പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലെ അപൂർവയിനം തുമ്പിയുടെ സാന്നിധ്യം ഗവേഷകർ മൂന്നാറിൽ സ്ഥിരീകരിച്ചു.കാട്ടുചോലത്തുമ്പി (ക്രോക്കോത്തെമിസ് എറിത്രിയ - CROCOTHEMIS ERITREA) യെയാണ് മൂന്നാറിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും ഗവേഷകർ കണ്ടെത്തിയത്.
സാധാരണയായി ഈ തുമ്പിയെ കണ്ടുവരുന്നത് ആഫ്രിക്ക, മെഡിറ്ററേനിയൻ മേഖല, ഏഷ്യയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ്. പശ്ചിമഘട്ടത്തിൽ ഉയർന്ന പ്രദേശങ്ങളിൽ ഇവയുടെ സാന്നിധ്യം പരിമിതമായി കണ്ടിരുന്നെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ക്രോക്കോതമസ് സെർവില്ലിയ (വയൽത്തുമ്പി) ആണെന്നാണ് ഇതുവരെ ശാസ്ത്രലോകം ധരിച്ചിരുന്നത്. 2019 മുതൽ ശരീരനിറം, ചിറകിലെ ശിരാവിന്യാസം, ആവാസവ്യവസ്ഥയിലെ വ്യത്യാസങ്ങൾ തുടങ്ങിയ സൂക്ഷ്മ സവിശേഷതകളിലെ പഠനത്തോടെയാണ് ഉയർന്ന, തണുപ്പുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ തുമ്പിയെ പശ്ചിമഘട്ടത്തിലും തിരിച്ചറിഞ്ഞത്. പഠന റിപ്പോർട്ട് ശാസ്ത്ര ജേർണലായ എന്റോമോണിൽ പ്രസിദ്ധീകരിച്ചു.
ചിന്നാർ, പാമ്പാടുംചോല, ആനമുടിചോല, രാജകുമാരി, വാഗമൺ, പറമ്പിക്കുളം എന്നിവ ഉൾപ്പെടുന്ന കേരളത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ഈ തുമ്പിയെ ഡോ. കലേഷ് സദാശിവൻ, ബൈജു കെ (ടിഎൻഎച്ച്എസ് -തിരുവനന്തപുരം), ഡോ. ജാഫർ പാലോട്ട് (സുവോളോജിക്കൽ സർവെ ഓഫ് ഇന്ത്യ -കോഴിക്കോട്), ഡോ. എബ്രഹാം സാമുവൽ (ടിഐഇഎസ്, കോട്ടയം), വിനയൻ പി നായർ (അൽഫോൻസാ കോളേജ്, പാലാ) എന്നിവരടങ്ങിയ പഠനസംഘം കണ്ടിട്ടുണ്ട്. ഐസ് ഏജ് കാലത്ത് യൂറോപ്പും ഏഷ്യയും ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള സമശീതോഷ്ണ ജീവികൾ തെക്കോട്ട് കുടിയേറിയിരുന്നു. ഈ തുമ്പിയും അവയിൽപ്പെട്ടതാണെന്ന് കരുതുന്നതായി പഠനത്തിന് നേതൃത്വംനൽകിയ കലേഷ് സദാശിവൻ പറയുന്നു. ഇന്ത്യയിൽ ഹിമാലയത്തിലും പശ്ചിമഘട്ടത്തിലും ഈ കണ്ടെത്തൽ ഓടെ ഹിമയുഗ തുമ്പിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
