ്യാപിപ്പിച്ചിരിക്കുകയാണ്.